തിരയുക

യേശു നമ്മെ വ്യക്തിപരമായ ഒരു പ്രതികരണത്തിലേക്ക് ക്ഷണിക്കുന്നു: പാപ്പാ

ഓഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ച്, മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ലത്തീൻ ആരാധനക്രമം, ഇരുപത്തിയൊന്നാം ഞായറാഴ്ച്ചയിലെ സുവിശേഷ ഭാഗമായ, വിശുദ്ധ മത്തായിയുടെ സുവിശേഷം, പതിനാറാം അധ്യായം,13 മുതൽ 20 വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പാ സംസാരിച്ചത്. സന്ദേശത്തിന്റെ മലയാള പരിഭാഷ.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

 

പ്രിയ സഹോദരീസഹോദരന്മാരേ, ഏവർക്കും ശുഭ ഞായറാഴ്ച

ഈ ഞായറാഴ്ചയിലെ സുവിശേഷം (മത്തായി 16:13-20) നമ്മുടെ വിശ്വാസയാത്രയിൽ ഓരോരുത്തരെയും വെല്ലുവിളിക്കുന്ന ഒരു ചോദ്യം നമുക്ക് മുന്നിൽ വയ്ക്കുന്നു: യേശു യഥാർത്ഥത്തിൽ എനിക്ക് ആരാണ്? ശിഷ്യത്വത്തിന്റെ അനുഭവത്തിൽ ഈ ചോദ്യം എത്രത്തോളം നിർണ്ണായകമാണെന്ന് സുവിശേഷത്തിന്റെ  വിവരണത്തിൽ നിന്ന് മനസ്സിലാക്കാം. പന്ത്രണ്ട് അപ്പസ്തോലന്മാർ ഗുരുവിനോടൊപ്പം  ജീവിതവും ശുശ്രൂഷയും ഒരുപാട് പങ്കിട്ടിട്ടുണ്ടെങ്കിലും അവർ, തന്നെ യഥാർത്ഥത്തിൽ അറിയുകയും ദൈവരാജ്യത്തിന്റെ രഹസ്യം ഗ്രഹിക്കുകയും ചെയ്തിരുന്നു എന്ന് നിസ്സാരമായി കരുതുവാൻ യേശു ആഗ്രഹിച്ചില്ല.

അതിനാൽ, തന്നെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അഭിപ്രായം എന്താണെന്ന് ചോദിച്ച ശേഷം, അവിടുന്ന് നേരിട്ട് ശിഷ്യരോട്  ചോദിക്കുന്നു: «എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?» (മത്തായി 16:15).

സഹോദരീസഹോദരന്മാരേ, എല്ലാ കാലഘട്ടത്തിലെയും ശിഷ്യന്മാർക്കും, നമുക്ക് ഓരോരുത്തർക്കും, ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. വിശ്വാസം എന്നത് ഒരിക്കൽ മാത്രം ലഭിച്ച് അവസാനിക്കുന്ന ഒന്നല്ല; മറിച്ച്, ക്രിസ്തുവിന്റെ മുഖവും അവിടുത്തെ സുവിശേഷവും നിരന്തരം നാം വീണ്ടും കണ്ടെത്തേണ്ടതുണ്ട്. അവിടുത്തെ സന്ദേശം ആഴത്തിൽ മനസ്സിലാക്കാനും, നമ്മുടെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ പുതുക്കാനും നാം കടപ്പെട്ടിരിക്കുന്നു. എല്ലാം അറിയാമെന്ന ഭാവത്തെ ഉപേക്ഷിക്കാനും വിശ്വാസത്തെ വെറുമൊരു ശീലമാക്കുന്ന പ്രവണതയെ മറികടക്കാനും അപ്രകാരം ജീവിതവും പ്രഘോഷണവും പൊരുത്തപ്പെട്ടതായിരിക്കുവാനും ഇത് നമ്മെ സഹായിക്കുന്നു.

ഓരോ ദിവസവും നമ്മോട് ചോദിക്കപ്പെടുന്ന ചോദ്യം — യേശു എനിക്ക് ആരാണ്, എന്റെ ജീവിതത്തിൽ അവിടുത്തെ സാന്നിധ്യത്തിന്റെ അർത്ഥമെന്താണ് — എന്നത് പ്രാർത്ഥനയിലും സുവിശേഷത്തിൽ അടിസ്ഥാനമാക്കിയ  ധ്യാനത്തിലും പ്രത്യേകിച്ച് ഉയർന്നുവരുന്നു.

അതുപോലെ തന്നെ സഹോദരങ്ങളുടെ മുറിവുകളും ആവശ്യങ്ങളും നേരിടുമ്പോഴും, നമ്മുടെ മനസ്സാക്ഷിയെ ഏറ്റവും ആഴത്തിൽ വെല്ലുവിളിക്കുന്ന ബന്ധങ്ങളിലും സാഹചര്യങ്ങളിലും ഒക്കെ ഈ ചോദ്യം ഉയർന്നുവരുന്നു.

ചുരുക്കത്തിൽ,  കർത്താവായ യേശു പ്രധാനപ്പെട്ട കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്ത ഒരു മഹാനായ ചരിത്രപുരുഷൻ മാത്രമാണോ, അതോ ദൈവത്തിന്റെ സ്നേഹത്തിലേക്ക് നമ്മെ നയിക്കാനും നമ്മുടെ ജീവിതത്തെയും നാം ജീവിക്കുന്ന ലോകത്തെയും രൂപാന്തരപ്പെടുത്താനും അയയ്ക്കപ്പെട്ട ദൈവത്തിന്റെ ക്രിസ്തുവാണോ? എന്ന് നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് പരിശോധിക്കാവുന്നതാണ്.

പ്രിയപ്പെട്ടവരേ, നമ്മുടെ മതപരമായ ബോധ്യങ്ങളിലും സുരക്ഷിതത്വങ്ങളിലും മാത്രം ഒതുങ്ങിനിൽക്കാതെ, ക്രിസ്തുവുമായുള്ള യഥാർത്ഥ ബന്ധത്തിനായി തുറവുള്ളവരാകാൻ നമുക്ക് പഠിക്കാം.

ക്രിസ്തീയ വിശ്വാസത്തിന്റെ കാര്യത്തിൽ, ചിലപ്പോഴൊക്കെ കേട്ടറിവുകളിലോ പതിവ് പ്രയോഗങ്ങളിലോ അല്ലെങ്കിൽ നമുക്ക് പകർന്നുനൽകപ്പെട്ട കാര്യങ്ങളിലോ മാത്രം നാം ഒതുങ്ങിനിൽക്കാറുണ്ട്—ഒരുപക്ഷേ നല്ല ഉദ്ദേശ്യത്തോടെയാകാം നാം അങ്ങനെ ചെയ്യുന്നത്. 

എന്നാൽ, അവിടുത്തെ അടുത്തറിയാനും അവിടുമായുള്ള സൗഹൃദത്താൽ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താനും യേശു നമ്മെ വ്യക്തിപരമായ ഒരു പ്രതികരണത്തിലേക്ക് ക്ഷണിക്കുന്നു; ഈ പുതിയ കൂടിക്കാഴ്ചകൾ ചിലപ്പോൾ നമ്മൾ സങ്കൽപ്പിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാനും തീരുമാനങ്ങൾ എടുക്കാനും നമ്മോട് ആവശ്യപ്പെട്ടേക്കാം.

 മുൻപ് ചെയ്തിരുന്നതുപോലെ തന്നെ ഇനിയും തുടർന്നാൽ മതി എന്ന് നാം ചിന്തിക്കുന്നിടത്ത്,  നമ്മുടെ വ്യക്തിപരമായ ജീവിതയാത്രയ്ക്കും സഭയുടെ പാതയ്ക്കും സഭ സ്വീകരിക്കുന്ന ഇടയശുശ്രൂഷാപരമായ തീരുമാനങ്ങൾക്കും ഇവ ബാധകമാണ്. എന്നാൽ, അതിനുപകരം നമ്മൾ ഇടയ്ക്കിടെ സ്വയം ചോദിക്കേണ്ടതുണ്ട്: "കർത്താവ് എനിക്ക് ആരാണ്? ഞാൻ അവിടുത്തെ യഥാർത്ഥത്തിൽ അറിയുന്നുണ്ടോ? അവിടുത്തെ സുവിശേഷം ഇന്ന് എന്നോട് എന്താണ് ആവശ്യപ്പെടുന്നത്? ഞാൻ ഏതൊക്കെ നടപടികളും തീരുമാനങ്ങളുമാണ് എടുക്കേണ്ടത്?"

തന്റെ പുത്രനിലൂടെ ദൈവഹിതം അന്വേഷിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം നമുക്ക് തേടാം.  നമ്മുടെ വിശ്വാസയാത്രയിൽ പരിശുദ്ധ അമ്മ നമ്മെ എപ്പോഴും നയിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

24 ഓഗസ്റ്റ് 2026, 12:15