തിരയുക

കഴിഞ്ഞ വർഷം  നടന്ന വിരുന്നു കഴിഞ്ഞ വർഷം നടന്ന വിരുന്നു   (@Vatican Media)

നിർധനരായ സഹോദരങ്ങൾക്ക് സ്നേഹത്തിന്റെ ഭോജനമൊരുക്കി ലിയോ പതിനാലാമൻ പാപ്പാ

റോം രൂപതയുടെ അതിർത്തിക്കുള്ളിൽ, വിവിധ കത്തോലിക്കാ സഭാകൂട്ടായ്‍മയുടെ സേവനം സ്വീകരിക്കുന്ന, നിർധനരായ സഹോദരങ്ങൾക്കൊപ്പം, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ മാസം പതിനൊന്നാം തീയതി ഉച്ചഭക്ഷണം കഴിക്കും.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പാപ്പായുടെ വേനൽ കാലവസതിയായ കാസൽ ഗന്ധോൽഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽ വച്ച്,  റോം രൂപതയിലെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഇരുനൂറോളം വ്യക്തികൾക്കായി, ജൂലൈ മാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച. ലിയോ പതിനാലാമൻ പാപ്പ വിരുന്നൊരുക്കുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യും. സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വലിയൊരു സാക്ഷ്യമായി എക്കാലവും മാറിയിട്ടുള്ളതാണ്, പാപ്പയ്‌ക്കൊപ്പമുള്ള ഈ ഉച്ചഭക്ഷണം പരിപാടി.

സൃഷ്ടിയുടെ സംരക്ഷണം, പ്രത്യേക പ്രമേയമാക്കിക്കൊണ്ട്, വിശുദ്ധ കുർബാനയോടെയാണ് വിരുന്നു ആരംഭിക്കുന്നത്. തുടർന്ന് ബോർഗോ ലൗദാത്തോ സിയിലെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള സന്ദർശനവും വിശ്രമവും നടക്കും. പരിപാടിയുടെ ഏറ്റവും പ്രധാന ഭാഗം ലിയോ പതിനാലാമൻ പാപ്പയോടൊപ്പമുള്ള ഉച്ചഭക്ഷണമാണ്.  ദാരിദ്ര്യം അനുഭവിക്കുന്നവർ, അഭയാർത്ഥികൾ, കുടിയേറ്റക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഈ വിരുന്നിൽ അതിഥികളായി എത്തുന്നത്.

2025 ഓഗസ്റ്റ് 17-ന് അൽബാനോ രൂപതയിലെ പാവപ്പെട്ടവർക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ  നടത്തിയ വിരുന്നു, ഏവർക്കും സന്തോഷത്തിന്റെ അനുഭവം പ്രദാനം ചെയ്തതിൽ നിന്നുമാണ്,  ഇത്തരമൊരു വാർഷിക പരിപാടിക്ക് രൂപം നൽകിയത്. 'സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ലൗദാത്തോ സി'യുടെ നേതൃത്വത്തിൽ എല്ലാ വർഷവും വ്യത്യസ്ത രൂപതകളിൽ നിന്നുള്ള നിർധനരായ ആളുകളെ ഉൾപ്പെടുത്തി ഈ സംഗമം സംഘടിപ്പിക്കും. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനും പരിശുദ്ധ പിതാവുമായി സമയം ചെലവഴിക്കാനും ഇതിലൂടെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സഹോദരങ്ങൾക്ക്   അവസരം ലഭിക്കുന്നു.

ഈ വർഷത്തെ പരിപാടി റോം രൂപത, കാരുണ്യ സേവനങ്ങൾക്കായുള്ള ഡിക്കസ്റ്ററി, ലൗദാത്തോ സി സെന്റർ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നടക്കുന്നത്. "സൃഷ്ടിയുടെ പരിപാലനവും മനുഷ്യരോടുള്ള കരുതലും ഒരേ ദൗത്യത്തിന്റെ ഭാഗമാണെന്ന്" ലൗദാത്തോ സി സെന്റർ ഡയറക്ടർ ജനറൽ കർദിനാൾ  ഫാബിയോ ബാജോ പറഞ്ഞു. പാവപ്പെട്ടവരുടെ അരികിലേക്ക് എത്തുന്ന പാപ്പയുടെ ഈ നടപടി സഭയുടെ അടിസ്ഥാന ദൗത്യമാണെന്ന് കർദിനാൾ ബാൽദസാരെ റെയ്‌നയും ബിഷപ്പ് ലൂയിസ് മറിൻ ദി സാൻ മാർട്ടിനും വ്യക്തമാക്കി.

ദാരിദ്ര്യത്തിലോ സാമൂഹികമായ തടസ്സങ്ങളിലോ കഴിയുന്നവർക്ക് സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് തിരികെ വരാനുള്ള അവസരമാണ് ഇത്തരം സംരംഭങ്ങൾ നൽകുന്നത്. ലിയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ വിരുന്ന്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും ക്രൈസ്തവമായ സാഹോദര്യത്തെയുമാണ് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ജൂലൈ 2026, 10:28