ബഹിരാകാശത്തിന്റെ വിശാലത സൃഷ്ടിയുടെ രഹസ്യം ബോധ്യപ്പെടുത്തുന്നു:ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ബഹിരാകാശം മനുഷ്യരാശിക്ക് സഹകരണത്തിനും ശാസ്ത്രീയ കണ്ടെത്തലിനും അഭൂതപൂർവമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അതിന്റെ സമാധാനപരമായ ഉപയോഗത്തെ ഭീഷണിപ്പെടുത്തുന്ന അസ്വസ്ഥതപ്പെടുത്തുന്ന പ്രവണതകളും ഇന്ന് നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മപെടുത്തിക്കൊണ്ട് ഐക്യരാഷ്ട്ര സഭയിൽ വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 80-ാം യോഗത്തിന്റെ ആദ്യ സമിതിയിൽ,ബഹിരാകാശത്തെക്കുറിച്ചുള്ള പ്രമേയാധിഷ്ഠിത ചർച്ചയിലാണ്, ആർച്ചുബിഷപ്പ് പ്രസ്താവന അവതരിപ്പിച്ചത്.
ബഹിരാകാശത്തിന്റെ വിശാലത അപാരമായ അവസരങ്ങളുടെ ഒരു മേഖലയാണെന്നും, എന്നാൽ എല്ലാ മനുഷ്യരാശിയുടെയും പൊതുനന്മയ്ക്കായുള്ള കടമയിൽ നിന്ന് വേർപെടുത്താനാവാത്ത ഉത്തരവാദിത്വപൂർണ്ണമായ കാര്യനിർവ്വഹണം ഇത് ആവശ്യപ്പെടുന്നുണ്ടെന്നും ആർച്ചുബിഷപ്പ് സഭയെ ഓർമ്മപ്പെടുത്തി.
ബഹിരാകാശത്ത് എല്ലാത്തരം ആയുധങ്ങളും നിരോധിക്കാനുള്ള കരാറിൽ അന്താരാഷ്ട്ര സമൂഹം ഇതുവരെ സമവായം നേടിയിട്ടില്ല എന്നത് ഖേദകരമാണെന്നും ആർച്ചുബിഷപ്പ് സഭയെ അറിയിച്ചു. ഉപഗ്രഹവേധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ബഹിരാകാശ അധിഷ്ഠിത ആയുധങ്ങൾ ഉയർത്തുന്ന ഭീഷണിയും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളുടെയോ രാഷ്ട്രങ്ങളുടെയോ പ്രത്യേക താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യപ്പെടുന്നതിനുപകരം ഇപ്പോഴത്തെയും ഭാവിയിലുമുള്ള തലമുറകളുടെ പ്രയോജനത്തിനായി സംരക്ഷിക്കേണ്ട ഒരു പൊതു നന്മയാണ് ബഹിരാകാശം എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൗമിക വൈരാഗ്യങ്ങൾ പ്രപഞ്ചത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുപകരം, ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനും സൃഷ്ടിയെ സംരക്ഷിക്കുന്നതിനും എല്ലാ മനുഷ്യരാശിയുടെയും നന്മയ്ക്കായി സമാധാനം വളർത്തുന്നതിനും ബഹിരാകാശത്തിന്റെ അസാധാരണമായ സാധ്യതകൾ ഉപയോഗപ്പെടുത്താനും ആർച്ചുബിഷപ്പ് സഭയെ ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: