വിവാഹത്തിന്റെ മൂല്യം ഉത്കൃഷ്ടമായ ഒത്തൊരുമയും, പരസ്പരബന്ധവുമാണ്: ഏകഭാര്യത്വത്തെ സംബന്ധിച്ച് കുറിപ്പ്
ഇസബെല്ല പിറോ, വത്തിക്കാൻ സിറ്റി
"അഭേദ്യമായ ഐക്യം" എന്ന് വിവാഹത്തെക്കുറിച്ചു നിർവചിച്ചുകൊണ്ട്, ഏകഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുകയും, വിവാഹത്തിന്റെ മൂല്യം എടുത്തു പറയുകയും ചെയ്യുന്ന ഒരു കുറിപ്പ്, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി പ്രസിദ്ധീകരിച്ചു. നവംബർ 21 ന് ലിയോ പതിനാലാമൻ അംഗീകരിച്ച കുറിപ്പ്, നവംബർ 25 നാണ് പ്രസിദ്ധീകരിച്ചത്.
വിവാഹ ബന്ധത്തിൽ പരസ്പരം പൂർണ്ണമായും സ്വയം സമർപ്പിക്കാൻ സാധിക്കണമെന്നും, അല്ലാത്തപക്ഷം അത് പങ്കാളിയുടെ അന്തസ്സിനെ മാനിക്കാത്ത ഒരു ഭാഗിക പങ്കുവയ്ക്കൽ മാത്രമായിരിക്കുമെന്നും രേഖ വിശദീകരിക്കുന്നു.
നിലവിലെ "സാങ്കേതിക ശക്തിയുടെ വികാസത്തിന്റെ ആഗോള പശ്ചാത്തലത്തിൽ" മനുഷ്യനെ "പരിധികളില്ലാത്ത ഒരു സൃഷ്ടി" ആയി സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും, ഇത് സ്നേഹത്തിന്റെ മൂല്യത്തിൽ നിന്ന് വളരെ അകലെയാണെന്നും രേഖയിൽ എടുത്തു പറയുന്നു. ഈ സാഹചര്യത്തിൽ, "കൃപയുടെ സഹായത്തോടെ" "ക്രിസ്തുവും അവന്റെ പ്രിയപ്പെട്ട വധുവായ സഭയും തമ്മിലുള്ള ഐക്യത്തെ" പ്രതിനിധീകരിക്കുന്ന ദാമ്പത്യ ഐക്യത്തിന്റെ സൗന്ദര്യത്തിന് ഊന്നൽ നൽകാൻ രേഖ ആഹ്വാനം ചെയ്യുന്നു.
വിവാഹം ഒരു പരിമിതിയല്ല, മറിച്ച് നിത്യതയിലേക്ക് തുറക്കുന്ന ഒരു പ്രണയത്തിന്റെ സാധ്യതയാണെന്ന് രേഖ ആവർത്തിക്കുന്നു. ഇവിടെ രണ്ട് ഘടകങ്ങൾ നിർണ്ണായകമായി എടുത്തു പറയുന്നു: പരസ്പരമുള്ള ആശ്രയത്വവും, ദാമ്പത്യ സ്നേഹവും. പരസ്പരമുള്ള ആശ്രയത്വമെന്നത്, ദമ്പതികളുടെ "സ്വതന്ത്ര സമ്മതത്തെ അടിസ്ഥാനമാക്കി", ത്രിത്വയ്ക കൂട്ടായ്മയുടെ പ്രതിഫലനമാണ്. അത് "വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും തടസ്സപ്പെടുത്താതെ" ഹൃദയങ്ങളെ ബന്ധപ്പെടുത്തിയുള്ളതാണെന്നും രേഖ എടുത്തു പറയുന്നു.
ഒരേ അന്തസ്സും, അതേ അവകാശങ്ങളുമുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തരുതെന്നും, ഒരുവന്റെ സ്വന്തം അസംതൃപ്തികൾ പരിഹരിക്കാനുള്ള ഒരു ഉപാധിയാക്കരുതെന്നും, ഒരുവന്റെ ശൂന്യത ഒരിക്കലും "മറ്റൊരാളുടെ ആധിപത്യത്തിലൂടെ" നിറവേറ്റരുതെന്നും രേഖ എടുത്തു പറയുന്നതോടൊപ്പം, അക്രമം, അടിച്ചമർത്തൽ, മാനസിക സമ്മർദ്ദം, നിയന്ത്രണം എന്നിങ്ങനെയുള്ള അനാരോഗ്യകരമായ കാര്യങ്ങളെ അപലപിക്കുകയും ചെയ്യുന്നു.
ഏകാന്തതയിൽ നിന്നുള്ള സമ്പൂർണ്ണ മോചനമല്ല, വിവാഹം ലക്‌ഷ്യം വയ്ക്കുന്നതെന്നും, മറിച്ച് തമ്മിൽ നിരസിക്കാതെ, വിശ്വാസവും പുതിയ വെല്ലുവിളികളെ നേരിടാനുള്ള കഴിവും ആർജ്ജിച്ചുകൊണ്ട് പരസ്പരം, മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയണമെന്ന് രേഖ എടുത്തു പറയുന്നു.
സ്നേഹത്തിൽ വളരുവാനുള്ള വിലയേറിയ ഒരു മാർഗ്ഗമായി പ്രാർത്ഥനയേയും രേഖ എടുത്ത് പറയുന്നു . വ്യക്തികളെന്ന നിലയിൽ പക്വത പ്രാപിക്കുന്നതിന് ദമ്പതികൾ തമ്മിലുള്ള പരസ്പര സഹായവും, പരസ്പര ബന്ധവും പ്രധാനപ്പെട്ടതാണെന്നു രേഖ ചൂണ്ടിക്കാണിക്കുകയും, ദമ്പതികൾക്ക് സ്വയം വിശുദ്ധീകരിക്കാനും സ്നേഹത്തിൽ വളരാനും കഴിയുന്ന "വിലയേറിയ മാർഗം" പ്രാർത്ഥനയാണെന്ന് അടിവരയിടുകയും ചെയ്യുന്നു.
ലൈംഗികതയെ "ശരീരത്തിലും ആത്മാവിലും" മനസ്സിലാക്കാൻ യഥാർത്ഥ സ്നേഹത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും, എല്ലാ ലൈംഗിക പ്രവർത്തനങ്ങളുടെയും വ്യക്തമായ ഉദ്ദേശ്യം, സ്വയദാനവും, മറ്റേയാളുടെ നന്മയും ആയിരിക്കണമെന്നും രേഖ എടുത്തു പറയുന്നു. ലൈംഗികതയുടെയും വിവാഹത്തിന്റെയും ഏകീകൃത ഉദ്ദേശ്യത്തെ നിഷേധിക്കുന്ന "ഉത്തരാധുനിക ഉപഭോക്തൃ വ്യക്തിവാദത്തിന്റെ പശ്ചാത്തലത്തിൽ" വിശ്വസ്തമായ സ്നേഹത്തിന്റെ സാധ്യത എങ്ങനെ സംരക്ഷിക്കാൻകഴിയുമെന്ന ചോദ്യവും ഉത്തരവും രേഖ മുൻപോട്ടു വയ്ക്കുന്നുണ്ട്.
എളിമ അപ്രത്യക്ഷമാകുകയും, പ്രതീകാത്മകവും ലൈംഗികവുമായ അതിക്രമങ്ങൾ പെരുകുകയും ചെയ്യുന്ന സോഷ്യൽ നെറ്റുവർക്കുകളുടെ പ്രപഞ്ചം ഒരു പുതിയ വിദ്യാഭ്യാസ പ്രക്രിയയുടെ അടിയന്തിരാവസ്ഥ ചൂണ്ടിക്കാണിക്കുന്നുവെന്നു രേഖ പറയുന്നു. സ്നേഹത്തെ കേവലം ഒരു പ്രേരണയായി മാത്രമല്ല, മറിച്ച് ഉത്തരവാദിത്തത്തിലേക്കുള്ള ആഹ്വാനമായും "മുഴുവൻ വ്യക്തിയുടെയും പ്രത്യാശയ്ക്കുള്ള പാത " ആയി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും രേഖയിൽ കുറിച്ചിരിക്കുന്നു.
പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിനായി, ദമ്പതികൾ ഒരുമിച്ച് ദരിദ്രരോടുള്ള ശ്രദ്ധ പരിശീലിക്കണമെന്നും രേഖ ഓർമ്മിപ്പിക്കുന്നു. "ഓരോ ആധികാരിക വിവാഹവും രണ്ട് വ്യക്തികൾ ചേർന്ന ഒരു ഐക്യമാണ്, അതിന് മറ്റുള്ളവരുമായി പങ്കിടാൻ കഴിയാത്തവിധം അടുപ്പമുള്ളതും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു ബന്ധം ആവശ്യമാണ്". ഐക്യവും അവിഭാജ്യതയും എന്നീ രണ്ടു മൂല്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് രേഖ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ രീതിയിൽ മാത്രമേ ദാമ്പത്യ പ്രണയം ഒരു ചലനാത്മക യാഥാർത്ഥ്യമാകുകയുള്ളൂവെന്നും രേഖയിൽ കുറിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: