തിരയുക

ഭക്ഷണവേളയിൽ പാപ്പാ ഭക്ഷണവേളയിൽ പാപ്പാ   (AFP or licensors)

സ്നേഹവും സമാധാനവും അനുരഞ്ജനവും വസിക്കുന്ന ഒരു ലോകമാണ് സഭ ലക്ഷ്യമിടേണ്ടത്: പാപ്പാ

തന്റെ വേനൽക്കാല വസതിയായ കാസൽ ഗന്ധോൾഫോയിലുള്ള, ലൗദാത്തോ സി ഗ്രാമത്തിൽ വച്ച്, റോം രൂപതയുടെ സഹായത്തോടെ, 35 കുട്ടികൾ ഉൾപ്പെടെ ഇരുനൂറോളം ദുർബലരായ ആളുകൾ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയോടൊപ്പം, ഉച്ചഭക്ഷണം കഴിച്ചു. തദവസരത്തിൽ പാപ്പാ, ഹ്രസ്വമായ ഒരു സന്ദേശം നൽകി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള അതിയായ വിശപ്പുമായിട്ടാണ് താൻ, വിരുന്നിനു എത്തിയിരിക്കുന്നതെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ്,  തന്റെ വേനൽക്കാല വസതിയായ കാസൽ ഗന്ധോൾഫോയിലുള്ള, ലൗദാത്തോ സി ഗ്രാമത്തിൽ വച്ച്, റോം രൂപതയുടെ സഹായത്തോടെ, 35 കുട്ടികൾ ഉൾപ്പെടെ ഇരുനൂറോളം ദുർബലരായ ആളുകൾക്കൊപ്പം, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ, ജൂലൈ മാസം പതിനൊന്നാം തീയതി ഭക്ഷണം കഴിച്ചത്. എല്ലാവരെയും സ്വാഗതം ചെയ്യുന്ന, വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഒരു സഭയെക്കുറിച്ചാണ് പാപ്പാ തന്റെ ഹ്രസ്വമായ ആമുഖ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞത്. ശത്രുതയില്ലാത്ത, എല്ലാവരിലും സ്നേഹവും സമാധാനവും അനുരഞ്ജനവും വസിക്കുന്ന ഒരു ലോകമാണ് സഭ ലക്ഷ്യമിടേണ്ടതെന്നും  പാപ്പാ  ഓർമ്മിപ്പിച്ചു.

പാലങ്ങൾ പണിയുന്നവൻ എന്ന അർത്ഥമുള്ള 'പൊന്തിഫെക്സ്' (Pontifex) എന്ന തന്റെ പദവിയെക്കുറിച്ച് എടുത്തു പറഞ്ഞ പാപ്പാ, സമൂഹവുമായും കുടുംബങ്ങളുമായും പാലങ്ങൾ പണിയാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അടിവരയിട്ടു. ദാരിദ്ര്യവും, അനീതിയും ഇല്ലാത്ത ഒരു ലോകത്ത് വസിക്കുവാനാണ് നാം പരിശ്രമിക്കേണ്ടതെന്നും,  അത്തരമൊരു ലോകത്തെ കെട്ടിപ്പടുക്കുന്ന സഭയാകാനാണ് നാം ആഗ്രഹിക്കേണ്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 യേശുവിന്റെ സാന്നിധ്യമുള്ള ഈ പൊതുമേശയിൽ നാം ഒന്നിച്ചിരിക്കുമ്പോൾ, പ്രത്യാശ നിറഞ്ഞ ഒരു പുതിയ ലോകമാണ് രൂപം കൊള്ളുന്നതെന്നും, അക്രമവും വിദ്വേഷവും വിവേചനവും കൊണ്ട് തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള സഭയുടെ ഈ കൂട്ടായ്മ ഒരു വലിയ വെളിച്ചം പകരുന്നുവെന്നും പാപ്പാ പറഞ്ഞു. എല്ലാവർക്കും നല്ലൊരു വിരുന്ന് ആശംസിച്ചുകൊണ്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഭക്ഷണം ആശീർവദിക്കുകയും, ഈ വിരുന്നു ഒരുക്കുവാൻ സഹായിച്ചവരെ അനുസ്മരിച്ചുകൊണ്ട് അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ജൂലൈ 2026, 14:56