തിരയുക

കാലം ചെയ്ത കർദ്ദിനാൾ പോൾ യോസഫ് കോർദെസ് കാലം ചെയ്ത കർദ്ദിനാൾ പോൾ യോസഫ് കോർദെസ് 

കർദ്ദിനാൾ പോൾ യോസഫ് കോർദെസ് കാലം ചെയ്തു, പാപ്പാ അനുശോചിച്ചു.

2016 അവസാനം വരെ പ്രവർത്തനനിരതമായിരുന്ന “കോർ ഊനും” പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായി 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ പോൾ യോസഫ് കോർദെസിന് റോമിൽ വച്ച് പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് (15/03/24) അന്ത്യം സംഭവിച്ചത്. 89 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിൻറെ നിര്യാണത്തിൽ പാപ്പാ ദുഃഖം രേഖപ്പെടുത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർദ്ദിനാൾ പോൾ യോസഫ് കോർദെസിൻറെ നിര്യാണത്തിൽ ഫ്രാൻസീസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി.

യുവജനലോകത്തിൻറെയും ദുർബ്ബലരുടെയും ആവശ്യങ്ങളിൽ ശ്രദ്ധപതിച്ചുകൊണ്ട് വിശ്വസ്തതയോടും ഉദാരതയോടുംകുടി കർത്താവിനെയും സഭയെയും സേവിച്ച സഹോദരനാണ് കർദ്ദിനാൾ കോർദെസ് എന്ന് പാപ്പാ തൻറെ അനുശോചനസന്ദേശത്തിൽ അനുസ്മരിക്കുന്നു. അനേകവർഷങ്ങൾ അദ്ദേഹം പരിശുദ്ധസിംഹാനത്തിനേകിയ സേവനങ്ങൾ പാപ്പാ കൃതജ്ഞതയോടെ സ്മരിക്കുന്നു.

2016 അവസാനം വരെ പ്രവർത്തനനിരതമായിരുന്ന “കോർ ഊനും” പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായി 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ പോൾ യോസഫ് കോർദെസിന് റോമിൽ വച്ച് പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് (15/03/24) അന്ത്യം സംഭവിച്ചത്. 89 വയസ്സായിരുന്നു പ്രായം.

ജർമ്മനിയിലെ കിർശൂണ്ടെം സ്വദേശിയായ കർദ്ദിനാൾ കോർദെസ് 1934 സെപ്റ്റംബർ 5-ന് ജനിച്ചു. 1961 ഡിസംബർ 21-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1976 ഫെബ്രവരി 1-ന് മെത്രാനായി അഭിഷിക്തനാകുകയും 2007 നവമ്പർ 24-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു. ജർമ്മനിയിലെ പാദെർബോൺ രൂപതയുടെ സഹായമെത്രാൻ, അല്മായർക്കായുള്ള പൊന്തിഫിക്കൽ സമിതിയുടെ ഉപാദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള കർദ്ദിനാൾ കോർദെസ് 1995 ഡിസംബർ 2 മുതൽ 2010 ഒക്ടോബർ 7 വരെ “കോർ ഊനും” പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു.

അദ്ദേഹത്തിൻറെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 238 ആയി താണു. ഇവരിൽ 129 പേർക്കാണ് പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളത്. ശേഷിച്ച് 109 പേർ 80 വയസ്സ് കഴിഞ്ഞവരാകയാൽ അവർക്ക് ഈ വോട്ടവകാശം ഇല്ല.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2024, 12:20