മൂന്നാം സിനഡൽ സമ്മേളനത്തിന്റെ ഉപസംഹാരത്തിൽ പാപ്പായ്ക്ക് നന്ദിയർപ്പിച്ച് ഇറ്റാലിയൻ സഭ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മൂന്നാം സിനഡൽ അസംബ്ലിയുടെ സമാപനത്തിൽ, മക്കൾക്കടുത്ത സ്നേഹത്തിന്റെയും, ആത്മാർത്ഥമായ നന്ദിയുടെയും വാക്കുകൾ അറിയിച്ചുകൊണ്ട്, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സിനഡ് അംഗങ്ങൾ ഒരു കത്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്ക് കൈമാറി. സിനഡ് ഗ്രൂപ്പുകളുടെ ജൂബിലി ആഘോഷം, വിശ്വാസപ്രഖ്യാപനം പുതുക്കുന്നതിനും, ആത്മാവിനെ വിളിച്ചപേക്ഷിക്കുന്നതിനുമുള്ള ഒരു അവസരമായിരുന്നുവെന്നു കത്തിൽ പ്രത്യേകം അടിവരയിടുന്നു.
"ഐക്യത്തിൽ ജീവിക്കുവാനും, പ്രത്യാശയുടെ ആധികാരിക അടയാളമാകാനും, ക്രിസ്തീയ ദാനത്തിന്റെയും, സാഹോദര്യ സ്നേഹത്തിന്റെയും, പരസ്പര കരുതലിന്റെയും യഥാർത്ഥ പ്രകടനമാകാനു"മുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനത്തിന് അംഗങ്ങൾ കൃതജ്ഞതയറിയിച്ചു. സംഗ്രഹ രേഖയിലെ വോട്ടെടുപ്പോടെ, വരും വർഷങ്ങളിൽ ഇറ്റലിയിലെ സഭകളുടെ അജപാലന വീക്ഷണങ്ങൾ തയ്യാറാക്കുന്നതിനായി, പുറത്തുവന്ന ഫലങ്ങൾ, മെത്രാന്മാരുടെ വിവേചനാധികാരത്തിനു സമർപ്പിക്കുന്നുവെന്നും കത്തിൽ എടുത്തു പറയുന്നു.
2021 മുതൽ 2025 വരെയുള്ള ഈ വർഷങ്ങളിൽ, ആദ്യം സിനഡൽ പാത ആഗ്രഹിച്ച ഫ്രാൻസിസ് പാപ്പായെയും, തുടർന്ന് ഈ പാതയിൽ തുണയായി നിന്ന ലിയോ പതിനാലാമൻ പാപ്പായെയും കത്തിൽ പ്രത്യേകം എടുത്തു പറയുകയും, "ഐക്യത്തോടെ മുന്നോട്ട് പോകൂ പ്രത്യേകിച്ച് സിനഡൽ പാതയെക്കുറിച്ച് ചിന്തിക്കുക. […] ഐക്യത്തോടെ തുടരുക, ആത്മാവിന്റെ പ്രചോദനങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കരുത്. സിനഡാലിറ്റി എന്നത് ഹൃദയത്തിലും, തീരുമാനമെടുക്കൽ പ്രക്രിയകളിലും, പ്രവർത്തന രീതികളിലും ഒരു മാനസികാവസ്ഥയായി മാറട്ടെ." എന്നുള്ള പരിശുദ്ധ പിതാവിന്റെ വാക്കുകൾ പ്രത്യേകം അടിവരയിടുകയും ചെയ്തു.
പ്രാർത്ഥന, ശ്രവണം, പങ്കാളിത്തം എന്നിവയാൽ അടയാളപ്പെടുത്തിയ സിനഡൽ പാത, സഭയുടെ ജീവിതരീതിയും ദൗത്യവും വീണ്ടും കണ്ടെത്താൻ ഇറ്റാലിയൻ സഭയെ പ്രത്യേകം സഹായിച്ചുവെന്ന്, കത്തിൽ എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: