തിരയുക

നേപ്പാളിൽ നിന്നുള്ള കാഴ്ച്ച നേപ്പാളിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ പാപ്പാ അതീവ ദുഃഖം രേഖപ്പെടുത്തി

നേപ്പാളിൽ, ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ, ദ്രുതഗതിയിലുള്ള വെള്ളപ്പൊക്കം ഏകദേശം 270 ആളുകളുടെ ജീവൻ അപഹരിക്കുകയും, 1,300 ലധികം പേരെ കാണാതാവുകയും ചെയ്തു. ദുരന്തത്തിന് ഇരകളായവർക്കും, കുടുംബാംഗങ്ങൾക്കും, ലിയോ പതിനാലാമൻ പാപ്പാ പ്രാർത്ഥനകളറിയിച്ചുകൊണ്ട്, ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

നേപ്പാളിൽ, ഭൂകമ്പത്തെ തുടർന്നു, ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ,  ഏകദേശം 270 ആളുകൾ കൊല്ലപ്പെടുകയും, ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. ലോകത്തെ മുഴുവൻ ഞടുക്കിയ ഈ ദുരന്തത്തിൽ ഇരകളായവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, ലിയോ പതിനാലാമൻ പാപ്പാ പ്രാർത്ഥനകളറിയിച്ചുകൊണ്ട്, ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി  കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു.

ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരോടുള്ള തന്റെ ആത്മീയ അടുപ്പം പാപ്പാ എടുത്തു പറഞ്ഞു. കത്തോലിക്കാ സഭയുടെ പ്രാദേശിക അധികാരികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. വെള്ളപ്പൊക്കം മൂലമുണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളും പരിശുദ്ധ പിതാവ് അതീവ ദുഃഖത്തോടെ ശ്രവിച്ചുവെന്നും, മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കാരുണ്യത്തിന് സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നുവെന്നും, ദുഃഖിക്കുന്ന കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സന്ദേശത്തിൽ എടുത്തു പറയുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പാപ്പാ തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകി. എല്ലാവരുടെയും മേൽ ദൈവിക സഹായവും സംരക്ഷണവും ഉണ്ടാകട്ടെയെന്നു പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. നേപ്പാൾ പൗരന്മാർക്കൊപ്പം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറു കണക്കിന് വിനോദ സഞ്ചാരികളെയും ഇനിയും കണ്ടെത്താനുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി കര, വ്യോമ മാർഗങ്ങളിലൂടെയുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികരും, സേവനം നൽകി വരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ഓഗസ്റ്റ് 2026, 14:50