ലിയോ പതിനാലാമൻ പാപ്പാ: കാസ്റ്റെൽ ഗാന്തോൾഫോയിൽയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പാ: കാസ്റ്റെൽ ഗാന്തോൾഫോയിൽയിൽനിന്നുള്ള ഒരു ചിത്രം  (ANSA)

പ്രാർത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമൻ പാപ്പാ കാസ്റ്റെൽ ഗാന്തോൾഫോയിലെത്തി

വേനൽക്കാലത്തെ പതിവുപോലെ, പ്രാർത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെൽ ഗാന്തോൾഫോയിൽ. ജൂലൈ 5 മുതൽ 27 വരെ ലിയോ പതിനാലാമൻ പാപ്പാ തന്റെ വേനൽക്കാല വസതിയിലായിരിക്കുമെന്ന് പേപ്പൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ അറിയിച്ചു. ഈ കാലയളവിൽ പരിശുദ്ധ പിതാവ് പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങളും മറ്റു സ്വകാര്യ കൂടിക്കാഴ്ചകളും അനുവദിക്കില്ല. എന്നാൽ ഞായറാഴ്ചകളിൽ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുന്ന അവസരത്തിൽ വിശ്വാസികൾക്ക് പരിശുദ്ധ പിതാവിനെ കാണാൻ അവസരമുണ്ടായിരിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിൽ വേനൽക്കാലത്ത് തന്റെ മുൻഗാമികളായ പാപ്പാമാർ തുടർന്നിരുന്ന പതിവുപോലെ, പ്രാർത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെൽ ഗാന്തോൾഫോയിലേക്ക് പോയി. ജൂലൈ 5 മുതൽ 27 വരെ ലിയോ പതിനാലാമൻ പാപ്പാ ഇവിടെ ചിലവഴിക്കുമെന്ന്, ഇതുസംബന്ധിച്ച് ജൂലൈ അഞ്ചാം തീയതി പുറത്തുവിട്ട ഒരു കുറിപ്പിലൂടെ പേപ്പൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ അറിയിച്ചു. ഈ കാലയളവിൽ പരിശുദ്ധ പിതാവ് പൊതുകൂടിക്കാഴ്ചാ സമ്മേളനങ്ങളും മറ്റു സ്വകാര്യ കൂടിക്കാഴ്ചകളും അനുവദിക്കില്ലെന്നും പ്രീഫെക്ച്ചർ വ്യക്തമാക്കി.

അതേസമയം, വത്തിക്കാനിലുണ്ടായിരുന്ന പതിവ് തുടർന്നുകൊണ്ട്, ഞായറാഴ്ചകളിൽ പാപ്പാ വിശ്വാസികൾക്കൊപ്പം ത്രികാലജപപ്രാർത്ഥന നയിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. കാസ്റ്റെൽ ഗാന്തോൾഫോയിലെ പിയാത്സ ദെല്ല ലിബേർത്ത എന്ന ചത്വരത്തിൽ വച്ച് നടത്തുന്ന ഈ പ്രാർത്ഥനയുടെ അവസരത്തിൽ വിശ്വാസികൾക്ക് പരിശുദ്ധ പിതാവിനെ കാണാൻ അവസരമുണ്ടായിരിക്കും. കഴിഞ്ഞ വർഷവും പാപ്പാ ഈ ഭവനത്തിൽ വിശ്രമിക്കാനെത്തിയിരുന്നു.

ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ചശേഷം വൈകുന്നേരത്തോടെ തന്റെ വേനൽക്കാലവസതിയിലേക്ക് യാത്രയായ പാപ്പാ, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെ അഭിവാദ്യം തന്റെ ഭവനത്തിന്റെ ജാലകത്തിൽനിന്നുകൊണ്ട് ചെയ്തു. ജൂലൈ 27-ന് പാപ്പാ തിരികെ വത്തിക്കാനിലേക്ക് മടങ്ങും.

ബോർഗോ ലൗദാത്തോ സിയുടെ ആശംസകൾ

തങ്ങൾക്കിയിടയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ വരവിനെ സ്വാഗതം ചെയ്തുകൊണ്ട് ഈ വേനൽക്കാല വസതിയോടനുബന്ധിച്ചുള്ള 'ബോർഗോ ലൗദാത്തോ സി'യുടെ മേലധികാരികൾ, പാപ്പായുടെ വിശ്രമകാലം ആരോഗ്യവും ആത്മീയ ശക്തിയും പകരുന്നതാകട്ടെയെന്ന് ആശംസിച്ചു. ഈ ദിവസങ്ങളിൽ ബോർഗോ ലൗദാത്തോ സി പൊതുജനങ്ങൾക്കായി എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ തുറന്നുകൊടുക്കുമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ

കഴിഞ്ഞ വർഷത്തെ വേനൽക്കാല അവധിയുടെ കാലത്ത്, ഉക്രൈൻ പ്രസിഡന്റിന് പരിശുദ്ധ പിതാവ് കൂടിക്കാഴ്ച അനുവദിച്ചിരുന്നു. ഗാസായിലുള്ള തിരുക്കുടുംബദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിൽ, ഇസ്രായേൽ, പാലസ്തീൻ നേതൃത്വങ്ങളുമായി പരിശുദ്ധ പിതാവ് ഇവിടെനിന്ന് ടെലിഫോൺ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. 





വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ജൂലൈ 2026, 12:05