തിരയുക

ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ 

ആയുധനിർമ്മാണരംഗത്തെ വളർച്ചയിലും ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗത്തിലും പ്രതിഷേധമറിയിച്ച് പരിശുദ്ധ സിംഹാസനം

ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗത്തിൽ അപലപിച്ചും ആയുധശേഖരണത്തിനായി രാജ്യങ്ങൾ നീക്കിവയ്ക്കുന്ന തുകയിലുണ്ടാകുന്ന വർദ്ധനവിൽ ആശങ്ക രേഖപ്പെടുത്തിയും പരിശുദ്ധ സിംഹാസനം. സെപ്റ്റംബർ 16 ചൊവ്വാഴ്ച ജനീവയിലെ ഐക്യരാഷ്ട്രസഭാകേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെ, അവിടേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ബാലസ്ത്രേറോയാണ് മനുഷ്യജീവനെതിരായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രസ്താവന നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ഉടമ്പടി അംഗീകരിച്ച് പ്രവർത്തികമാക്കുന്ന രാജ്യങ്ങളെ അഭിനന്ദിച്ചും, ഇപ്പോഴും ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ ശബ്ദമുയർത്തിയും പരിശുദ്ധ സിംഹാസനം. ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച ഉടമ്പടിയിൽ അംഗങ്ങളായുള്ള രാജ്യങ്ങൾ, സെപ്റ്റംബർ 16 ചൊവ്വാഴ്ച ജനീവയിലെ ഐക്യരാഷ്ട്രസഭാകേന്ദ്രത്തിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കവെയാണ്, ഇവിടേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ ആയുധശേഖരണത്തിലുണ്ടാകുന്ന വർദ്ധനവിനും ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗത്തിനും എതിരെ പ്രസ്താവന നടത്തിയത്.

ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെ പാർശ്വഫലമായി ദുരിതമനുഭവിക്കേണ്ടിവരുന്ന സാധാരണജനത്തെ സംരക്ഷിക്കുക, കൂടുതലായ നാശനഷ്ടങ്ങൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽവച്ചാണ് ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച ഉടമ്പടി നിലവിൽ വന്നതെന്ന് ഓർമ്മിപ്പിച്ച വത്തിക്കാൻ പ്രതിനിധി, എന്നാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഇത്തരം യുദ്ധോപകരണങ്ങൾ ഇപ്പോഴും വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുകയും സംഭരിക്കപ്പെടുകയും, കൈമാറ്റം ചെയ്യപ്പെടുകയും പല സായുധസംഘട്ടനങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നത് അപലപനീയമാണെന്ന് ഓർമ്മിപ്പിച്ചു.

സംഘർഷങ്ങളുടെ ഇരകളെ സഹായിക്കുന്നതിനും വിശക്കുന്നവർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനും സമഗ്രമാനവികവികസനം ഉറപ്പാക്കുന്നതിനും വേണ്ടി വച്ചിരിക്കുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോൾ, ആയുധങ്ങൾക്കായി ആഗോളതലത്തിൽ നീക്കിവച്ചിരിക്കുന്ന തുകയുടെ അനുപാതം വളരെയേറെ വർദ്ധിച്ചിരിക്കുകയാണെന്ന് ആർച്ച്ബിഷപ് ബാലത്രേറോ പ്രസ്താവിച്ചു. കഴിഞ്ഞ വർഷത്തെ ആഗോള സൈനികചിലവ് ഏതാണ്ട് 2.7 ട്രില്യൺ യുഎസ് ഡോളറിലധികമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ശാശ്വതമായ സമാധാനം ഉണ്ടാകുവാൻ വേണ്ടി ആഗോളതലത്തിൽ സൈനികശേഷി പരിമിതപ്പെടുത്തുവാനുള്ള കടമയെപ്പറ്റി ഓർമ്മിപ്പിച്ച വത്തിക്കാൻ പ്രതിനിധി, സ്വന്തം പ്രതിരോധത്തിനെന്ന പേരിൽ മത്സരിച്ചുള്ള ആയുധശേഖരണം നടക്കുന്ന തരത്തിലുള്ള പ്രവണതകളെ കുറ്റപ്പെടുത്തി. ഫലപ്രദമായ ആയുധനിയന്ത്രണത്തിനും നിരായുധീകരണത്തിനായുമുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കേണ്ടതിനും, മനുഷ്യാന്തസ്സും മൂല്യവും ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യവും അദ്ദേഹം ഉയർത്തിക്കാട്ടി.

സംഘർഷമല്ല സമാധാനമാണ് നമ്മുടെ ഏറ്റവും പ്രയപ്പെട്ട സ്വപ്നമെന്നും, സമാധാനം പടുത്തുയർത്താനായുള്ള ശ്രമം നാം സംയുക്തമായി എടുക്കണമെന്നുമുള്ള, ബംഗ്ലാദേശിൽ നടന്ന മതാന്തരസംവാദസമ്മേളനത്തിലേക്ക് സെപ്റ്റംബർ ഒൻപതിന് അയച്ച സന്ദേശത്തിലെ ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ആർച്ച്ബിഷപ് ബാലത്രേറോ ആവർത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 സെപ്റ്റംബർ 2025, 13:57