തിരയുക

കർദ്ദിനാൾ ജോർജ് കൂവക്കാട് - ലോക, പാരമ്പര്യ മതനേതൃത്വങ്ങളുടെ എട്ടാമത് സമ്മേളനത്തിൽനിന്നുള്ള ഒരു ചിത്രം കർദ്ദിനാൾ ജോർജ് കൂവക്കാട് - ലോക, പാരമ്പര്യ മതനേതൃത്വങ്ങളുടെ എട്ടാമത് സമ്മേളനത്തിൽനിന്നുള്ള ഒരു ചിത്രം 

വികസനവും വിശ്വാസവും ഐക്യവുമാണ് മെച്ചപ്പെട്ട ഒരു നാളേക്കുള്ള വഴികൾ: കർദ്ദിനാൾ കൂവക്കാട്

മാനവികത യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഭീകരതയിൽ ജീവിക്കുന്ന ഇക്കാലത്ത് സമഗ്രവികസനവും ദൈവത്തിലുള്ള വിശ്വാസം നൽകുന്ന പ്രത്യാശയും പരസ്പരമുള്ള സഹകരണവുമാണ് മെച്ചപ്പെട്ട ഒരു നാളെയിലേക്ക് നമ്മെ നയിക്കുകയെന്ന് കർദ്ദിനാൾ ജോർജ് കൂവക്കാട്. അസ്താനയിൽ സെപ്റ്റംബർ 17, 18 തീയതികളിലായി നടന്ന ലോക, പാരമ്പര്യ മതനേതൃത്വങ്ങളുടെ എട്ടാമത് സമ്മേളനത്തിൽ സംസാരിക്കവെയാണ്, മതന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ ഇപ്രകാരം പ്രസ്താവിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മാനവികതയുടെ ശരിയായ വളർച്ചയ്ക്കും മെച്ചപ്പെട്ട ഒരു നാളേയ്ക്കുംവേണ്ടി, മത, ആദ്ധ്യാത്മികനേതൃത്വങ്ങൾക്ക് ഏറെ സംഭാവനകൾ നൽകാനാകുമെന്നും, സമൂഹത്തിന്റെ മാത്രമല്ല വ്യക്തികളുടെ വികസനവും ദൈവവുമായുള്ള ആഴമേറിയ ബന്ധവും, സഹോദരങ്ങൾ എന്ന നിലയിൽ പരസ്പരമുള്ള സഹകരണവും ഇതിന് ഏറെ പ്രധാനപ്പെട്ടവയാണെന്നും ഓർമ്മിപ്പിച്ച് മതന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ് കൂവക്കാട്. ഖസാഖ്സ്താനിലെ അസ്താനയിൽ (Astana) സെപ്റ്റംബർ 17, 18 തീയതികളിലായി നടന്ന ലോക, പാരമ്പര്യ മതനേതൃത്വങ്ങളുടെ എട്ടാമത് സമ്മേളനത്തിൽ  പങ്കെടുക്കവെ, സെപ്റ്റംബർ 17-ന് നടത്തിയ തന്റെ പ്രഭാഷണത്തിലാണ്, ഇരുളടഞ്ഞ ഇക്കാലത്ത് ഒരുമിച്ച് നിൽക്കുന്നതിലൂടെയേ നമുക്ക് വളർച്ച കൈവരിക്കാനും മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർക്കാനുമാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചത്.

പ്രത്യാശ നശിച്ച ഒരു കാലയളവിലൂടെയാണ് മാനവികത കടന്നുപോകുന്നതെന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന യുദ്ധങ്ങളുടെയും സായുധസംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ കർദ്ദിനാൾ കൂവക്കാട് (അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധയിടങ്ങളിൽ വിവിധസംസ്കാരങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിലും സമാധാനപൂർണ്ണമായ സഹവാസത്തിലുമുള്ള കുറവും, ആഗോളസംഘടനകളുടെ വളർന്നുവരുന്ന നിശബ്ദതയും മൂലം പ്രത്യാശ കുറഞ്ഞ ഒരു സാമൂഹികവ്യവസ്ഥിതിയിലൂടെയാണ് നാം കടന്നുപോകുന്നത്.

മെച്ചപ്പെട്ട ഒരു ലോകത്തിനും മാനവികതയ്ക്കും, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ആദ്ധ്യാത്മിക വളർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കർദ്ദിനാൾ കൂവക്കാട് ഓർമ്മിപ്പിച്ചു. ഈ മേഖലകളിലുള്ള വളർച്ച സമാധാനത്തിനും ഏറെ പ്രധാനപ്പെട്ടതാണെന്നും, ഇത്തരം വളർച്ചകൾ ചിലരിലേക്ക് മാത്രം ചുരുങ്ങിപ്പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവവുമായുള്ള ബന്ധം മാനവികതയ്ക്കും ലോകത്തിനും പ്രത്യാശയുടെ ഒരു കാഴ്ചപ്പാട് സ്വന്തമാക്കാൻ സഹായിക്കുന്നതാണെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ പ്രതിനിധി, മതപാരമ്പര്യങ്ങൾ പലയിടങ്ങളിലും സംസ്കാരങ്ങളും നാഗരികതയും സൃഷ്ടിച്ചത് അനുസ്മരിച്ചു. വിവിധ മതപാരമ്പര്യങ്ങൾക്ക് തങ്ങളിലെ ആഗോളമൂല്യങ്ങൾ സമൂഹത്തിൽ പരത്താനും, അതുവഴി കൂടുതൽ ഐക്യമുള്ള ഒരു ലോകം കെട്ടിപ്പടുക്കാനുമുള്ള ഉത്തരവാദിത്വവും അദ്ദേഹം എടുത്തുപറഞ്ഞു.

ഫ്രാൻസിസ് പാപ്പായുടെ "ഫ്രത്തെല്ലി തൂത്തി" എന്ന ചാക്രികലേഖനം പരാമർശിച്ചുകൊണ്ട്, നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടും സഹകരിച്ചുമാണ് വളരേണ്ടതെന്നും, അതുവഴി മാനവികതയ്ക്കും ലോകത്തിനും പ്രത്യാശ തിരികെ നൽകാൻ നമുക്ക് സാധിക്കുമെന്നും മതന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു. മാനവികകുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ നമ്മുടെ സാഹോദര്യം, മതങ്ങൾ തമ്മിലുള്ള സഹകരണത്തിനും നമ്മെ ക്ഷണിക്കുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 സെപ്റ്റംബർ 2025, 14:40