തിരയുക

ലിയോ പതിനാലാമൻ പാപ്പാ - സാൻ മരീനോയിലെ അധികാര, രാഷ്ട്രീയ നേതൃത്വവും പൗരസമിതിയുമായുള്ള കൂടിക്കാഴ്ചയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - സാൻ മരീനോയിലെ അധികാര, രാഷ്ട്രീയ നേതൃത്വവും പൗരസമിതിയുമായുള്ള കൂടിക്കാഴ്ചയിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

മനുഷ്യരുടെ സ്വാതന്ത്ര്യവും സമാധാനവും സുസ്ഥിതിയും ഉറപ്പാക്കുന്നതിൽ സാൻ മരീനോ മാതൃകയാണ്: ലിയോ പതിനാലാമൻ പാപ്പാ

ലോകത്തിലെ ഏറ്റവും പുരാതന റിപ്പബ്ലിക്കായി കണക്കാക്കപ്പെടുന്ന സാൻ മരീനോ സന്ദർശിച്ച പാപ്പാ, ഈ രാജ്യം അതിന്റെ പൗരന്മാർക്ക് നൽകുന്ന ശുശ്രൂഷയും സേവനങ്ങളും ലോകത്തിന് മുന്നിൽ മാതൃകയാകേണ്ടവയാണെന്ന് പ്രസ്താവിച്ചു. മനുഷ്യന്റെ അന്തസ്സും സമാധാനവും പൊതുനന്മയും ഉറപ്പാക്കാനുള്ള രാജ്യനേതൃത്വങ്ങളുടെ കടമയെകുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു, സാൻ മരീനോ, റിമിനി എന്നിവിടങ്ങളിലേക്ക് നടത്തിയ അജപാലനസന്ദർശനത്തിന്റെ ആദ്യപാദമായ ഇവിടെ നടത്തിയ പരിശുദ്ധ പിതാവിന്റെ പ്രഥമ പ്രഭാഷണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സാൻ മരീനോ അവിടെ ജീവിക്കുന്ന മനുഷ്യർക്ക് നൽകുന്ന പരിചരണവും കരുതലും ലോകത്തിന് മുന്നിൽ മാതൃകയാകേണ്ടതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. സാൻ മരീനോയിലെക്കും റിമിനിയിലേക്കുമുള്ള അജപാലന സന്ദർശനത്തിന്റെ ഭാഗമായി, ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ ഇവിടെയെത്തിയ പാപ്പാ, രാജ്യത്തെ അധികാര, രാഷ്ട്രീയ നേതൃത്വവും പൗരസമിതിയും ഒത്തുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സ്വാതന്ത്ര്യം, സമാധാനം, പൊതുജനസേവനം, തുടങ്ങി വിവിധ മേഖലകളിൽ രാജ്യം പിന്തുടരുന്ന നയങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞത്.

ഇറ്റലിക്കുള്ളിൽ 62 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന സാൻ മരീനോയിലെ റീജന്റ് ക്യാപ്റ്റന്മാർക്കും (Captains Regent), രാഷ്ട്രീയ നേതൃത്വത്തിനുമൊപ്പം "പൊതു കൊട്ടാരം" (Palazzo Pubblico) എന്ന പേരിൽ അറിയപ്പെടുന്ന സമുച്ചയത്തിലെ, "കൊൺസീലിയോ ഗ്രാന്തെ" ശാലയിൽ വച്ച് നടത്തിയ തന്റെ പ്രഭാഷണത്തിൽ, ലോകത്തിലെ ഏറ്റവും പുരാതന റിപ്പബ്ലിക്കെന്ന നിലയിൽ സാൻ മരീനോയ്ക്കുള്ള ചരിത്രപ്രാധാന്യം പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. അതേസമയം, നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ നിലനിൽക്കുന്ന ഈ റിപ്പബ്ലിക്കും പരിശുദ്ധ സിംഹാസനവും തമ്മിൽ ദീർഘനാളുകളായി സഹകരണം ഉണ്ടായിരുന്നുവെങ്കിലും 1926 ഏപ്രിലിൽ മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഔദ്യോഗികമായ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതെന്ന് പാപ്പാ അനുസ്മരിച്ചു.

സ്വാതന്ത്ര്യവും കൂട്ടായ്മയും

രാജ്യത്തിന്റെ മുദ്രാവാക്യത്തിന്റെ ഭാഗമായ സ്വാതന്ത്ര്യം എന്ന ആശയത്തിന് രാജ്യം നൽകുന്ന പ്രാധാന്യം പ്രത്യേകം പരാമർശിച്ച പാപ്പാ, ഇത് രാഷ്ട്രീയ സ്വയം നിർണ്ണയാവകാശത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, വ്യക്തികളുടെ അന്തസ്സിനേയും മനഃസാക്ഷിയെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്ന ഒരു യാഥാർത്ഥ്യമാണെന്നും ഓർമ്മിപ്പിച്ചു.

യഥാർത്ഥ സ്വാതന്ത്ര്യം പരസ്പരബന്ധങ്ങളിലും സംവാദങ്ങളിലും പങ്കുവയ്ക്കലിലുമാണ് പൂർണ്ണമാകുന്നതെന്ന് അഭിപ്രായപ്പെട്ട പാപ്പാ, സ്വാതന്ത്ര്യത്തിന്റെ പേരിൽ അധികാരത്തിന്റെയും സ്വാർത്ഥ താത്പര്യങ്ങളുടെയും അടിമകളാകുന്ന രാഷ്ട്രീയ-സാമ്പത്തിക പദ്ധതികളെക്കുറിച്ച് ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി. വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാന്തസ്സും മാനിക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാനാകില്ലെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധ മറീനോയും വിശുദ്ധ ലിയോയും സ്വതന്ത്രവും സമാധാനപരവുമായ സമൂഹത്തിന്റെ ശിൽപ്പികളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ പൈതൃകം ഇന്നും സാൻ മരീനോയുടെ സാമൂഹികജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.

നയതന്ത്രവും സമാധാനവും

അന്താരാഷ്ട്ര ബന്ധങ്ങളിൽ നയതന്ത്രത്തിനും ബഹുരാഷ്ട്ര സഹകരണത്തിനും സാൻ മരീനോ നൽകുന്ന പ്രാധാന്യത്തെ പ്രശംസിച്ച പരിശുദ്ധ പിതാവ്, ലോകത്ത് യുദ്ധങ്ങളും സംഘർഷങ്ങളും തുടരുന്ന ഇക്കാലത്ത്, ആക്രമണത്തിനും, അധികാര, ശക്തി രാഷ്ട്രീയ മനോഭാവങ്ങൾക്കും പകരം മറ്റുളളവരുമായുള്ള സംവാദത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.

മനുഷ്യരോടുള്ള കരുതൽ

ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളിൽ ഒന്നായ സാൻ മരീനോ അതിലെ ജനങ്ങളുടെ ആവശ്യങ്ങളോട് കാണിക്കുന്ന മനോഭാവം ഫലപ്രദമായ ജനാധിപത്യത്തിന് മാതൃകയാക്കാൻ കഴിയുന്നതാണെന്ന് പ്രസ്താവിച്ച പരിശുദ്ധ പിതാവ്, അതേസമയം, പൊതുനന്മ, സാമൂഹികനീതി, ഐക്യദാർഢ്യം എന്നിവ അടിസ്ഥാനമാക്കി രാജ്യം മുന്നേറണമെന്ന് ആഹ്വാനം ചെയ്തു.

സാങ്കേതിക, സാമ്പത്തിക പുരോഗതികൾക്കൊപ്പം, ഓരോ മനുഷ്യരുടെയും അന്തസ്സ് സംരക്ഷിക്കുന്നത് സമൂഹത്തിന്റെ ലക്ഷ്യമാകേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വർഷങ്ങളായി യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്ക് സാൻ മരീനോ നൽകിയ പിന്തുണയും, അന്താരാഷ്ട്ര മാനവികനിയമത്തിന് അനുകൂലമായ പരിശ്രമങ്ങളും നിലപാടുകളും എടുത്തുപറഞ്ഞ പാപ്പാ, ഭരണാധികാരികളും പൗരന്മാരും സഭാസമൂഹവും ചേർന്ന് മനുഷ്യാന്തസ്സിനും പൊതുനന്മയ്ക്കുമായുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആഹ്വാനം ചെയ്തു. 





വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

22 ഓഗസ്റ്റ് 2026, 14:14