തിരയുക

സമ്മേളനത്തിൽ പാപ്പാ സമ്മേളനത്തിൽ പാപ്പാ   (ANSA)

ഭാവി ഭീഷണിയുടേതല്ല, വാഗ്ദാനത്തിന്റെയാണ്: അതിനു യുവജനങ്ങളാണ് സാക്ഷികൾ: പാപ്പാ

ഇറ്റലിയിലെ റിമിനിയിൽ നടന്ന നാല്പത്തിയേഴാമത്‌ 'ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ' പങ്കെടുത്തവർക്ക് നൽകിയ സന്ദേശത്തിൽ, ലോകസമാധാനത്തിനായി വ്യക്തികൾ തമ്മിലുള്ള കൂടിക്കാഴ്ചകളും സംവാദങ്ങളും അത്യാവശ്യമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ എടുത്തു പറഞ്ഞു. തിന്മയെ തിന്മ കൊണ്ട് നേരിടാനാവില്ലെന്നും സ്നേഹമാണ് ജീവിതത്തിന്റെ നിയമമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. യുവജനങ്ങൾ ഭാവിയെ ഒരു വാഗ്ദാനമായി കാണണമെന്നും സഭയുടെ സിനഡൽ സ്വഭാവം മുറുകെപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രതിബദ്ധതയുടെയും സർഗ്ഗാത്മകതയുടെയും സംവാദത്തിന്റെയും വേദിയായ റിമിനിയിൽ നാല്പത്തിയേഴാമത്‌ 'ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ' സംബന്ധിക്കുന്നതിൽ തനിക്കുള്ള സന്തോഷം എടുത്തു പറഞ്ഞുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി.  സംഗമം, സൗഹൃദ സംഗമം, ജനതകൾ തമ്മിലുള്ള സൗഹൃദം എന്നീ വാക്കുകൾ ഉച്ചരിക്കുന്നത് ഏവരുടെയും ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്നുവെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും പാപ്പാ ആമുഖമായി ഉദ്ധരിച്ചു. ലോകസമാധാനത്തിനായി വ്യക്തികൾ തമ്മിലുള്ള കൂടിക്കാഴ്ചകളും സംവാദങ്ങളും അത്യാവശ്യമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. അന്തസ്സുള്ള ദൈവമക്കളെന്ന നിലയിൽ മനുഷ്യർക്കിടയിലുള്ള പൊതുവായ കാര്യങ്ങൾ കണ്ടെത്താൻ 'സാമൂഹിക സൗഹൃദം' സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിരുകൾക്കും സ്ഥാപനങ്ങൾക്കും മുൻപേ മനുഷ്യർക്കാണ് മുൻഗണന നൽകേണ്ടതെന്നും സഭയും സമൂഹവും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമകാലീന ലോകത്തിലെ ദുരന്തങ്ങളെ നേരിടാൻ 'കരുണയുടെ യാഥാർത്ഥ്യബോധം'ആവശ്യമാണെന്ന് പാപ്പാ ആവശ്യപ്പെട്ടു. തിന്മയെ തിന്മ കൊണ്ട് ജയിക്കാനാവില്ലെന്നും പകരം ക്രിസ്തുവിന്റെ സ്നേഹമാണ് ലോകത്തിന്റെ രക്ഷയെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ സംസ്കാരം മലിനമാക്കിയ ചിന്തകളെയും ശീലങ്ങളെയും സ്നേഹം കൊണ്ട് ശുദ്ധീകരിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. ശത്രുക്കളെപ്പോലും സഹോദരങ്ങളായി കാണുന്ന കാഴ്ചപ്പാടാണ് ഇന്ന് ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പാ അഭിസംബോധന ചെയ്യുന്നു
പാപ്പാ അഭിസംബോധന ചെയ്യുന്നു   (ANSA)

 ലോകത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഓടിയൊളിക്കാതെ, ലോകത്തിന് നന്മ ചെയ്യുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നുള്ള ഡോൺ ജ്യൂസാനിയുടെ ദർശനം ഇന്നും ഏറെ പ്രസക്തമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അസമത്വത്തിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്ന അനീതിയുടെ അധികാരബന്ധങ്ങളെ തുറന്നുകാട്ടാൻ ധീരരായ ആളുകളെ സമൂഹത്തിനു ആവശ്യമാണെന്നും, സാങ്കേതിക വിദ്യ വിനാശകരമായി മാറുമ്പോൾ അതിനെ നിയന്ത്രിക്കാൻ വിശ്വാസികൾ സന്നദ്ധരാകണമെന്നും, ലാഭത്തേക്കാൾ മനുഷ്യന്റെ അന്തസ്സിനും നീതിക്കും മുൻഗണന നൽകണമെന്നും പാപ്പാ എടുത്തു പറഞ്ഞു.

പാപ്പാ അഭിസംബോധന ചെയ്യുന്നു
പാപ്പാ അഭിസംബോധന ചെയ്യുന്നു   (ANSA)

യുവജനങ്ങൾ ഭാവിയെ ഒരു ഭീഷണിയായി കാണാതെ ഒരു വാഗ്ദാനമായി കാണണമെന്ന് പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു. "സൂര്യനെയും നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന ദൈവസ്നേഹം" ഇന്നും സജീവമാണെന്നും അത് യുവാക്കളെ നിസ്സംഗതയിൽ നിന്ന് ഉണർത്തുന്നുവെന്നും  പറഞ്ഞ പാപ്പാ, ഇടുങ്ങിയ ചിന്താഗതികൾ വെടിഞ്ഞ് ദരിദ്രരിലേക്കും വിവിധ സംസ്കാരങ്ങളിലേക്കും ഇറങ്ങിച്ചെന്ന് സ്നേഹത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുവാക്കളുടെ സാക്ഷ്യം ലോകത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ടെന്ന് പാപ്പാ  ചൂണ്ടിക്കാട്ടി.

സഭയുടെ ഐക്യവും സിനഡൽ സ്വഭാവവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അടിവരയിട്ട പാപ്പാ, സഭയ്ക്കുള്ളിലും പുറത്തുള്ളവരുമായ എല്ലാവരെയും കേൾക്കാനും അവരിൽ നിന്ന് പഠിക്കാനുമുള്ള മനസ്സ് സഭയ്ക്കുള്ളിൽ വളരണമെന്നും ഇത് സഭയുടെ നവീകരണത്തിന് അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ചു. അധികാരം ഒരു സേവനമായി മാറുന്ന ശൈലിയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും, അതിനാൽ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ, കൂട്ടായ്മയുടെ ചൈതന്യത്തിൽ  മുൻപോട്ടു പോകുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

24 ഓഗസ്റ്റ് 2026, 12:03