തിരയുക

സുഡാനിൽനിന്നുള്ള കുട്ടികളുടെ ഒരു ഫയൽ ചിത്രം സുഡാനിൽനിന്നുള്ള കുട്ടികളുടെ ഒരു ഫയൽ ചിത്രം  (Kathrin Harms/Sternsinger)

സുഡാനിൽ കഴിഞ്ഞ ആറുമാസത്തിനിടെ സംഘർഷങ്ങളുടെ ഇരകളായത് 330 കുട്ടികൾ: യുണിസെഫ്

സുഡാനിൽ കഴിഞ്ഞ ആറുമാസത്തിനിടെ 330 കുട്ടികൾ ആക്രമണങ്ങളുടെ ഇരകളായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ്. രാജ്യത്ത് തുടരുന്ന വിവിധ സംഘർഷങ്ങളുടെ ഭാഗമായി, ദാർഫൂർ കോർഡോഫാൻ സംസ്ഥാനങ്ങളിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായി ജൂലൈ ആറിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി വിശദീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദീർഘനാളുകളായി സംഘർഷങ്ങൾ തുടരുന്ന സുഡാനിൽ കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 330 കുട്ടികൾ ആക്രമണങ്ങളുടെ ഇരകളായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ്. കൊച്ചുകുഞ്ഞുങ്ങൾ മുതൽ കൗമാരക്കാർ വരെ നിരവധി കുട്ടികളാണ് ഇതിനോടകം രാജ്യത്ത് കൊല്ലപ്പെട്ടതെന്നും, രാജ്യത്ത് തുടരുന്ന വിവിധ സംഘർഷങ്ങളുടെ ഭാഗമായി, ദാർഫൂർ, കോർഡോഫാൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാണെന്നും ജൂലൈ ആറിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി വിശദീകരിച്ചു.

അൽ ഒബൈദിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ വടക്കൻ കോർഡോഫാനിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്ന് യുനിസെഫ് വ്യക്തമാക്കി. 2026 മെയ് മാസം മുതൽ ഡ്രോൺ ആക്രമണങ്ങളും മറ്റ് ആക്രമണങ്ങളും മൂലം സംസ്ഥാനത്ത് 35-ലധികം കുട്ടികൾ ഇരകളായെന്നും, ഇവരിൽ കുറഞ്ഞത് 18 കുട്ടികളെങ്കിലും കൊല്ലപ്പെട്ടെന്നും സംഘടന അറിയിച്ചു. പതിനേഴിലധികം കുട്ടികൾക്ക് പരിക്കേറ്റു. പ്രദേശത്ത് അടുത്തിടെ നടന്ന ആക്രമണങ്ങളിൽ 60 ശതമാനവും ഡ്രോൺ ആക്രമണങ്ങളായിരുന്നുവെന്നാണ് റിപ്പോർട്ട്.

തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും വീടുകൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, വ്യവസായകേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടം വരുത്തുകയും അവശ്യസേവനങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

അൽ ഒബൈദിനും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന അഞ്ചുലക്ഷത്തോളം വരുന്ന സാധാരണജനം വലിയ അപകടസാധ്യതയാണ് അഭിമുഖീകരിക്കുന്നതെന്ന് ശിശുക്ഷേമനിധി അറിയിച്ചു. സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്നവർ സാധാരണജനത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, അടിസ്ഥാനസൗകര്യങ്ങൾ തടസ്സപ്പെടുത്തരുതെന്നും, മാനവികസഹായമെത്തിക്കുന്നത് ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംഘർഷത്തിൽ കുടുങ്ങിയ കുട്ടികൾ അക്രമം, കുടിയൊഴിപ്പിക്കൽ, ഭീതി, മാനസികാഘാതം എന്നിവ നേരിടുകയാണെന്ന് സുഡാനിലെ യുനിസെഫ് പ്രതിനിധി ഷെൽഡൺ യെറ്റ്‌സ് പ്രസ്താവിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ജൂലൈ 2026, 10:53