തിരയുക

ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച  

സംഭാഷണത്തിലൂടെയും, സഹകരണത്തിലൂടെയും മാത്രമേ യഥാർത്ഥ പുരോഗതി കൈവരിക്കാൻ സാധിക്കൂ: ആർച്ചുബിഷപ്പ് കാച്ച

സമീപ കിഴക്കൻ മേഖലയിലെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയെക്കുറിച്ചുള്ള കമ്മീഷൻ സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച പ്രസ്താവന നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച, സമീപ കിഴക്കൻ മേഖലയിലെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയെക്കുറിച്ചുള്ള കമ്മീഷൻ സമ്മേളനത്തിൽ, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള, പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ട്, പ്രസ്താവന നടത്തി. സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും സമാധാനം സംസ്ഥാപിക്കുവാൻ അന്താരാഷ്ട്ര സമൂഹങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഏജൻസിയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച ആർച്ചുബിഷപ്പ്, രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ശക്തിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഏജൻസിയുടെ പ്രവർത്തനങ്ങൾ മാനവികത,  നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ തത്വങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും, ഏജൻസിക്കെതിരെ നടന്ന ആക്രമണങ്ങളെ അപലപിക്കുകയും, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

അന്താരാഷ്ട്രതലത്തില് അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ  സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും തോളോടുതോൾ ചേർന്ന് ജീവിക്കുന്ന ഇസ്രായേലിനും പലസ്തീനും പരിശുദ്ധ സിംഹാസനം  പിന്തുണ ആവർത്തിച്ചു. ബലപ്രയോഗത്തിലൂടെയല്ല, ബഹുമുഖത്വം, ക്ഷമയുള്ള സംഭാഷണം, എല്ലാവരെയും ഉൾകൊള്ളുന്ന സഹകരണം എന്നിവയിലൂടെ മാത്രമേ യഥാർത്ഥ പുരോഗതി കൈവരിക്കാൻ  കഴിയൂ എന്നും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 നവംബർ 2025, 11:58