തിരയുക

 കർദ്ദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി  (ANSA)

സൃഷ്ടിയുടെ പരിപാലനത്തിന് വൈക്തികവും സംഘാതവുമായ യത്നം അനിവാര്യം, കർദ്ദിനാൾ പരോളിൻ!

കർദ്ദിനാൾ പിയെത്രൊ പരോളിൻ, വടക്കുകിഴക്കെ ഇറ്റലിയിലെ വേനെത്തൊ പ്രദേശത്തുള്ള “സാൻ ജോർജൊ ഇൻ ബോസ്കൊ”യിലെ “ലൗദാത്തോ സീ” സംഘത്തിന് വെള്ളിയാഴ്ച (22/3/24)വീഡിയൊ സന്ദേശം നല്കി. പ്രകൃതി സംരക്ഷണ യത്നം നാമോരോരുത്തരിലൂടെയും കടക്കുകയും കൂട്ടായ പ്രവർത്തിലെത്തുകയും വേണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ പൊതുഭവനത്തെ എന്നും ഉപരിയവധാനതയോടുകൂടി പരിപാലിക്കുന്നതിന് സഹായകമായൊരു ജീവിതശൈലിയും ഉല്പാദനോപഭോഗരീതിയും ലക്ഷ്യം വയ്ക്കുന്ന ഒരു "പരിവർത്തനം" അന്താരാഷ്ട്ര നയങ്ങളിലും നമ്മുടെ ദൈനംദിന പ്രവർത്തികളിലും ആവശ്യമാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ.

വടക്കുകിഴക്കെ ഇറ്റലിയിലെ വേനെത്തൊ പ്രദേശത്തുള്ള “സാൻ ജോർജൊ ഇൻ ബോസ്കൊ”യിലെ “ലൗദാത്തോ സീ” സംഘത്തിന് വെള്ളിയാഴ്ച (22/3/24) നല്കിയ വീഡിയൊ സന്ദേശത്തിലാണ് അദ്ദേഹം സൃഷ്ടിയുടെ പരിപാലനത്തിൽ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനെക്കുറിച്ച് ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സൃഷ്ടിയുടെ പരിപാലനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നടത്തിവരുന്ന “സൃഷ്ടിക്കായുള്ള ചലച്ചിത്രം” എന്ന സംരംഭത്തിൻറെ മൂന്നാമത്തെ ഘട്ടത്തിലെത്തിനിലക്കുന്ന ഇക്കൊല്ലാം സ്വീകരിച്ചിരിക്കുന്ന  പ്രമേയം " ലോകത്തെ രക്ഷിക്കാനുള്ള ഊർജ്ജങ്ങളായ സൗന്ദര്യവും സ്നേഹവും കൊണ്ട് നമുക്ക് നമ്മെത്തന്നെ പരിപോഷിപ്പിക്കാം" എന്നതാണ്.

സംഘർഷങ്ങൾ, സ്വാർത്ഥത, നസ്സംഗത, അപരനെ ശ്രവിക്കാനുള്ള വൈമനസ്യം, സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന അവബോധത്തോടുകൂടി സഹകരിക്കുകയെന്ന ലളിതമായ ഒരു ചെയ്തിയിലും പരസ്പരാദരവോടുകൂടിയ പ്രവർത്തിയിലും അടങ്ങിയിരിക്കുന്ന വലിയ അവസരങ്ങൾ കാണാനുള്ള കഴിവില്ലായ്മ എന്നിവയാൽ മുദ്രിതമായിരിക്കുന്ന ഇന്നിൻറെ സാഹചര്യത്തിൽ ഈ പ്രമേയം സവിശേഷമാംവിധം പ്രസക്തമാണെന്ന് കർദ്ദിനാൾ പരോളിൻ തൻറെ സന്ദേശത്തിൽ വിശദീകരിക്കുന്നു.

നാമെല്ലാവരും ഏക കുടുംബത്തിലെ അംഗങ്ങളാണെന്ന അവബോധത്തിലേക്ക് നമ്മെ ആനയിക്കുന്നത് അഗാധമായ പരസ്പരബന്ധമാണെന്നും ഈ കുടുംബത്തിലെ ഒരംഗത്തിൻറെ തിരുമാനങ്ങളും പ്രവർത്തികളും മറ്റുള്ളവരുടെ മേൽ ആഴമേറിയ അനന്തരഫലങ്ങൾ ഉളവാക്കുമെന്നും അദ്ദേഹം പറയുന്നു.

ഒരുവനു മറഞ്ഞിരിക്കാൻ പറ്റിയ അതിരുകളും രാഷ്ട്രീയ മതിലുകളുമില്ലെന്നും നിസ്സംഗതയുടെ ആഗോളവൽക്കരണത്തിനും  ഒഴിവാക്കലിൻറെ പദ്ധതിയ്ക്കും, ഫ്രാൻസിസ് മാർപാപ്പാ ഇത്രയേറെ അപലപിച്ചിട്ടുള്ള വലിച്ചെറിയൽ സംസ്കാരത്തിനും ഇടമില്ലയെന്നും കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർക്കുന്നു.

പരിസ്ഥിതി നാശം, കരുതൽ പ്രകൃതിവിഭവ ശോഷണം, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രശ്നങ്ങളോടുള്ള അടിയന്തിരവും ഭാഗികവുമായ പ്രതികരണങ്ങളുടെ ഒരു പരമ്പരയായി പാരിസ്ഥിതിക സംസ്കാരത്തെ ചുരുക്കാൻ കഴിയില്ലയെന്ന്, ഫ്രാൻസീസ് പാപ്പായുടെ സുവ്യക്തമായ പ്രബോധനങ്ങൾ അനുസ്മരിച്ചുകൊണ്ട്, വ്യക്തമാക്കുന്ന അദ്ദേഹം, ഒരു സാങ്കേതിക മാതൃകയുടെ മുന്നേറ്റത്തെ ചെറുക്കുന്ന വ്യത്യസ്തമായ കാഴ്ചപ്പാടും ചിന്തയും നയവും വിദ്യാഭ്യാസ പരിപാടിയും  ജീവിതശൈലിയും  ആത്മീയതയുമാകണം ഈ സംസ്കൃതിയെന്ന് ഉദ്ബോധിപ്പിക്കുന്നു. ആകയാൽ ഒരു മാറ്റം ഇന്ന് സത്താപരമാണെന്നും അത് നാമോരോരുത്തരുടെയും പ്രവർത്തിയിലൂടെ കടന്നുപോകുകയും കൂട്ടായ പ്രവർത്തനത്തിലേക്കു നയിക്കുകയും വേണെമെന്നും കർദ്ദിനാൾ പരോളിൻ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2024, 11:32