തിരയുക

അംഗങ്ങൾ പാപ്പായെ സന്ദർശിക്കുന്നു അംഗങ്ങൾ പാപ്പായെ സന്ദർശിക്കുന്നു   (ANSA)

പരിശുദ്ധ സിംഹാസനവും, വിയറ്റ്നാമും സംയുക്ത പ്രവർത്തന സംഘത്തിന്റെ 12-ാമത് യോഗം സമാപിച്ചു

പരിശുദ്ധ സിംഹാസനവും, വിയറ്റ്നാമും സംയുക്ത പ്രവർത്തനസംഘത്തിന്റെ ചർച്ചകൾക്കിടെ, ഉഭയകക്ഷി ബന്ധങ്ങളും ഏഷ്യൻ രാജ്യത്തെ കത്തോലിക്കാ സഭയുടെ സ്ഥിതിയും സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടതായി സംയുക്ത പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രത്തിൽ, കത്തോലിക്കാ സഭ ചെയ്ത സേവനങ്ങളെ അംഗങ്ങൾ എടുത്തു പറഞ്ഞു.

വത്തിക്കാൻ ന്യൂസ്

വിയറ്റ്നാമും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സംയുക്ത പ്രവർത്തന സംഘത്തിന്റെ പന്ത്രണ്ടാമത്തെ യോഗം, സെപ്റ്റംബർ 12 വെള്ളിയാഴ്ച, വത്തിക്കാനിൽ നടന്നു. തുടർന്ന് സംയുക്ത പ്രസ്താവന പ്രസിദ്ധീകരിക്കുകയും ചെയ്തു. പരിശുദ്ധ സിംഹാസന പ്രതിനിധി സംഘത്തിന്റെ തലവനും, സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടെ അണ്ടർസെക്രട്ടറിയുമായ മോൺസിഞ്ഞോർ മിറോസ്ലാവ് വച്ചോവ്‌സ്‌കിയും, വിദേശകാര്യ സഹമന്ത്രിയും വിയറ്റ്നാം  പ്രതിനിധി സംഘത്തിന്റെ തലവനുമായ ലെ തി തു ഹാങ്ങും യോഗത്തിന് അധ്യക്ഷത വഹിച്ചു.

ചർച്ചകൾക്കിടയിൽ, ഇരുപക്ഷവും ഉഭയകക്ഷി ബന്ധങ്ങളെയും വിയറ്റ്നാമിലെ കത്തോലിക്കാ സഭയുടെ സാഹചര്യത്തെയും അഭിസംബോധന ചെയ്തുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.

2024 മെയ് മാസത്തിൽ രാജ്യത്തിന്റെ തലസ്ഥാനമായ ഹനോയിയിൽ വച്ചാണ് പതിനൊന്നാമത് സമ്മേളനം നടന്നത്. തുടർന്ന് ഇരു രാജ്യങ്ങളും നടത്തിയ വിവിധ, ഉയർന്ന തലത്തിലുള്ള പ്രവർത്തനങ്ങൾ, സംതൃപ്തമായിരുന്നുവെന്നും പ്രസ്താവനയിൽ അടിവരയിട്ടു.

പുതിയ സമ്മേളനത്തിലൂടെ പരസ്പരമുള്ള  ബന്ധം കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള സന്നദ്ധത ഇരു  പ്രതിനിധികളും ആവർത്തിച്ചുവെന്നും പ്രസ്താവനയിൽ കുറിക്കുന്നു. കൂടാതെ, സംയുക്ത പ്രവർത്തന സംഘത്തിന്റെ സമ്മേളനങ്ങൾ ഭാവിയിൽ തുടരുവാനും ഇരുകൂട്ടരും  തീരുമാനിച്ചു. സൗഹൃദപരവും പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതുമായ" ഒരു അന്തരീക്ഷത്തിലാണ് പ്രവർത്തനം നടന്നതെന്നു സംയുക്തപ്രസ്താവനയിൽ എടുത്തു പറഞ്ഞു.

വിയറ്റ്നാമിൽ നിന്നുള്ള പ്രതിനിധിസംഘത്തെ, പരിശുദ്ധ പിതാവ് സ്വകാര്യ സദസിൽ സ്വീകരിച്ചുവെന്നും,  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ  പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഘർ എന്നിവരുമായും സംഘം കൂടിക്കാഴ്ച്ച നടത്തിയെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 സെപ്റ്റംബർ 2025, 14:18