തിരയുക

പത്രോസിന്റെ പിൻഗാമിയുടെ സംരക്ഷകർ പത്രോസിന്റെ പിൻഗാമിയുടെ സംരക്ഷകർ  (Vatican Media)

വത്തിക്കാൻ: സ്വിസ്സ് ഗാർഡുകൾക്കായുള്ള കെട്ടിടങ്ങൾ നവീകരിക്കാൻ തീരുമാനം

വത്തിക്കാനിൽ സേവനമനുഷ്‌ടിക്കുന്ന പൊന്തിഫിക്കൽ സ്വിസ് ഗാർഡുകൾക്കായി മെച്ചപ്പെട്ട താമസസൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ വത്തിക്കാൻ ഒപ്പുവച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റും, വത്തിക്കാനിലെ പേപ്പൽ സ്വിസ്സ് ഗാർഡുകൾക്കുള്ള ബാരക്കുകളുടെ നവീകരണത്തിനായുള്ള സ്ഥാപനവും തമ്മിലുള്ള ധാരണാപത്രം മെയ് നാല് ബുധനാഴ്ചയാണ് ഒപ്പുവച്ചത്.

1527-ൽ റോമാനഗരത്തിനെതിരെ നടന്ന അക്രമത്തിൽ ക്ലെമന്റ് ഏഴാമൻ മാർപാപ്പയെ സംരക്ഷിക്കുന്നതിനിടെ 147 സ്വിസ് സൈനികരുടെ കൊല്ലപ്പെട്ട സംഭവത്തെ അനുസ്മരിക്കുന്ന വേളയിൽ പൊന്തിഫിക്കൽ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞ നടക്കുന്ന അവസരത്തിലാണ്, മെച്ചപ്പെട്ട താമസസൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട ധാരണയായത്‌.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ, മുകളിൽ സൂചിപ്പിച്ച ഫൗണ്ടേഷന്റെ പ്രസിഡണ്ട് ഷാൻ-പിയർ റോത്, വൈസ് പ്രസിഡണ്ട് സ്റ്റേഫൻ കുൻ എന്നിവരാണ് ഇതുസംബന്ധിച്ച നിയമത്തിൽ ഒപ്പുവച്ചത്. ചടങ്ങിൽ സ്വിറ്റ്സർലൻഡ് അംബാസഡർ ഡെനി നൊബേലും സന്നിഹിതനായിരുന്നു.

നിയമപരമായ നിബന്ധനകൾ ഉൾക്കൊള്ളുന്നതല്ലെങ്കിലും, വത്തിക്കാനിലെ സ്വിസ്സ് ഗാർഡുകൾക്കും, അവരുടെ കുടുംബങ്ങൾക്കും മെച്ചപ്പെട്ടതും കൂടുതൽ പരിസ്ഥതി സൗഹൃദവുമായ പാർപ്പിടസൗകര്യങ്ങൾ ഒരുക്കുന്നതിന്, വത്തിക്കാൻ, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ഒരു ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഒപ്പിട്ട ധാരണാപത്രം.

പദ്ധതിക്ക് സാമ്പത്തികസഹായം ലഭ്യമാകുകയും, ആവശ്യമുള്ള അനുവാദങ്ങൾ ലഭിക്കുകയും ചെയ്‌താൽ, കെട്ടിടങ്ങളുടെ പുനരുദ്ധാരണനടപടികൾ 2025-ലെ ജൂബിലിസമാപനത്തിനുശേഷം ആരംഭിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2022, 17:54