തിരയുക

ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

ലോകത്തിൽ അവിരാമ ആയുധമത്സരം ഉപരിയാശങ്കയുണർത്തുന്നു, വത്തിക്കാൻ!

അണുവായുധപരമായ പ്രതിരോധത്തിൻറെതായ മിഥ്യാധാരണയുടെ യുക്തിക്കപ്പുറം കടന്ന് സംഭാഷണത്തിൻറെയും സമഗ്ര നിരായുധീകരണത്തിൻറെയും പാത സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ആണവായുധങ്ങളുടെ വ്യാപനം ശേഖരണം എന്നിവ അതിശക്തം നിരസിക്കണമെന്ന് ധാർമ്മിക ഉത്തരവാദിത്വം നമ്മോടാവശ്യപ്പെടുന്നുവെന്നും ആർച്ചുബിഷപ്പ് ഗബ്രിയെലെ കാച്ച ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ വ്യക്തമാക്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി മന്ദഗതിയിലാകുമ്പോൾ, 2024ൽ സൈനിക ചെലവ് 2 ലക്ഷത്തി 700000 (2.7  ട്രില്യൺ) ഡോളറിലെത്തിയത് അംഗീകരിക്കാനാവില്ലയെന്ന് വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയെലെ കാച്ച.

അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്കിൽ, ഐക്യരാഷ്ട്രസംഘടനയുടെ എൺപതാമത് പൊതുയോഗത്തിൻറെ പ്രഥമ സമതിയുടെ ചർച്ചയിൽ നിരായുധീകരണത്തിൻറെ പ്രാധന്യം എടുത്തുകാട്ടിക്കൊണ്ട് അടുത്തയിടെ സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് കാച്ച.

ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങൾ അമേരിക്കൻ ഐക്യനാടുകൾ അണുബോംബിട്ട് തകർത്തതിൻറെയും രണ്ടാം ലോകയുദ്ധാന്ത്യത്തിൻറെയും ഐക്യരാഷ്ട്രസഭയുടെ സ്ഥാപനത്തിൻറെയും  80 വർഷങ്ങൾ പിന്നിട്ട ഒരു വേളയിലാണ് നാം എന്ന് അനുസ്മരിക്കുന്ന അദ്ദേഹം യുദ്ധത്തിൻറെ വിപത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കുന്നതിനായി വളരെ ശ്രദ്ധാപൂർവ്വം കെട്ടിപ്പടുത്ത നയതന്ത്രജ്ഞതയുടെയും ബഹുമുഖത്വത്തിൻറെയും ചൈതന്യത്തിനുമേൽ പ്രശ്നപരിഹൃതിയുടെ മാർഗ്ഗമെന്നോണം, ബലത്തിൻറെയും ഭയത്തിൻറെയും അപകടകരമായ പുനരുജ്ജീവനം കരിനിഴൽ പരത്തുന്നുവെന്ന് ആശങ്കപ്രകടിപ്പിക്കുന്നു.

അതിവിനാശകരമായ ശേഷിയുള്ള സൈനിക സംവിധാനങ്ങളിൽ കൃത്രിമബുദ്ധിയെ സംയോജിപ്പിക്കൽ, ബഹിരാകാശം, മിസൈൽ പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് മത്സരം വ്യാപിപ്പിക്കൽ എന്നിവയാൽ മുദ്രിതമായ നൂതനമായൊരു ആയുധമത്സരത്തിൻറെ ആവിർഭാവം ഉപരി അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും ഈ സംഭവവികാസങ്ങൾ നരകുലത്തിന് അഭൂതപൂർവ്വമായ അപകടമാണ് സൃഷ്ടിക്കുന്നതെന്നും ആർച്ചുബിഷപ്പ് കാച്ച മുന്നറിയേപ്പേകുന്നു.

അണുവായുധപരമായ പ്രതിരോധത്തിൻറെതായ മിഥ്യാധാരണയുടെ യുക്തിക്കപ്പുറം കടന്ന് സംഭാഷണത്തിൻറെയും സമഗ്ര നിരായുധീകരണത്തിൻറെയും പാത സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്ന അദ്ദേഹം, ആണവായുധങ്ങളുടെ വ്യാപനം ശേഖരണം എന്നിവ അതിശക്തം നിരസിക്കണമെന്ന് ധാർമ്മിക ഉത്തരവാദിത്വം നമ്മോടാവശ്യപ്പെടുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു.

കാരണം, അവയുടെ ഉപയോഗത്തിൻറെ വിനാശകരമായ മാനവിക പ്രത്യാഘാതങ്ങൾക്ക് ഭൂമിശാസ്ത്രപരമോ തലമുറസംബന്ധിയോ ആയ അതിരുകൾ ഉണ്ടായിരിക്കില്ലയെന്നും ആർച്ചുബിഷപ്പ് കാച്ച പറയുന്നു. സമൂലനാശം വിതയ്ക്കുന്ന ആയുധങ്ങൾ ഉയർത്തുന്ന ഭീഷണിയോടൊപ്പാം പരമ്പരാഗത ആയുധങ്ങളുടെ വ്യാപകമായ ഉപയോഗവും വ്യാപനവും ഉയർത്തുന്ന വെല്ലുവിളികളും ഗുരുതരമാണെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഒക്‌ടോബർ 2025, 11:35