ലിയോ പതിനാലാമൻ പാപ്പായും എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധിയും ലിയോ പതിനാലാമൻ പാപ്പായും എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധിയും  (@Vatican Media)

സമാധാനത്തിനും പ്രകൃതിപരിപാലനത്തിനും ഉത്തരവാദിത്വപരമായ ജീവിതത്തിനുമുള്ള ആഹ്വാനം സുവിശേഷാധിഷ്ഠിതം: ലിയോ പതിനാലാമൻ പാപ്പാ

ക്രൈസ്തവ ഐക്യം, മറ്റുള്ളവരുടെ അന്തസ്സ് പരിപാലിക്കേണ്ടതിന്റെ ആവശ്യം തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് വെളിച്ചം വീശി ലിയോ പതിനാലാമൻ പാപ്പായുടെ ട്വീറ്റ്. ആധുനികസമൂഹം നേരിടുന്ന വെല്ലുവിളിക്കൾക്ക് മുന്നിൽ പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാൻ ജൂൺ 30-ന് പുറത്തിവിട്ട തന്റെ സന്ദേശത്തിലൂടെ പാപ്പാ ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആധുനികസമൂഹം നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് അഭിമുഖീകരിക്കാനായുള്ള ക്രൈസ്തവരുടെ വിളി സുവിശേഷാത്മകമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളുമായി ബന്ധപ്പെട്ട് സഭയിലെ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ജൂൺ ഇരുപത്തിയൊമ്പതാം തീയതി ഉച്ചയ്ക്ക് വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ ഉദ്ബോധിപ്പിച്ചതിന്റെയും, ജൂൺ 30 ചൊവ്വാഴ്ച കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കെറ്റിന്റെ പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ച അനുവദിച്ചതിന്റെയും പശ്ചാത്തലത്തിലാണ്, ജൂൺ 30-ന് ഇത്തരമൊരു സന്ദേശം സാമൂഹ്യമാധ്യമമായ എക്സിലൂടെ പരിശുദ്ധ പിതാവ് പങ്കുവച്ചത്.

സമകാലീനസമൂഹം  സമാധാനവും, പ്രകൃതിസംരക്ഷണവും, നവീനസാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളികളുടെ മുന്നിൽ ക്രൈസ്തവർക്കിടയിൽ കൂടുതലായ സഹകരണമുണ്ടാകണമെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, ഇത് യേശുക്രിസ്തുവിന്റെ സുവിശേഷം മുന്നോട്ട് വയ്ക്കുന്ന ഒന്നാണെന്ന് ഓർമ്മിപ്പിച്ചു. ക്രൈസ്തവർക്കിടയിലുണ്ടാകേണ്ട അനുരഞ്ജനത്തിന്റെയും സഹകരണത്തിന്റെയും ആവശ്യത്തെക്കുറിച്ച് എക്യൂമെനിക്കൽ പാത്രിയാർക്കേറ്റിൽനിന്ന് എത്തിയ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ പ്രത്യേകം പരാമർശിച്ചിരുന്നു.

എല്ലാ മനുഷ്യരുടെയും പ്രത്യേകിച്ച്, ദുർബലരുടെയും ദരിദ്രരുടെയും ജീവിതാന്തസ്സുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തിന്റെ നിർവ്വഹണമനുസരിച്ചായിരിക്കും നമ്മുടെ വർത്തമാന, ഭാവി കാലങ്ങൾ നിർണ്ണയിക്കപ്പെടുകയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

"ഇന്നിന്റെ വെല്ലുവിളികളായ സമാധാനം, നവീനസാങ്കേതികവിദ്യകളുടെ ശരിയായ ഉപയോഗം, സൃഷ്ടലോകത്തിന്റെ സംരക്ഷണം തുടങ്ങിയവയെ നേരിടുന്നതിനായി ക്രൈസ്തവർക്കിടയിൽ ഉണ്ടാകേണ്ട കൂടുതലായ സഹകരണത്തിന്റെ ആവശ്യകത, യേശുക്രിസ്തുവിന്റെ സുവിശേഷത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. എല്ലാ മനുഷ്യരുടെയും, പ്രത്യേകിച്ച് ഏറ്റവും ചെറിയവരുടെയും ദരിദ്രരുടെയും, ജീവിതത്തോടും അന്തസ്സിനോടുമുള്ള ഉത്തരവാദിത്വമാണ് നമ്മുടെ വർത്തമാന, നിത്യ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്ന മാനദണ്ഡം (മത്തായി 25, 31-46)" #ക്രൈസ്തവഐക്യം എന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ സന്ദേശത്തിന്റെ പൂർണ്ണരൂപം.

IT: L’esigenza di una maggiore collaborazione tra i cristiani di fronte alle sfide odierne, quali la pace, il buon uso delle nuove tecnologie, la cura del creato, scaturisce dallo stesso Vangelo di Gesù Cristo: infatti la responsabilità nei confronti della vita e della dignità di ogni essere umano, a partire dai più piccoli e bisognosi, è il criterio che decide del nostro destino presente ed eterno (Mt 25,31-46). #UnitàdeiCristiani

EN: The need for greater cooperation amongst Christians in the face of today’s challenges - peace, the proper use of new technologies and care for creation - stems from the Gospel of Jesus Christ itself. Our responsibility for the life and dignity of every human being, especially the youngest and most needy, is the criterion that will determine our present and eternal destiny (Mt 25:31–46). #ChristianUnity

അവസാനവിധിയുമായി ബന്ധപ്പെട്ട് യേശു മുന്നറിയിപ്പു നൽകുന്ന സുവിശേഷഭാഗവുമായി ബന്ധപ്പെടുത്തിയാണ് ഇത്തരമൊരു ഉദ്‌ബോധനം പരിശുദ്ധ പിതാവ് നൽകിയിട്ടുള്ളത്.

5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

01 ജൂലൈ 2026, 13:58