തിരയുക

വിശുദ്ധ കുർബാന വേളയിൽ പാപ്പാ വിശുദ്ധ കുർബാന വേളയിൽ പാപ്പാ   (@Vatican Media)

സ്നേഹം സാതന്ത്ര്യത്തിലും, സ്വാതന്ത്ര്യം തീരുമാനങ്ങളിലും നിലനിൽക്കുന്നു: ലാംബെദൂസയിൽ പാപ്പാ

മെഡിറ്ററേനിയൻ കടൽ കടക്കുന്ന കുടിയേറ്റക്കാർക്കുള്ള പ്രധാന പ്രവേശന കവാടമായ, ഇറ്റലിയിലെ ലാംബെദൂസയിലേക്ക്, ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ മാസം നാലാം തീയതി അജപാലന സന്ദർശനം നടത്തി. തദവസരത്തിൽ, വിശുദ്ധ ബലിയർപ്പിച്ച്, വചന സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2013 ജൂലൈ 8 ന്, ഫ്രാൻസിസ് പാപ്പാ,  പത്രോസിന്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചിട്ട്, ആദ്യം അജപാലനസന്ദർശനം നടത്തിയ ലാംബെദൂസയിൽ, തനിക്കും, വരാനും, സന്ദർശിക്കുവാനും സാധിച്ചതിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ്,  പാപ്പാ, വിശുദ്ധ കുർബാന മധ്യേയുള്ള വചന സന്ദേശം ആരംഭിച്ചത്.

മെഡിറ്ററേനിയൻ കടലിനും, അപ്പസ്തോലന്മാരുടെ പ്രേഷിതപ്രവർത്തനത്തിനുമുള്ള ബന്ധം എടുത്തു പറഞ്ഞ പാപ്പാ,  ആളുകൾ കണ്ടുമുട്ടുന്നിടത്തും,  പരസ്പരം സ്വാഗതം ചെയ്യുന്നിടത്തും,  അവരുടെ ജീവിത കഥകൾ പരസ്പരം ഇഴചേർന്നുകിടക്കുന്നിടത്തും, വ്യത്യസ്ത സംസ്കാരങ്ങൾ സംഭാഷണത്തിലേക്ക് പ്രവേശിക്കുന്നിടത്തുമാണ്  സുവിശേഷം പ്രതിധ്വനിക്കുന്നതെന്നു കൂട്ടിച്ചേർത്തു. 

ജറുസലേമിൽ നിന്നും, ജെറീക്കോയിലേക്കുള്ള അപകടം നിറഞ്ഞ യാത്ര പോലെയാണ്, ഇന്ന് ലാംബെദൂസയും, ലിനോസയും  എന്ന് പറഞ്ഞ പാപ്പാ, പ്രതീക്ഷിച്ചിടത്ത് എത്തിച്ചേരാൻ കഴിയാത്ത നിരവധിയാളുകളുടെ സാന്നിധ്യം ഇന്ന് ഇവിടെ അനുഭവിക്കുവാൻ സാധിക്കുന്നുവെന്നും അടിവരയിട്ടു.

പാപ്പായെ  സ്വീകരിക്കുന്ന ആളുകൾ
പാപ്പായെ സ്വീകരിക്കുന്ന ആളുകൾ

ലാംബെദൂസയിലെ ജനങ്ങൾ കുടിയേറ്റക്കാരോട് കാണിക്കുന്ന അസാധാരണമായ കാരുണ്യത്തെ 'ഹൃദയത്തിന്റെ വിപ്ലവം' എന്ന് വിശേഷിപ്പിച്ച പാപ്പാ, ദുരന്തമുഖത്ത് സ്നേഹം എങ്ങനെ സംഘടിതമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ദ്വീപെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഈ സേവനത്തിൽ,  സന്നദ്ധ പ്രവർത്തകർ, കോസ്റ്റ് ഗാർഡ്, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവർക്ക് പാപ്പാ  നന്ദി പറഞ്ഞു. കടലിൽ പൊലിയുന്ന ജീവനുകൾ കേവലം അപകടങ്ങളല്ലെന്നും, മറിച്ച് ലോകത്തിന്റെ നിസ്സംഗതയുടെയും തെറ്റായ തീരുമാനങ്ങളുടെയും ഇരകളാണെന്നും പറഞ്ഞ പാപ്പാ, സുവിശേഷത്തിലെ 'നല്ല സമരിയക്കാരന്റെ' ഉപമയെ മുൻനിർത്തി, സഹോദരന്റെ വേദന കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു കടന്നുപോകുന്ന ആധുനിക ലോകത്തിന്റെ മനോഭാവത്തെ  രൂക്ഷമായി വിമർശിച്ചു.

കുടിയേറ്റ പ്രതിസന്ധിയെ കേവലം ഒരു അടിയന്തര സാഹചര്യമായി കാണുന്നതിന് പകരം, ദീർഘകാലാടിസ്ഥാനത്തിലുള്ള കൃത്യമായ നയങ്ങളിലൂടെ ഇതിനെ നേരിടാൻ യൂറോപ്പ് തയ്യാറാകണമെന്ന് പാപ്പാ  ആഹ്വാനം ചെയ്തു. "സ്നേഹത്തിന്റെ സംസ്കാരം"കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനും ഭരണകൂടത്തിനുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാരെ സ്വീകരിക്കാനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന്റെ ഭാഗമായി അവരെ സംയോജിപ്പിക്കാനും കഴിയുന്ന ഒരു പദ്ധതിയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആരും ദാരിദ്ര്യം മൂലമോ അഴിമതി മൂലമോ സ്വന്തം നാട് വിട്ടുപോകാൻ നിർബന്ധിതരാകാത്ത സാഹചര്യം ഒരുക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സന്ദർശന വേളയിൽ പാപ്പാ
സന്ദർശന വേളയിൽ പാപ്പാ   (Afp or licensors)

സ്നേഹം എപ്പോഴും സ്വാതന്ത്ര്യത്തിലാണ്, ആ സ്വാതന്ത്ര്യം തീരുമാനങ്ങളിലാണ് അടങ്ങിയിരിക്കുന്നതെന്നു പാപ്പാ ഉദ്ബോധിപ്പിച്ചുകൊണ്ട്, പൊതുനന്മയോടുള്ള താല്പര്യമില്ലായ്മയും അഴിമതിയും, ദാരിദ്ര്യവും പാർശ്വവൽക്കരണവും സൃഷ്ടിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയും, മുൻവിധികളെയും അവജ്ഞയെയും പോഷിപ്പിക്കുന്ന ഭയവും, ഇത്തരം പ്രശ്നങ്ങൾ നമ്മെ ബാധിക്കുന്നില്ല എന്ന ചിന്തയും, മറ്റുള്ളവരുടെ ദുരന്തത്തിൽ ലാഭം കൊയ്യുന്ന കുറ്റവാളികളുടെ കണക്കുകൂട്ടലുകളും, വെറുമൊരു അടിയന്തര ഘട്ട പരിഹാരത്തിൽ നിന്ന് സുസ്ഥിരവും പങ്കാളിത്തമുള്ളതുമായ നയരൂപീകരണത്തിലേക്കുള്ള മന്ദഗതിയിലുള്ള മാറ്റവുമെല്ലാം, മറുവശത്തുകൂടി കടന്നുപോകുവാനുള്ള നമ്മുടെ തിടുക്കത്തെയാണ് കാണിക്കുന്നതെന്നു പാപ്പാ പറഞ്ഞു.

പാപ്പാ വിശുദ്ധ ബലി അർപ്പിക്കുന്നു
പാപ്പാ വിശുദ്ധ ബലി അർപ്പിക്കുന്നു   (@Vatican Media)

വിശ്വാസത്തിന് അതിരുകളില്ല, മറിച്ച് അത് രക്ഷയിലേക്കുള്ള സാർവത്രിക വിളിയാണ്. വേർതിരിവിന്റെ മതിലുകൾ എവിടെയെല്ലാം ഉണ്ടായിരുന്നുവോ അവയെയെല്ലാം തകർത്തവനാണ് ക്രിസ്തു എന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദ്വീപിലെ വിനോദസഞ്ചാരവും കുടിയേറ്റക്കാരുടെ ദുരിതങ്ങളും തമ്മിൽ ഒരു അദൃശ്യമായ മതിൽ ഉണ്ടാകരുതെന്ന് ലാംപെദൂസയിലെ ജനങ്ങളോട് പാപ്പാ  അഭ്യർത്ഥിച്ചു.

പാപ്പാ വിശുദ്ധ ബലി മദ്ധ്യേ സന്ദേശം നൽകുന്നു
പാപ്പാ വിശുദ്ധ ബലി മദ്ധ്യേ സന്ദേശം നൽകുന്നു   (@Vatican Media)

ഇവിടെ വിശ്രമിക്കാനെത്തുന്നവർ ഈ മണ്ണിലെ കാരുണ്യത്തിന്റെ പാഠങ്ങൾ കൂടി ഉൾക്കൊള്ളുമ്പോഴാണ് യഥാർത്ഥ മാനവികത ഉണ്ടാകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഷ്ടപ്പാടുകൾക്കിടയിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം, ജീവിതം ഒരു കടൽയാത്രയാണെന്നും ദൈവം എല്ലാവർക്കും സുരക്ഷിതമായ ഒരു തുറമുഖമാണെന്നും പറഞ്ഞു. ലാംപെഡൂസക്കാരുടെ പരമ്പരാഗത അഭിവാദ്യമായ "ഒ-ഷാ" (O'scià) എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.  "എന്റെ ശ്വാസം" എന്നാണ് ഇത് അർത്ഥമാക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

04 ജൂലൈ 2026, 11:55