"നൊസ്ത്ര അയെത്താത്തെ", സഭയുടെ സംഭാഷണമുഖം വെളിപ്പെടുത്തി: കർദിനാൾ കൂവക്കാട്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അക്രമങ്ങളും, യുദ്ധങ്ങളും മനുഷ്യനെ പരിഭ്രാന്തിയിലും, ഭീതിയിലും ആഴ്ത്തിയിരിക്കുന്ന സാഹചര്യത്തിൽ, സംഭാഷണം, പരസ്പര ബഹുമാനം, സാർവത്രിക സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ രേഖയായ, "നൊസ്ത്ര അയെത്താത്തെ" ഇന്നും ഏറെ പ്രാധാന്യമർഹിക്കുന്നു. വത്തിക്കാൻ മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ ജോർജ് കൂവക്കാട്, സമകാലിക ധ്രുവീകരണങ്ങളെ അഭിമുഖീകരിക്കുമ്പോൾ അനുരഞ്ജന പ്രഖ്യാപനത്തിന്റെ പ്രസക്തി ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിവ. സംഭാഷണം എന്നത് വെറുമൊരു തന്ത്രമോ സ്വന്തം വ്യക്തിത്വത്തെ ഉപേക്ഷിക്കുന്നതോ അല്ലെന്നും, അത് പിതാവായ ദൈവത്തിന്റെ സ്നേഹത്താൽ പരസ്പരം സഹോദരീസഹോദരന്മാരായി തിരിച്ചറിയാനുള്ള പാതയാണെന്നും കർദിനാൾ രേഖയുടെ വെളിച്ചത്തിൽ ചൂണ്ടിക്കാട്ടി.
മറ്റ് മതങ്ങളുടെ അനുയായികളെ അപരിചിതരായിട്ടല്ല, സത്യത്തിന്റെ പാതയിലെ കൂട്ടാളികളായി നേരിടാൻ നമ്മെ പഠിപ്പിക്കുന്നു എന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും കർദിനാൾ ഉദ്ധരിച്ചു. മറ്റ് മതങ്ങളിലെ വിശ്വാസികളുടെ ജീവിതത്തിൽ മാത്രമല്ല, അവർ ഉൾപ്പെടുന്ന മതപാരമ്പര്യങ്ങളിലും ഉൾക്കൊള്ളുന്ന മൂല്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് കത്തോലിക്കാ സ്വത്വത്തിന്റെ പരമ്പരാഗത അടിത്തറകൾ ഉപേക്ഷിക്കാതെ സംഭാഷണത്തിന്റെയും ശ്രവണത്തിന്റെയും പൂർണ്ണതയിലേക്കുള്ള ഒരു പരിവർത്തനത്തിനാണ് ഈ പ്രമാണരേഖ ആഹ്വാനം നൽകുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ധ്രുവീകരണം, ഭിന്നത, ആത്മാർത്ഥവും ശാന്തവുമായ സംഭാഷണത്തിന്റെ അഭാവം എന്നിവയുടെ പശ്ചാത്തലത്തിൽ മതാന്തര സംഭാഷണത്തിന്റെ പ്രസക്തി ഇന്ന് ഏറിയിരിക്കുന്നുവെന്നും, ഇതിനു സാക്ഷ്യം നൽകുന്നതായിരുന്നു, തുർക്കിയെയിലെയും, ലെബനനിലെയും പാപ്പായുടെ സന്ദർശനങ്ങൾ എന്നതും അദ്ദേഹം അടിവരയിട്ടു. എന്നാൽ സംഭാഷണം ഉപരിപ്ലവമോ, വെറും തന്ത്രമോ ആകരുതെന്നും, മറിച്ച്, സംഭാഷണത്തിനുള്ള ആഴത്തിലുള്ള പ്രചോദനം ദൈവശാസ്ത്രപരമായിരിക്കണമെന്നും രേഖയുടെ വെളിച്ചത്തിൽ കർദിനാൾ വിശദീകരിച്ചു.
ഔദ്യോഗിക സംഭാഷണങ്ങളിൽ സ്ത്രീകൾക്കും യുവാക്കൾക്കും പലപ്പോഴും പ്രാതിനിധ്യം കുറയുന്നതും, തെറ്റായ വിവരങ്ങളും അൽഗോരിതങ്ങളും, വിദ്വേഷ പ്രസംഗങ്ങളും, മതപരമായ നിസ്സംഗതയുമെല്ലാം ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളികളാണെന്നും, അതിനാൽ, കത്തോലിക്കാ സഭയ്ക്കുള്ളിൽ, മതാന്തര സംഭാഷണത്തിന്റെ തത്വങ്ങളിൽ കൂടുതൽ അവബോധവും പരിശീലനവും ആവശ്യമാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. അപരനെ ഒഴിവാക്കുന്നതും, മാറ്റിനിർത്തുന്നതും ഏതൊരു മതത്തിന്റെയും സ്വത്വത്തിനു ഘടകവിരുദ്ധമാണെന്നും, പൊതുനന്മയുടെ സേവനത്തിൽ സഹകരിക്കാനും നിലവിലെ വെല്ലുവിളികളെ നേരിടുന്നതിന് സമൂഹത്തിന്റെ ആത്മീയവും ധാർമ്മികവുമായ പൈതൃകം രൂപപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുവാനും എല്ലാ മതങ്ങൾക്കും സാധിക്കണമെന്നും കർദിനാൾ പറഞ്ഞു.
തുടർന്ന് മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രവർത്തനങ്ങളും അദ്ദേഹം വിവരിച്ചു. ജനങ്ങൾക്കിടയിൽ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള മതാന്തര സംഭാഷണത്തിന് സംഭാവനകൾ നൽകുവാൻ, പാപ്പാമാരുടെ പ്രബോധനങ്ങൾക്കും, ഡിക്കാസ്റ്ററിയുടെ ദൗത്യങ്ങൾക്കും സാധിച്ചിട്ടുണ്ടെന്ന സന്തോഷവും കർദിനാൾ പങ്കുവച്ചു. പരസ്പരമുള്ള ബന്ധവും, സഹകരണവും, സംവാദ സംസ്കാരവുമെല്ലാം ജീവിതത്തിന്റെ പ്രതിബദ്ധതയായി ഏറ്റെടുക്കണമെന്ന ആഹ്വാനവും കർദിനാൾ കൂവക്കാട് നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: