മുപ്പതിനാലാമത് ആഗോള രോഗീദിനത്തിന്റെ പ്രമേയം പ്രസിദ്ധീകരിച്ചു
വത്തിക്കാൻ ന്യൂസ്
" സമരിയാക്കാരന്റെ കാരുണ്യം: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് സ്നേഹിക്കുക", എന്നുള്ള 2026 ലെ മുപ്പതിനാലാമത് ലോക രോഗി ദിനത്തിനായുള്ള പ്രമേയം പ്രസിദ്ധീകരിച്ചു. വത്തിക്കാന്റെ സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കസ്റ്ററിയാണ് പ്രമേയം അറിയിച്ചുകൊണ്ട് വാർത്താക്കുറിപ്പ് ഇറക്കിയത്. ലിയോ പതിനാലാമൻ പാപ്പായാണ് ഈ പ്രമേയം ഏവരുടെയും വിചിന്തനത്തിനായി പ്രത്യേകം തിരഞ്ഞെടുത്തതെന്ന് ഡിക്കസ്റ്ററിയുടെ കുറിപ്പിൽ പറയുന്നു.
കള്ളന്മാരുടെ കരങ്ങളിൽ അകപ്പെട്ടു പോയ മനുഷ്യന്റെ ദുരിതത്തിൽ, അവനെ പരിപാലിച്ചുകൊണ്ട് സ്നേഹം പ്രകടമാക്കുന്ന സമരിയാക്കാരന്റെ സുവിശേഷമാതൃകയെ കേന്ദ്രീകരിച്ചുള്ള പ്രമേയം, അയൽക്കാരോടുള്ള നമ്മുടെ സ്‌നേഹത്തെ ഊന്നിപ്പറയുവാൻ ഉദ്ദേശിച്ചുള്ളതാണെന്നു വാർത്താകുറിപ്പിൽ പറയുന്നു.
പലപ്പോഴും ദാരിദ്ര്യം, ഒറ്റപ്പെടൽ, ഏകാന്തത എന്നിവ മൂലമുള്ള ദുർബലതയുടെ പശ്ചാത്തലത്തിൽ, സ്നേഹത്തിനു സാമീപ്യത്തിന്റെ മൂർത്തമായ ആംഗ്യങ്ങൾ ആവശ്യമെന്നും, അതിലൂടെ നമുക്ക് മറ്റുള്ളവരുടെ, പ്രത്യേകിച്ചും രോഗികളായ സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ ഏറ്റെടുക്കുവാൻ സാധിക്കുമെന്നും കുറിപ്പിൽ അടിവരയിട്ടുപറയുന്നു.
ഇന്നും നല്ല സമരിയക്കാരനായ യേശു, സഭയുടെ കൂദാശകളിലൂടെ, മുറിവേറ്റ മനുഷ്യരാശിക്ക് ആശ്വാസത്തിന്റെ എണ്ണയും, പ്രത്യാശയുടെ വീഞ്ഞും പകരുവാൻ അടുത്ത് ചെല്ലുന്നുവെന്നും, അത്, രോഗത്തിന്റെ ദൗർബല്യതയിൽ വേദനയനുഭവിക്കുന്നവർക്ക്, സഹായത്തിന്റെയും അടുപ്പത്തിന്റെയും കരങ്ങൾ നീട്ടുന്നതിന് പ്രചോദനം നൽകുന്നുവെന്നും കുറിപ്പിൽ എടുത്തു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: