തിരയുക

കുട്ടികളുമായി കർദിനാൾ സംവദിക്കുന്നു കുട്ടികളുമായി കർദിനാൾ സംവദിക്കുന്നു   (© IlariaTassini)

പരസ്പരമുള്ള കൂടിക്കാഴ്ചയിലൂടെ മാത്രമേ ഭയവും, മുൻവിധികളും ഒഴിവാക്കാനാവൂ: കർദിനാൾ താഗ്ലെ

ഇറ്റലിയിലെ ഗോരിറ്റ്സിയ അതിരൂപതയുടെ നേതൃത്വത്തിൽ, "യൂറോപ്പ്, സംസ്കാരങ്ങൾ സംഭാഷണത്തിൽ. അതിർത്തികൾ മറികടന്ന് ഒരു യൂറോപ്യൻ സംസ്കാരത്തിന്റെ തലസ്ഥാനമാകുക" എന്ന വിഷയത്തിൽ നടത്തിയ യുവജന സംഗമത്തിൽ, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ സംസാരിച്ചു.

മൗറോ ഉൻഗാരോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

"മുൻവിധി ഭയത്തിന് കാരണമാകുന്നു, മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചകളിലൂടെയാണ് ഭയത്തെ മറികടക്കുന്നത്. മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ആദരവോടെയുള്ള സംഭാഷണത്തിൽ ഏർപ്പെടുന്നതിനുമുള്ള ആദ്യപടിയാണ് പരസ്പരം അറിയുക." ഈ വാക്കുകളോടെ, വത്തിക്കാന്റെ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ, ഇറ്റലിയിലെ ഗോരിറ്റ്സിയ അതിരൂപതയുടെ  നേതൃത്വത്തിൽ നടത്തിയ ഒരു യോഗത്തിൽ സംസാരിച്ചു. "യൂറോപ്പ്, സംസ്കാരങ്ങൾ സംഭാഷണത്തിൽ. അതിർത്തികൾ മറികടന്ന് ഒരു യൂറോപ്യൻ സംസ്കാരത്തിന്റെ തലസ്ഥാനമാകുക" എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. വിശ്വാസത്തിലും, കുടുംബത്തിലും, സാമൂഹിക ജീവിതത്തിലും  വ്യക്തിപരമായ അനുഭവങ്ങളും കർദിനാൾ പങ്കുവച്ചു.

ഇന്നത്തെ ലോകത്ത് സമാധാനം കെട്ടിപ്പടുക്കുന്നതിനും മറ്റുള്ളവരോട് കൂടുതൽ സഹാനുഭൂതി കാണിക്കുന്നതിനും യുവാക്കൾ എന്ന നിലയിൽ നമുക്ക് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്ന് ചോദിച്ചപ്പോൾ,  അടഞ്ഞ ഹൃദയങ്ങളിലേക്ക്  നയിക്കുന്നതും മറ്റുള്ളവരുടെ യാഥാർത്ഥ്യത്തിലേക്കും കഷ്ടപ്പാടിലേക്കും നമ്മെ അന്ധരാക്കുന്നതുമായ നിസ്സംഗതയുടെ വ്യാപനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ  ആശങ്കകൾ പങ്കുവച്ചു. അതിനാൽ യുവജനങ്ങൾ അവരുടെ ഹൃദയങ്ങളെ ഉണർത്തേണ്ടത് ഏറെ ആവശ്യമാണെന്നും കർദിനാൾ എടുത്തുപറഞ്ഞു.

യുവാക്കൾക്ക് മനുഷ്യ സമ്പർക്കം ആവശ്യമാണെന്നും, ജീവിതത്തിന്റെ അർത്ഥത്തിനായുള്ള അവരുടെ അന്വേഷണത്തിന് എല്ലായ്പ്പോഴും ഉത്തരം നൽകേണ്ടത് ആവശ്യമാണെന്നും പറഞ്ഞ കർദിനാൾ, മതങ്ങൾ യഥാർത്ഥത്തിൽ സമാധാനത്തിന്റെ ഉപകരണങ്ങളാകുന്നത് എങ്ങനെയെന്നും വിശദീകരിച്ചു. സ്നേഹത്തിനായി വിളിക്കുന്ന ഒരു വിശ്വാസത്തിന്റെ സംഘടിത പ്രകടനമാണ് ഓരോ മതങ്ങളെന്നും, എന്നാൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും, മതങ്ങൾ വിഭജിക്കാനും പ്രത്യയശാസ്ത്ര ഉപകരണങ്ങളായും ഉപയോഗിക്കുന്നത് നിർഭാഗ്യകരമെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. വൈവിധ്യങ്ങൾ ഏറെ മതങ്ങൾക്കിടയിൽ ഉണ്ടെങ്കിലും, അവ മുൻപോട്ടു വയ്ക്കുന്ന ഏകചിന്തകളെ മറന്നുപോകരുതെന്നും കർദിനാൾ ഓർമ്മപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 നവംബർ 2025, 12:13