മാതൃ രാജ്യത്തിൻറെ സുരക്ഷ ഉറപ്പാക്കുന്നതിന് കർത്താവിൽ ശക്തി പ്രാപിക്കുക: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പോർചുഗലിലെ മിലിറ്ററി സേനയിലെ അംഗങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും, അനുബന്ധ സിവിലിയൻ ഉദ്യോഗസ്ഥർക്കും ആത്മീയ സഹായം നൽകുന്നതിന്, അറുപതു വർഷങ്ങൾക്ക് മുൻപ്, ഒരു വികാരിയാത്ത് സ്ഥാപിച്ചതിന്റെ വാർഷികം ആഘോഷിക്കുന്നതിനായി റോമിൽ എത്തിച്ചേർന്ന, അജപാലക സംഘത്തിന്റെ പ്രതിനിധികളും, മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, ആത്മീയ നന്മയ്ക്കും ക്രിസ്തീയ മൂല്യങ്ങളെക്കുറിച്ചുള്ള അറിവിനും അവർ നൽകുന്ന സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സന്ദേശം നൽകുകയും ചെയ്തു. സഭയും, ഭരണകൂടവും തമ്മിലുള്ള ക്രിയാത്മകമായ സഹകരണത്തിന്റെ ഒരു ഇടമായി ഈ അജപാലന മേഖല മാറട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
ഒരാളുടെ ജീവിതത്തിൽ ദൈവത്തിന്റെ കേന്ദ്രീകൃതത തിരിച്ചറിയാനും, വിശുദ്ധ പത്രോസ് അപ്പസ്തോലന്റെ കബറിടത്തിൽ പ്രാർത്ഥിച്ചുകൊണ്ട്, വിശ്വാസം ശക്തിപ്പെടുത്താനുമുള്ള ഒരു അതുല്യമായ അവസരമാണ് റോമിലേക്കുള്ള തീർത്ഥാടനമെന്നു പാപ്പാ എടുത്തു പറഞ്ഞു. മാതൃരാജ്യത്തിന്റെ പരമാധികാരവും നിയമവാഴ്ചയും സംരക്ഷിക്കുക, സഹപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, അനീതിയിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നീ മഹത്തായ ദൗത്യങ്ങൾ നിറവേറ്റുമ്പോൾ, കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവാനും, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് ഉറച്ചുനില്‍ക്കുവാനും, സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവാനുമുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആഹ്വാനം ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ ഓർമ്മപ്പെടുത്തി.
അനുസരണം, അച്ചടക്കം, ത്യാഗം, വിശ്വസ്തത, സൗഹൃദഭാവം, സമർപ്പണം, ഉത്തരവാദിത്തം, ധൈര്യം എന്നീ മൂല്യങ്ങളാണ് സേവനത്തിൽ ഏവരെയും നയിക്കേണ്ടതെന്നും എന്നാൽ, ഇവയ്‌ക്കെല്ലാം ഉപരിയായി, കർത്താവിൽ ശക്തി കണ്ടെത്തുന്നതിനും, ദൈവത്തിന്റെ ആവശ്യം ബോധ്യമായതുമാണ്, ശതാധിപനെ ക്രിസ്തുവിലേക്ക് നയിക്കുന്ന സംഭവം സുവിശേഷം വിവരിക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു. അധികാരത്തെക്കുറിച്ച് ബോധവാനാകുന്നതിനോടൊപ്പം, വിശ്വാസത്തിന്റെ ശക്തിയും താഴ് മയുടെ ധൈര്യവും പ്രകടമാക്കിയതാണ് ശതാധിപന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
സൈനികരായ എല്ലാവരെയും സ്വീകരിക്കുവാനും, അവരെ ശ്രവിക്കുവാനും, ദൈവവചനത്തിന്റെ ജ്ഞാനം കൊണ്ട് അവരെ പ്രബുദ്ധരാക്കുവാനും, ക്രിസ്തുവിന്റെ നാമത്തിൽ കൂദാശകൾ പരികർമ്മം ചെയ്യുവാനും, ഓരോരുത്തരെയും അവരുടെ കുടുംബങ്ങളെയും അനുഗമിക്കുവാനുമുള്ള ഉത്തരവാദിത്വമാണ് ഇടയരെന്ന നിലയിൽ അജപാലന ശുശ്രൂഷയിൽ നിവർത്തിക്കേണ്ടതെന്നും പാപ്പാ പറഞ്ഞു. ഏവരുടെയും സേവനങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
