കൊളംബാനസ് ദിനാചരണവുമായി ബന്ധപ്പെട്ട് സമാധാനത്തിനും ഐക്യത്തിനും ആഹ്വാനമേകി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സമാധാനത്തിനും ഐക്യത്തിനും ആഹ്വാനവുമായി കൊളംബാനസ് ദിനത്തിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിലെ ലോദിയിൽ ജൂലൈ 4-5 തീയതികളിലായി നടന്ന ഇരുപത്തിയേഴാമത് കൊളംബാനസ് ദിനാചരണത്തോടനുബന്ധിച്ച്, ലോദി രൂപതാധ്യക്ഷന് ജൂലൈ രണ്ടാം തീയതി വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയത്രോ പരൊളീൻ ഒപ്പിട്ടയച്ച ഒരു സന്ദേശത്തിലൂടേയാണ്, ഇത്തരമൊരു ആഹ്വാനവും, വിശുദ്ധന്റെ പ്രാർത്ഥനാശംസകളും പരിശുദ്ധ പിതാവ് നൽകിയത്.
വിശുദ്ധ കൊളംബാനോസിന്റെ ആത്മീയ പാരമ്പര്യവും യൂറോപ്യൻ സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വർഷങ്ങളായി ഈ സംരംഭം തുടരുന്നതിനെ അഭിനന്ദിച്ച പാപ്പാ, വിവിധ രാജ്യങ്ങളിൽനിന്നും ഭാഷകളിൽനിന്നുമുള്ള വിശ്വാസികളെയും സമൂഹങ്ങളെയും ഒരുമിച്ച് കൂട്ടാനും ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഈ ദിനാചരണം സഹായിക്കുന്നതാണെന്ന് വ്യക്തമാക്കി.
ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് അസമാധാനമെന്നത് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ വിശുദ്ധ കൊളംബാനോസ് മുന്നോട്ടുവയ്ക്കുന്ന മാനസാന്തരത്തിന്റെയും എളിമയുടെയും മാതൃക പിന്തുടരാമെന്ന് ആഹ്വാനം ചെയ്തു.
പരസ്പരം കുറ്റപ്പെടുത്തുന്നതിനുപകരം ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുമ്പോഴാണ് യഥാർത്ഥ അനുരഞ്ജനവും സമാധാനവും സാധ്യമാകുന്നതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയ പരിശുദ്ധ പിതാവ്, യഥാർത്ഥ ഐക്യം വളർത്താനും, ശത്രുതകൾ അവസാനിക്കാനും യഥാർത്ഥ ദൈവകരുണയുടെ ആവശ്യമുണ്ടെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചിരുന്നു.
അടുത്തിടെ വിശുദ്ധ ഫ്രഞ്ചേസ്‌ക സാവേരിയോ കബ്രീനിയുടെ സ്മരണകളുറങ്ങുന്ന ലൊദിഞ്ഞാനോയിൽ താൻ നടത്തിയ സന്ദർശനം പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. കൊളംബാനസ് ദിനാചരണത്തിൽ പങ്കെടുത്ത എല്ലാവർക്കും പാപ്പാ തന്റെ അപ്പസ്തോലിക ആശീർവാദം നേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
