തിരയുക

ലിയോ പതിനാലാമൻ പാപ്പാ അഗസ്റ്റീനിയൻ സഭയുടെ സുപ്പീരിയർ ആയിരുന്നപ്പോൾ - നൈജീരിയയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പാ അഗസ്റ്റീനിയൻ സഭയുടെ സുപ്പീരിയർ ആയിരുന്നപ്പോൾ - നൈജീരിയയിൽനിന്നുള്ള ഒരു ചിത്രം 

"കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ: 2001-2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും" ലിയോ പതിനാലാമൻ പാപ്പായുടെ പുസ്തകം

"കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ: 2001-2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും" എന്നപേരിൽ, ലിയോ പതിനാലാമൻ പാപ്പായുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും ചേർത്തുവച്ച പുസ്തകം അവതരിപ്പിച്ച് വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാലയും അഗസ്റ്റീനിയൻ സഭയും. ഒക്ടോബർ 15 ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് വത്തിക്കാൻ പ്രെസ് ഓഫീസ് പുറത്തുവിട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ അഗസ്റ്റീനിയൻ സഭയുടെ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് തയ്യാറാക്കിയ പ്രധാന രേഖകളും പ്രഭാഷണങ്ങളും ധ്യാനചിന്തകളും ഉൾപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറെടുത്ത് വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാലയും (Libreria Editrice Vaticana - LEV) അഗസ്റ്റീനിയൻ സഭയും. ഒക്ടോബർ 15 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് വ്യക്തമാക്കിയത്.

ഫ്രാങ്ക്ഫർട്ടിൽ ഒക്ടോബർ 15-ന് ആരംഭിക്കുന്ന പുസ്തകമേളയുടെ കൂടി പശ്ചാത്തലത്തിൽ, നാളിൽ വരെ എഡിറ്റ് ചെയ്യപ്പെടാത്ത ലിയോ പതിനാലാമൻ പാപ്പായുടെ പുസ്തകം വരും മാസങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുമെന്ന് അഗസ്റ്റീനിയൻ സഭയും വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാലയും ചേർന്ന് അറിയിച്ചു. "കൃപയ്ക്ക് കീഴിൽ സ്വതന്ത്രർ: 2001-2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും" എന്ന പേരിൽ പുറത്തിറക്കുന്ന ഈ പുസ്തകത്തിൽ, ലിയോ പതിനാലാമൻ പാപ്പാ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് നടത്തിയിട്ടുള്ള പ്രഭാഷണങ്ങൾ ഉൾപ്പെടുത്തുമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.

ലിയോ പതിനാലാമൻ പാപ്പായുടെ ആധ്യാത്മികത കൂടുതൽ അടുത്തറിയുവാനുള്ള ഒരു അവസരമാണ്, അദ്ദേഹത്തിന്റെ വിചിന്തനങ്ങളും, ധ്യാനചിന്തകളും, സുവിശേഷപ്രസംഗങ്ങളും, മറ്റ് പ്രഭാഷണങ്ങളും ഉൾപ്പെടുത്തുന്ന ഈ പ്രസിദ്ധീകരണം നൽകുന്നത്. 2026-ലെ വസന്തകാലത്ത് വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാല ഇറ്റാലിയൻ ഭാഷയിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കും.

ലിയോ പാപ്പാ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് തങ്ങളുടെ സഭയുമായി ബന്ധപ്പെട്ട് പ്രാധാന്യത്തോടെ കണ്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു ചിത്രംകൂടിയാണ് പുസ്തകം നൽകുകയെന്ന് അഗസ്റ്റീനിയൻ സഭയുടെ ഇപ്പോഴത്തെ പ്രിയോർ ജനറൽ ഫാ. ജോസഫ് ലോറൻസ് ഫാറൽ O.S.A. അറിയിച്ചു.

ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന പുസ്തകമേളയിൽ പാപ്പായുടെ ചിന്തകൾ ലോകം മുഴുവനും അറിയുന്ന രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചതിൽ വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാലയുടെ എഡിറ്റോറിയൽ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഫാ. ലൊറെൻസോ ഫസ്‌സീനി സന്തോഷം പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഒക്‌ടോബർ 2025, 13:52