തിരയുക

ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച 

വിവരസാങ്കേതികവിദ്യകൾ ഏവർക്കും പ്രാപ്യമാകണം: ഐക്യരാഷ്ട്രസഭയോട് ആർച്ച്ബിഷപ് കാച്ച

ഏവർക്കും ഒരുപോലെ ലഭ്യമാകുന്ന രീതിയിൽ വേണം വിവരസാങ്കേതികവിദ്യകൾ പങ്കുവയ്ക്കപ്പെടുന്നതെന്ന് ആർച്ച്ബിഷപ് കാച്ച. ഡിസംബർ 16, 17 തീയതികളിലായി ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്, വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് നടന്ന ആഗോള ഉച്ചകോടിയിൽ സംസാരിക്കവെയാണ് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മനുഷ്യാന്തസ്സ്‌ ഉറപ്പാക്കിയും, പൊതുനന്മ ലക്ഷ്യമാക്കിയും, വിവരസാങ്കേതികവിദ്യകൾ ഏവർക്കും തുല്യമായ രീതിയിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് പരിശുദ്ധ സിംഹാസനം ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഡിസംബർ 16, 17 തീയതികളിൽ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ആഗോള ഉച്ചകോടിയിൽ (World Summit on the Information Society) സംസാരിക്കവേ, ഇവിടേക്കുള്ള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ചയാണ് (H.E. Archbishop Gabriele Caccia) ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.

വിവരസാങ്കേതിക വിദ്യയിലുള്ള മുന്നേറ്റം, പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിലെ വളർച്ച, ദാരിദ്ര്യനിർമ്മാർജ്ജനം, സാമ്പത്തിക വളർച്ച, സാമൂഹികവികസനം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് അഭിപ്രായപ്പെട്ട പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി, എന്നാൽ, അവയുമായി ബന്ധപ്പെട്ട് നടത്തുന്ന തെറ്റായ തിരഞ്ഞെടുപ്പുകൾ വലിയ പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്ന് ഓർമ്മിപ്പിച്ചു.

നിർമ്മിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട മേഖലയിൽ ധാർമ്മിക വിചിന്തനവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട വത്തിക്കാൻ പ്രതിനിധി, നിർമ്മിതബുദ്ധിയുടെ ഉപയോഗം മാനവികതയുടെ കാഴ്ചപ്പാടുകളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രസ്താവിച്ചു.

വിവരസാങ്കേതിക വിദ്യകൾ വികസ്വര രാജ്യങ്ങൾ ഉൾപ്പെടെ ഏവർക്കും സംലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച ആർച്ച്ബിഷപ് കാച്ച, ആധുനികസാങ്കേതിക വിദ്യകളുടെ ഉപയോഗത്തിൽ ഉണ്ടാകേണ്ട ധാർമ്മിക, നിയമ വ്യവസ്ഥകൾ കൃത്യമായ രീതിയിൽ നിർവ്വചിക്കപ്പെടേണ്ടതിന്റെയും, ഏവരുടെയും പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യം ഉയർത്തിക്കാട്ടി.

വരുന്ന പത്ത് വർഷങ്ങളിൽ, സാങ്കേതികവിദ്യയിൽ ഇപ്പോഴത്തെ വികസനങ്ങളും കണ്ടെത്തലുകളും, മുഴുവൻ മാനവികതയ്ക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കപ്പെടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച വത്തിക്കാൻ പ്രതിനിധി, മനുഷ്യാന്തസ്സും, പൊതുനന്മയും, നീതിബോധവും, ഐക്യദാർഢ്യവും ജീവനോടുള്ള ബഹുമാനവും പരിപാലിക്കപ്പെടണമെന്ന്, നവംബർ 3-ന് നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട പ്രവർത്തകർക്കായി നൽകിയ സന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പാ മുന്നോട്ടുവച്ച ആഹ്വാനം പരാമർശിച്ചുകൊണ്ട് പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഡിസംബർ 2025, 14:07