തിരയുക

നമ്മുടെ ദൗർബല്യത്തേക്കാൾ ശക്തമാണ് ദൈവത്തിനു നമ്മോടുള്ള സ്നേഹം: പാപ്പാ

2026 ജൂലൈ മാസം പന്ത്രണ്ടാം തീയതി ഞായറാഴ്‌ച്ച, വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ വേനൽക്കാല വസതിയായ കാസൽ ഗന്ധോൾഫോയിലെ ലിബർട്ടി ചത്വരത്തിൽ വച്ച് ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരന്മാരെ, സഹോദരിമാരേ, ഏവർക്കും ശുഭദിനം, മംഗളകരമായ ഞായറാഴ്ച!

ഇന്നത്തെ ആരാധനാക്രമത്തിൽ, വിതക്കാരന്റെ ഉപമയിലൂടെ (മത്തായി 13:1-23) ദൈവം തന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ എത്രത്തോളം ഉദാരതയോടും വിശ്വാസത്തോടും കൂടിയാണ് വിതയ്ക്കുന്നതെന്നും, അവിടുത്തെ ശക്തി നമ്മിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സുവിശേഷകനായ വിശുദ്ധ മത്തായി വിവരിക്കുന്നു.

നമ്മുടെ രക്ഷയ്ക്കായി ജീവൻ നൽകിയ, മനുഷ്യനായി അവതരിച്ച ദൈവവചനമായ യേശു തന്നെയാണ് പിതാവായ ദൈവം ലോകത്തിലേക്ക് നിരന്തരം വിതച്ചുകൊണ്ടിരിക്കുന്ന ആ വിത്ത്. വിത്ത് മണ്ണിൽ വീണ് ചീഞ്ഞാലല്ലാതെ ഫലം പുറപ്പെടുവിക്കില്ല എന്നതുപോലെ (യോഹന്നാൻ 12:24), ക്രിസ്തു തന്റെ മരണത്തിലൂടെ സമൃദ്ധമായ ഫലം നൽകുന്നു. ചിലപ്പോൾ ആ വിത്ത് നമ്മുടെ ഹൃദയത്തിലെ കടുപ്പമേറിയതും വികാരശൂന്യവുമായ മണ്ണിൽ വീഴുന്നു; മറ്റു ചിലപ്പോൾ വഴിത്താരയിലെപ്പോലെ ശ്രദ്ധയില്ലാത്ത മണ്ണിലും, പാറ നിറഞ്ഞ മണ്ണിലും, മുള്ളുകൾക്കിടയിലും വീഴുന്നു. എന്നാൽ, അത് സ്വീകാര്യതയുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണിൽ വീഴുമ്പോൾ, നമ്മുടെ ജീവിതത്തെ മുഴുവൻ മാറ്റിമറിക്കാൻ ശേഷിയുള്ള സ്നേഹത്തിന്റെ അത്ഭുതങ്ങൾ അവിടെ സംഭവിക്കുന്നു.  ഇത് നമ്മുടെ ജീവിതത്തിലും നാം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് പിതാവായ ദൈവം വിതയ്ക്കുന്നത് നിർത്താത്തത്; കാരണം നമ്മുടെ ദൗർബല്യത്തേക്കാൾ ശക്തമാണ് അവിടുത്തെ സ്നേഹമെന്ന് അവിടുത്തേക്ക് അറിയാം (2 കോറിന്തോസ് 12:9-10).

ദൈവവചനമാകുന്ന ഈ 'വിത്തിനെ' കുറിച്ച് വിശുദ്ധ ജോൺ ക്രിസോസ്തം ഇപ്രകാരം പറയുന്നു: 'മുള്ളുകളിലും പാറകളിലും വഴിത്താരകളിലും വിതയ്ക്കുന്നത് എങ്ങനെ യുക്തിസഹമാകും? വിത്തുകളുടെയും മണ്ണിന്റെയും കാര്യത്തിൽ അത് യുക്തിസഹമായിരിക്കില്ല, എന്നാൽ ആത്മാക്കളുടെയും പ്രബോധനങ്ങളുടെയും കാര്യത്തിൽ ഇത് പ്രശംസനീയമാണ്. ' കാരണം, ദൈവത്തിന്റെ കരങ്ങളിൽ 'പാറ നിറഞ്ഞ ഇടം ഫലഭൂയിഷ്ഠമായ മണ്ണായി മാറാനും, ചവിട്ടിമെതിക്കപ്പെട്ട വഴിത്താര ഒരു നല്ല കൃഷിയിടമായി മാറാനും, മുള്ളുകൾ നീക്കം ചെയ്യപ്പെട്ട് വിത്തുകൾ സുരക്ഷിതമായി വളരാനും സാധ്യതയുണ്ട്.'

നമ്മോടുള്ള ദൈവത്തിന്റെ ഉദാരത വെറും നിഷ്കളങ്കതയല്ല, മറിച്ച് അത് ജ്ഞാനപൂർവ്വകമാണ്. ചിലപ്പോൾ നമ്മൾ പോലും തിരിച്ചറിയാത്ത നന്മയുടെ സാധ്യതകൾ നമ്മിൽ കണ്ടെത്താൻ അവിടുത്തേക്ക് കഴിയുന്നു. അതുകൊണ്ട്, നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ നമ്മെക്കാൾ നന്നായി അറിയുന്ന കർത്താവ്, നമ്മിൽ വിശ്വസിക്കുന്നത് നിർത്തുന്നില്ല. നമ്മൾ എന്താണെന്നും, വിശ്വാസത്തോടെ അവിടുത്തേക്ക് നമ്മെത്തന്നെ സമർപ്പിച്ചാൽ നമുക്ക് എന്തായി മാറാൻ കഴിയുമെന്നും അവിടുത്തേക്ക് അറിയാം.

അങ്ങനെ, വിതയ്ക്കപ്പെടുന്ന വിത്തിന്റെ ദാനശീലതയിൽ നിന്നും, അത് സ്വീകരിക്കുന്ന വ്യക്തിയുടെ വിനയത്തിൽ നിന്നും നമ്മിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ വളരുന്നു.   വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നത് പോലെ അവ: 'സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം' (ഗലാത്തിയ 5:22) എന്നിവയാണ്. ഈ ലോകത്തിന് ഇത്തരം ഫലങ്ങൾ എത്രത്തോളം ആവശ്യമാണ്! ഈ ഗുണങ്ങളാൽ ലോകം നിറയപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യട്ടെ.

അതുകൊണ്ട്, വിശേഷിച്ചും ഈ അവധിക്കാല ദിവസങ്ങളിൽ, ദൈവവചനം ശ്രവിക്കാനും വായിക്കാനും ധ്യാനിക്കാനും നാം സമയം കണ്ടെത്തുക. വിശ്രമത്തോടും വിനോദത്തോടും ഒപ്പം നിശബ്ദതയ്ക്കും പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകാം. അപ്പോൾ ആത്മാവിലും ശരീരത്തിലും നവീകരിക്കപ്പെട്ടുകൊണ്ട്  നമ്മുടെ ദൈനംദിന ജോലികളിലേക്ക് മടങ്ങാൻ നമുക്ക് സാധിക്കും. സുവിശേഷത്തിന്റെ സന്തോഷം അറിയിക്കാനും ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി സഹകരിക്കാനും അത് നമ്മെ പ്രാപ്തരാക്കും.

അപ്പസ്തോലന്മാരുടെ രാജ്ഞിയും സുവിശേഷവൽക്കരണത്തിന്റെ നക്ഷത്രവുമായ പരിശുദ്ധ മറിയം ഇതിനായി നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ജൂലൈ 2026, 13:10