തിരയുക

ലൗദാത്തോ  സി ഗ്രാമത്തിൽ പാപ്പാ ലൗദാത്തോ സി ഗ്രാമത്തിൽ പാപ്പാ   (@Vatican Media)

സൃഷ്ടിജാലങ്ങളുടെ സംരക്ഷണത്തിനായുള്ള ആഗോളദിനത്തിൽ ലിയോ പതിനാലാമൻ പാപ്പാ കസ്തൽ ഗന്ധോൾഫോയിൽ വിശുദ്ധ ബലിയർപ്പിക്കും

ലോക സൃഷ്ടിജാല സംരക്ഷണ പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ, കസ്തൽ ഗന്ധോൾഫോയിലെ ലൗദാത്തോ സി ഗ്രാമത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും.

വത്തിക്കാൻ ന്യൂസ്

സെപ്റ്റംബർ ഒന്നിന് ആചരിക്കുന്ന ലോക സൃഷ്ടിജാല സംരക്ഷണ പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. കസ്തൽ ഗന്ധോൾഫോയിലെ പൊന്തിഫിക്കൽ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന  ലൗദാത്തോ സി ഗ്രാമത്തിൽ  (Borgo Laudato si’) അന്നേദിവസം പ്രാദേശിക  സമയം വൈകുന്നേരം 6.30-നാണ് ചടങ്ങുകൾ നടക്കുന്നത്. ഒക്ടോബർ 4-ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ വരെ നീണ്ടുനിൽക്കുന്ന 'സൃഷ്ടിയുടെ കാലം'  എന്ന ആഗോള പ്രാർത്ഥനാ യജ്ഞത്തിനും ഇതോടെ തുടക്കമാകും. വത്തിക്കാനിലെ സമഗ്ര മാനവ വികസനത്തിനായുള്ള ഡികസ്റ്ററിയാണ് ഇക്കാര്യം അറിയിച്ചത്.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗ്ഗപ്രാപ്തിയുടെ എണ്ണൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, പ്രകൃതി സംരക്ഷണത്തിനായി വിവിധ വത്തിക്കാൻ കാര്യാലയങ്ങൾ സംയുക്തമായി തയ്യാറാക്കിയ പ്രത്യേക ആരാധനാക്രമമാണ് കുർബാനയിൽ ഉപയോഗിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് കേവലം ഒരു ബാധ്യതയല്ല, മറിച്ച് ദൈവത്തിന്റെ ദാനത്തോടുള്ള നന്ദി പ്രകടനമാണെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മൈക്കൽ ചേർണി  പ്രസ്താവിച്ചു. പ്രകൃതിയെ പരിപാലിക്കുന്നതിലൂടെ നാം വരുംതലമുറയെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയുമാണ് സംരക്ഷിക്കുന്നതെന്ന് പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു.

യുദ്ധത്തിനും നാശത്തിനുമായി ചെലവഴിക്കുന്ന ഊർജ്ജവും വിഭവങ്ങളും ഭൂമിയുടെയും ജീവന്റെയും നിലനിൽപ്പിനായി വിനിയോഗിക്കണമെന്ന് ലോക സൃഷ്ടിജാല സംരക്ഷണ ദിനത്തോടനുബന്ധിച്ചുള്ള  സന്ദേശത്തിൽ പാപ്പാ പ്രത്യേകം അടിവരയിടുന്നു. സമാധാനം, പരിസ്ഥിതി സംരക്ഷണം, മാനുഷിക അന്തസ്സ് എന്നിവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്.  സൃഷ്ടിജാലങ്ങളെ പരിപാലിക്കുന്നതും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതും ഒരേ ദൗത്യത്തിന്റെ രണ്ട് വശങ്ങളാണെന്ന്, ലൗദാത്തോ സി ഗ്രാമത്തിന്റെ ഡയറക്ടർ  കർദ്ദിനാൾ ഫാബിയോ ബാജ്ജോയും എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

26 ഓഗസ്റ്റ് 2026, 14:00