ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം എടുത്തുകാട്ടിയും ഉക്രൈൻ സ്ഥിതിയിൽ അപലപിച്ചും കർദ്ദിനാൾ പരൊളീൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിവിധ രാജ്യങ്ങളുൾപ്പെടുന്ന പ്രതിസന്ധിഘട്ടങ്ങളിൽ അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഐക്യരാഷ്ട്രസഭയാണ് മുൻപിൽ നിൽക്കേണ്ടതെന്നും, പീസ് ബോർഡിൽ പരിശുദ്ധസിംഹാസനം പങ്കെടുക്കില്ലെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. ലാറ്ററൻ കരാറിന്റെ വാർഷികവുമായി ബന്ധപ്പെട്ട് വത്തിക്കാനിലേക്കുള്ള ഇറ്റലിയുടെ എംബസിയിൽ വച്ചുനടന്ന പ്രത്യേക പരിപാടിയിൽ സംബന്ധിക്കാനെത്തിയ വേളയിലാണ് കർദ്ദിനാൾ പരൊളീൻ നിലവിലെ അന്താരാഷ്ട്രപ്രശ്നങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.
ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവേ, ഏതാണ്ട് നാല് വർഷങ്ങളായി ഇത്തരമൊരു യുദ്ധം ഇനിയും നാശം വിതച്ചുകൊണ്ട് തുടരുന്നതിനെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അപലപിച്ചു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ നിലവിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, എന്നാൽ കാര്യങ്ങൾ ഏറെ ആശാവഹമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
സമാധാന ബോർഡിൽ (Peace Board) നിരീക്ഷകസ്വഭാവത്തോടെ ഇറ്റലി പങ്കെടുക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച കർദ്ദിനാൾ പരൊളീൻ, പരിശുദ്ധസിംഹാസനം ഇതിൽ പങ്കെടുക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളഞ്ഞു. അന്താരാഷ്ട്രതലത്തിൽ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയ്ക്കുള്ള പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
കിയെവ് പോലെയുള്ള ഉക്രൈൻ നഗരങ്ങളിൽ തുടരുന്ന ബോംബാക്രമണങ്ങൾ അവിടെയുള്ള ഊർജ്ജവിതരണകേന്ദ്രങ്ങൾ തകർക്കുന്നത് കർദ്ദിനാൾ പരൊളീൻ പ്രത്യേകം പരാമർശിച്ചു. സമാധാനവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളുടെയും ഭാഗത്തുനിന്ന് വലിയ പുരോഗതി കാണുന്നില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു.
പരിശുദ്ധസിംഹാസനവും ഇറ്റലിയുമായുള്ള നല്ല ഉഭയകക്ഷിബന്ധത്തെക്കുറിച്ച് സംസാരിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, ഇറ്റലി സഭയ്ക്ക് പ്രധാനപ്പെട്ട വിഷയങ്ങളിൽ എടുക്കുന്ന അനുകൂലനിലപാടുകളെക്കുറിച്ച്, പ്രത്യേകിച്ച് സാമൂഹ്യവിഷയങ്ങളിലും കുടുംബങ്ങളുമായും വിദ്യാഭ്യാസവുമായും ശാരീരിക, മാനസികകുറവുകൾ അനുഭവിക്കുന്ന വ്യക്തികളുമായും, തടവുകാരുമായും ബന്ധപ്പെട്ട് എടുക്കുന്ന നയങ്ങളെക്കുറിച്ച് പരിശുദ്ധ സിംഹാസനം നന്ദി പറഞ്ഞിരുന്നുവെന്ന് അനുസ്മരിച്ചു. ഇറ്റലിയുടെ പ്രസിഡന്റ് സേർജിയോ മത്തരെല്ലയും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: