മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലികൾക്കൊരുങ്ങി കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒക്ടോബർ 4, 5 തീയതികളിലായി മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലികൾക്കൊരുങ്ങി കത്തോലിക്കാസഭ. സമഗ്ര മാനവികവികസനത്തിനായുള്ള ഡികാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ജൂബിലി ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത സമൂഹങ്ങളെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും, വത്തിക്കാനിൽ പാപ്പാ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, ഞായറാഴ്ച അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലി തുടങ്ങി വിവിധ ജൂബിലി ആഘോഷങ്ങൾ ഒരുമിച്ചായിരിക്കും നടക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു..
മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലി
സന്ന്യസ്തരും അല്മായരുമുൾപ്പെടുന്ന മിഷനറിമാർക്കും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ആളുകൾക്കും, മിഷനറിമേഖലയുമായി ബന്ധപ്പെട്ട സംഘടനകൾക്കുമായാണ് "മിഷനറി ലോകത്തിന്റെ ജൂബിലി" സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ഒക്ടോബർ 4 ശനി
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പാ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തോടെയാകും ജൂബിലിയാഘോഷം ആരംഭിക്കുക. നൂറോളം രാജ്യങ്ങളിൽനിന്നുള്ള തീർത്ഥാടകർ ഈ ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂബിലിക്കായി റോമിലെത്തിയിരിക്കുന്ന എല്ലാ തീർത്ഥാടകർക്കും ഈ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുക്കാനാകും.
ഉച്ച കഴിഞ്ഞ് രണ്ടു മുതൽ അഞ്ച് വരെ മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലിയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ കടക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകുന്നേരം അഞ്ച് മുതൽ ആറേമുക്കാൽ വരെ പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ "ജനതകൾക്കിടയിലേക്കുള്ള ഇന്നത്തെ മിഷൻ: പുതിയ ചക്രവാളങ്ങളിലേക്ക്" എന്ന പേരിൽ ഒരുക്കിയിരിക്കുന്ന അന്താരാഷ്ട്ര മിഷനറി സമ്മേളനത്തിൽ തീർത്ഥാടകർക്ക് പങ്കെടുക്കാനാകും. സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗമാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഏഴര മുതൽ എട്ടര വരെയുള്ള സമയത്ത്, വത്തിക്കാൻ പരിസരത്തുള്ള ദേവാലയങ്ങളിലായി, വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർത്ഥാടകർക്ക് വിവിധ ഭാഷകളിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ഒൻപത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ "അന്താരാഷ്ട്ര മിഷനറി ജപമാല" പ്രാർത്ഥന നടക്കും. ഇതിലും എല്ലാ തീർത്ഥാടകർക്കും പങ്കെടുക്കാം.
ഒക്ടോബർ 5 ഞായർ
ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കുന്ന വിശുദ്ധ ബലിയുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം ഏഴുവരെ "കസ്തേൽ സാന്ത് ആഞ്ചെലോ" (Castel Sant’Angelo) യുടെ സമീപം "ജനതകളുടെ ആഘോഷം" എന്ന പേരിൽ വിവിധ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകളിൽ, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയുടെയും (Card. Luis Antonio G. Tagle), ഡിക്കസ്റ്ററിയിൽനിന്നുള്ള മറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യമുണ്ടായിരിക്കും.
കുടിയേറ്റക്കാരുടെ ജൂബിലി
ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള കുടിയേറ്റക്കാരായ ആളുകൾക്കുവേണ്ടിയുള്ള ജൂബിലിയും ഒക്ടോബർ നാല് അഞ്ച് തീയതികളിലായാണ് നടക്കുക. തൊണ്ണൂറ്റിയഞ്ചോളം രാജ്യങ്ങളിൽനിന്നുള്ള പതിനായിരം തീർത്ഥാടകർ ഈ ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്.
കുടിയേറ്റക്കാരുടെ ജൂബിലിയിൽ സംബന്ധിക്കുന്നവർക്കും മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലിയിൽ സംബന്ധിക്കുന്നവർക്കും വേണ്ടിയുള്ള ഭൂരിഭാഗം ചടങ്ങുകളും ഒരുമിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരുടെ ജൂബിലിയിൽ സംബന്ധിക്കുന്നവർക്കും ഒക്ടോബർ നാല് ശനിയാഴ്ച രാവിലെ പത്തുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടക്കുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിക്കാനും, ഉച്ച കഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ വിശുദ്ധ വാതിൽ കടക്കാനും സാധിക്കും.
ഒക്ടോബർ അഞ്ച് ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ ബലിയർപ്പണത്തിലും കുടിയേറ്റക്കാരുടെ ജൂബിലിയിൽ സംബന്ധിക്കുന്ന തീർത്ഥാടകർക്ക് പങ്കെടുക്കാനാകും.
കർദ്ദിനാൾ ഫാബിയോ ബാജിയോ (Card. Fabio Baggio), സമഗ്രമാനവികവികസനത്തിനുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ അണ്ടർ സെക്രെട്ടറി, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിലെ വിവിധ അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ, ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം ഏഴുവരെ "കസ്തേൽ സാന്ത് ആഞ്ചെലോ" യുടെ സമീപം "ജനതകളുടെ ആഘോഷം" എന്ന പേരിൽ നടത്തപ്പെടുന്ന വിവിധ കലാപരിപാടികളിലും കുടിയേറ്റക്കാരുടെ ജൂബിലിക്കായി എത്തിയവർക്ക് പങ്കെടുക്കാനാകും.
ചടങ്ങുകളുടെ ഭാഗമായി കേരളത്തിൽനിന്നുള്ള ലത്തീൻ സഭാംഗങ്ങൾ, ഫിലിപ്പീനി സമൂഹം തുടങ്ങി വിവിധ കൂട്ടായ്മകളിലും സമൂഹങ്ങളിലും നിന്നുള്ള വ്യക്തികളുടെ സാക്ഷ്യങ്ങളും കലാപരിപാടികളുമുണ്ടാകും. ഇറ്റലി, അഫ്ഗാനിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വ്യക്തികളാകും പരിപാടികളുടെ അവതരണചുമതല നിർവ്വഹിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: