തിരയുക

വത്തിക്കാൻ വാർത്താവിഭാഗത്തിൻറെ ആസ്ഥാനമായ "പലാത്സൊ പിയൊ"യിലെ ഡിഷ് ആൻറിന വത്തിക്കാൻ വാർത്താവിഭാഗത്തിൻറെ ആസ്ഥാനമായ "പലാത്സൊ പിയൊ"യിലെ ഡിഷ് ആൻറിന 

വത്തിക്കാൻ വാർത്തകൾ ഇനി കന്നഡ ഭാഷയിലും!

ബാംഗ്ലൂർ അതിരൂപതയുടെ സഹകരണത്തോടെയാണ് വത്തിക്കാൻറെ വാർത്താ വിഭാഗം കന്നഡഭാഷ പ്രസിദ്ധീകരണത്തിന് ഉപയോഗിക്കുന്നത്. ഇതോടെ വത്തിക്കാൻറെ വാർത്താ വിഭാഗത്തിൽ ഉപയോഗിക്കപ്പെടുന്ന ഇന്ത്യൻ ഭാഷകൾ നാലായി. മലയാളം, തമിഴ്, ഹിന്ദി എന്നിവയാണ് ഇതര ഭാഷകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാൻ വാർത്താ വിഭാഗത്തിൻറെ ഔദ്യോഗിക ഇൻറർനെറ്റ് താളിൽ (web site) കന്നഡ ഭാഷയും ഇടംപിടിച്ചു.

ഇതോടെ, വത്തിക്കാൻ വാർത്താ വിഭാഗത്തിൽ ഉപയോഗിക്കപ്പെടുന്ന ഇന്ത്യൻ ഭാഷകൾ നാലായി. മലയാളം, തമിഴ്, ഹിന്ദി എന്നിവയാണ് ഇതര ഭാഷകൾ. വരമൊഴിയായൊ വാമൊഴിയായൊ വത്തിക്കാൻ റേഡിയോ ഉപയോഗിക്കുന്ന ഭാഷകൾ കന്നഡയോടുകൂടി 53 ആയി.

ബാംഗ്ലൂർ അതിരൂപതയുടെ സഹകരണത്തോടെയാണ് വത്തിക്കാൻറെ വാർത്താവിനിമയ വിഭാഗം കന്നഡഭാഷ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 2-ന് ചൊവ്വാഴ്ചയാണ് വത്തിക്കാൻ വാർത്താ വിഭാഗത്തിൻറെ ഇൻറർനെറ്റ് താളിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരണം ആരംഭിച്ചത്. ബാംഗ്ലൂർ ആർച്ച്ബിഷപ്പ് പീറ്റർ മച്ചാദൊ ഇത് ഉദ്ഘാടനം ചെയ്തു. കന്നഡ ഭാഷ പുരാതനമാണെങ്കിലും ജീവസുറ്റതാണെന്ന് വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൻറെ തലവനായ പാവൊളൊ റുഫീനി പറഞ്ഞു.

ദ്രാവിഡ ഭാഷകളിൽ പ്രമുഖ സ്ഥാനമുള്ള കന്നഡ ഇന്ത്യയിലെ പുരാതനമായ ഭാഷകളിൽ ഒന്നും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ കളിൽ 29-ാം സ്ഥാനത്തുള്ളതുമാണ്. ലോകത്ത് 6.4 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നു എന്നു കരുതപ്പെടുന്നു. ഇതിൽ 5.5 കോടിയോളം ആളുകളുടെ മാതൃഭാഷയാണ് കന്നഡ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2024, 12:23