തിരയുക

കർദ്ദിനാൾ പീയെത്രോ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി. കർദ്ദിനാൾ പീയെത്രോ പരോളിൻ, വത്തിക്കാൻ സംസ്ഥാനകാര്യദർശി. 

പാപ്പായുടെ സൗഖ്യവും തിരിച്ചുവരവും ആണ് പ്രധാനം, കർദ്ദിനാൾ പരോളിൻ!

കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ രാജിയെ സംബന്ധിച്ച ഊഹാപോഹങ്ങളെക്കുറിച്ച് ഇറ്റലിയിലെ ഒരു ദിനപ്പത്രത്തോട് പ്രതികരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിരർത്ഥകങ്ങളെന്ന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രോ പരോളിൻ.

ഫെബ്രുവരി 14 മുതൽ റോമിലെ ജെമേല്ലി ആശുപത്രിയിൽ ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്ന പാപ്പാ, തൽസ്ഥാനമൊഴിയുമെന്ന കിംവദന്തികളോട് ഇറ്റലിയിലെ “കൊറിയേരെ ദെല്ല സേര” എന്ന ദിനപ്പത്രത്തിന് അനുവദിച്ച ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാപ്പായുടെ സൗഖ്യവും വത്തിക്കാനിലേക്കുള്ള തിരിച്ചുവരവും ആണ് ഇപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ എന്നും കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജവാർത്തകൾക്കു പുറത്തുനില്ക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇത്തരം വാർത്തകളും അസ്ഥാനത്തുള്ളതും കടിഞ്ഞാണില്ലാത്തതുമായ ചില പ്രസ്താവനകളും ഉണ്ടാകുക ഒരു പരിധിവരെ സാധാരണമാണെന്നും കർദ്ദിനാൾ പരോളിൻ പ്രതികരിച്ചു.

ഇപ്പോൾ ജെമേല്ലി ആശുപത്രിയിൽ നിന്നു വരുന്ന വാർത്തകൾ പ്രോത്സാഹജനകങ്ങളാണെന്നും പാപ്പാ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കയാണെന്നും വത്തിക്കാനിൽ നിന്ന് ഔദ്യോഗിക രേഖകളും മറ്റും പാപ്പായ്ക്ക് എത്തിച്ചുകൊടുക്കുന്നുണ്ടെന്നും അതു സൂചിപ്പിക്കുന്നത് കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

പാപ്പായുടെ രാജിയെക്കുറിച്ച് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസിനോട് അർജന്തീനയിലെ “ല നസിയോൺ” എന്ന ദിനപ്പത്രം ചോദിച്ച ചോദ്യത്തിന് രാജിക്കായി സമ്മർദ്ദം ചെലുത്തുന്നതിൽ ഒരർത്ഥവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നല്കിവരുന്ന ചികിത്സയോട് പാപ്പാ നല്ലവണ്ണം പ്രതികരിക്കുന്നുണ്ട് എന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനം എന്നും കർദ്ദിനാൾ വിക്ടർ കൂട്ടിച്ചേർത്തു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഫെബ്രുവരി 2025, 12:09