തിരയുക

പാപ്പാ പ്രാർത്ഥനയ്ക്കായി എത്തുന്നു പാപ്പാ പ്രാർത്ഥനയ്ക്കായി എത്തുന്നു  

വീണ്ടും ഉയരുന്ന യുദ്ധഭീതിയിൽ ആശങ്കകൾ അറിയിച്ച് പാപ്പാ

മധ്യപൂർവേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ, പുനരാരംഭിച്ച യുദ്ധത്തിന്റെ വാർത്തകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ആശങ്കകൾ രേഖപ്പെടുത്തുകയും, ഒരിക്കൽ കൂടി സമാധാനത്തിനുവേണ്ടി ചർച്ചകൾ നടത്തുവാൻ ബന്ധപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വേനൽകാല വിശ്രമത്തിനുവേണ്ടി, കാസൽ ഗന്ധോൾഫോയിലെത്തിയ, ലിയോ പതിനാലാമൻ പാപ്പാ, ആദ്യ ഞായറാഴ്ച്ച, മധ്യാഹ്ന പ്രാർത്ഥന, ലിബർട്ടി ചത്വരത്തിൽ വച്ച് നടത്തി . തദവസരത്തിൽ,  മധ്യപൂർവേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ, പുനരാരംഭിച്ച യുദ്ധത്തിന്റെ വാർത്തകളിൽ  പാപ്പാ, ആശങ്കകൾ രേഖപ്പെടുത്തുകയും, ഒരിക്കൽ കൂടി സമാധാനത്തിനുവേണ്ടി ചർച്ചകൾ നടത്തുവാൻ ബന്ധപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തു.

ഒരു കരാറിന്റെ അസ്തമിച്ച പ്രതീക്ഷകളെ തുടർന്ന്, യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചതും,  ലെബനനിലെ പ്രതിസന്ധിയും, ഏറെ ദുരിതങ്ങൾ വിതയ്ക്കുന്ന മധ്യപൂർവേഷ്യയിലെ സ്ഥിതികളെ കുറിച്ചും, ഉക്രൈനിലെ, ഖാർകിവ്, ഡിനിപ്രോ, കീവ്, ഒഡെസ എന്നിവിടങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന തീവ്രമായ ആക്രമണങ്ങളെക്കുറിച്ചും പരാമർശിച്ചുകൊണ്ട്, പാപ്പാ തന്റെ ഉത്ക്കണ്ഠ പ്രത്യേകം രേഖപ്പെടുത്തി.

അക്രമം, ഭീകരത, മരണം ഒരിക്കൽ കൂടി അതിന്റെ ഭീകരമായ മുഖം വെളിപ്പെടുത്തുന്നുവെന്നും, ധാരാളം നിരപരാധികൾ ഇരകളാക്കപ്പെടുകയും  ചെയ്യുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദുർബലമായ ഈ നിമിഷങ്ങളിലും, എന്നാൽ പ്രത്യാശയുടെയും സമാധാനത്തിന്റെയും ജ്വാല കെടുത്താൻ, യുദ്ധത്തിന്റെ കാറ്റിനെ അനുവദിക്കരുതെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

സംഭാഷണത്തിന്റെയും, കണ്ടുമുട്ടലുകളുടെയും, നയതന്ത്രത്തിന്റെയും പാതയിൽ, സ്ഥിരോത്സാഹത്തോടെ മുൻപോട്ടു പോകുമെന്ന പ്രത്യാശയും  പാപ്പാ പങ്കുവച്ചു. ജനങ്ങൾക്ക് പരസ്പര സുരക്ഷയോടെയും ഓരോ വ്യക്തിയുടെയും അന്തസ്സിനോടുള്ള ബഹുമാനത്തോടെയും അനുരഞ്ജനത്തോടെ ജീവിക്കാൻ കഴിയുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കാൻ ഈ ഒരു മാർഗം മാത്രമാണ് ഉളളതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

13 ജൂലൈ 2026, 09:11