"ജനകീയ പ്രസ്ഥാനങ്ങളുടെ " ജൂബിലി തീർത്ഥാടനവും അഞ്ചാം ആഗോള സമ്മേളനവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
"ജനകീയ പ്രസ്ഥാനങ്ങളുടെ" അഞ്ചാം ആഗോള സമ്മേളനവും, റോമിലേക്കുള്ള ജൂബിലി തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ച് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ്. പാവപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ ഉന്നമനം ലക്ഷ്യമാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ജനകീയപ്രസ്ഥാനങ്ങളും സഭയുമായുള്ള ബന്ധത്തിൽ പ്രധാനപ്പെട്ട ഒരു നിമിഷമായിരിക്കും റോമിൽ ഒക്ടോബർ 21 മുതൽ 24 വരെ നടക്കുന്ന അഞ്ചാം ആഗോള സമ്മേളനം.
ഒക്ടോബർ 25, 26 തീയതികളിലായി നടക്കുന്ന ജനകീയപ്രസ്ഥാങ്ങളുടെ ജൂബിലി തീർത്ഥാടനത്തിന്റെ ഭാഗമായി റോമിലെത്തുന്നവർക്ക് ഒക്ടോബർ 23 വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ലിയോ പതിനാലാമൻ പാപ്പാ പോൾ ആറാമൻ ശാലയിൽ പ്രത്യേക കൂടിക്കാഴ്ച അനുവദിക്കും. ഒക്ടോബർ 26 ഞായറാഴ്ച തീർത്ഥാടകർക്കായി വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പരിശുദ്ധ പിതാവ് വിശുദ്ധബലിയർപ്പിക്കും. ഒക്ടോബർ 15 ബുധനാഴ്ചയാണ് ഈ രണ്ട് പ്രധാന സംഭവങ്ങളും സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ പങ്കുവച്ചത്.
വത്തിക്കാന്റെ പ്രെസ് ഓഫീസിൽ ഒക്ടോബർ 15-ന് നടന്ന പ്രത്യേക അവതരണച്ചടങ്ങിൽ സംസാരിച്ച, സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി SJ (Card. M. Czerny, S.J.), പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള സത്യസന്ധമായ പ്രവർത്തനങ്ങൾ വിജയിക്കുന്നതിൽ പാവപ്പെട്ടവരുടെ പങ്കാളിത്തം ഒഴിച്ചുകൂടാനാകാത്തതാണെന്ന് ഓർമ്മിപ്പിച്ചു. ആളുകളുടെ അടിയന്തിര ആവശ്യങ്ങളിൽ അവരെ സഹായിക്കുക എന്നതിലേക്കൊതുങ്ങുന്ന പ്രവർത്തനങ്ങൾക്ക് ആപേക്ഷികമായ മൂല്യമേയുള്ളു എന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ, ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും ഘടനാപരമായ കാരണങ്ങളെ മറികടക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് പ്രസ്താവിച്ചു.
റോമിലുള്ള സ്പിൻ ടൈം ലാബ്സിൽ (Spin Time Labs) ഒക്ടോബർ 21 മുതൽ 24 വരെ തീയതികളിലായിരിക്കും ജനകീയപ്രസ്ഥാനങ്ങളുടെ അഞ്ചാം ആഗോള സമ്മേളനം നടക്കുക. 2013 മുതൽ "ആക്ഷൻ" (Action) പ്രസ്ഥാനം കൈവശപ്പെടുത്തിയതും നാനൂറോളം പാവപ്പെട്ടവർ താമസിക്കുന്നതുമായ പത്തുനിലകളുള്ള ഒരു കെട്ടിടമാണ് സ്പിൻ ടൈം ലാബ്സ്
റോം നഗരനേതൃത്വത്തിന്റെ കൂടി പിന്തുണയോടെ, 22 മുതൽ 24 വരെ വൈകുന്നേരങ്ങളിൽ റോമിലെ വിത്തോറിയോ ചത്വരത്തിൽ പ്രത്യേക ആഘോഷച്ചടങ്ങുകളും ജനകീയപ്രസ്ഥാനങ്ങളുടെ അഞ്ചാം ആഗോളസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
കർദ്ദിനാൾ ചേർനിക്ക് പുറമെ, ജനകീയപ്രസ്ഥാനങ്ങളുടെ ആഗോളസംഗമത്തിന്റെ സംഘടകനേതൃത്വം വഹിക്കുന്ന ഫാ. മത്തിയ ഫെറാറി (Fr. Mattia Ferrari), ആഫ്രിക്കയിലെ ജനകീയപ്രസ്ഥാനങ്ങളുടെ പ്രതിനിധി മിഷെലിൻ മ്‌വെന്തിക്കെ കമാത്തെ (Micheline Mwendike Kamate) എന്നിവരും പ്രെസ് ഓഫീസിലെ അവതരണച്ചടങ്ങുകളിൽ സംബന്ധിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: