തിരയുക

പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഒരു രോഗിയെ ആശീർവദിക്കുന്നു പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഒരു രോഗിയെ ആശീർവദിക്കുന്നു   (ANSA)

ആഗോള രോഗീ ദിനം പെറുവിലെ ചിക്ലായോ രൂപതയിൽ ആഘോഷിക്കും

"സമരിയക്കാരന്റെ അനുകമ്പ: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് അവനെ സ്നേഹിക്കുക" എന്ന പ്രമേയത്തിൽ ആഘോഷിക്കുന്ന മുപ്പതിനാലാമത്, ആഗോള രോഗീ ദിനം ആഘോഷപൂർവ്വകമായി, പെറുവിലെ ചിക്ളായോയിൽ വച്ച്, 2026 ഫെബ്രുവരി മാസം ഒൻപതു മുതൽ പതിനൊന്നാം തീയതി കൊണ്ടാടുകയാണ്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദാനധർമ്മ പ്രവൃത്തികളുടെ  സൗന്ദര്യവും, അനുകമ്പയുടെ സാമൂഹിക മാനവും വീണ്ടെടുക്കുവാനും, രോഗികളെപ്പോലെ ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഏവരെയും ക്ഷണിക്കുന്ന, മുപ്പതിനാലാമത്, ആഗോള രോഗീ ദിനം ആഘോഷപൂർവ്വകമായി, പെറുവിലെ ചിക്ളായോയിൽ വച്ച്, ഫെബ്രുവരി മാസം ഒൻപതു മുതൽ  പതിനൊന്നാം തീയതി കൊണ്ടാടുകയാണ്. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയായി, സമഗ്രമാനവികവികസനത്തിനായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി SJ (Card. M. Czerny, S.J.) പങ്കെടുക്കും.

ഫെബ്രുവരി 9 ന്, കർദ്ദിനാൾ  മൈക്കിൾ ചേർനിയുടെ നേതൃത്വത്തിലുള്ള വത്തിക്കാൻ പ്രതിനിധി സംഘം, ചിക്ളായോയിലെ  മൂന്ന് ആശുപത്രികൾ സന്ദർശിക്കും. ഫെബ്രുവരി 10-ന് "സമരിയാക്കാരൻ്റെ അനുകമ്പ, ലാറ്റിനമേരിക്കയിലെ സാന്ത്വന പരിചരണത്തിലെ  പുരോഗതി, സമഗ്ര രോഗി പരിചരണത്തിൻ്റെ ആത്മീയത" എന്ന തലക്കെട്ടിൽ ഒരു പഠന ശിബിരം നടക്കും.

ഫെബ്രുവരി 11 ന്, നോയേസ്‌ത്ര  സെഞ്ഞോറ ദെ  ലാ പാസ് ദേവാലയത്തിൽ രാവിലെ 9:00 മണിക്ക്, കർദ്ദിനാൾ മൈക്കിൾ ചേർനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിക്കും. പെറുവിലെ അപ്പസ്തോലിക നൂൺഷ്യോ, മോൺസിഞ്ഞോർ പൗളോ റോക്കോ ഗ്വാൾട്ടിയേരി, ചിക്ലായോ മെത്രാൻ മോൺസിഞ്ഞോർ എഡിൻസൺ ഫാർഫാൻ, വിവിധ രൂപതകളിൽ മെത്രാന്മാർ, ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവർ ആഘോഷങ്ങളിൽ പങ്കുചേരും.

"നിസ്സംഗതയുടെ സംസ്കാരത്തിൽ മുഴുകിയിരിക്കുന്ന ഒരു തലമുറയ്ക്ക് കണ്ടുമുട്ടലിന്റെ കൃപയും, അടുപ്പവും സാന്നിധ്യവും  ഉളവാക്കുന്ന സന്തോഷവും എടുത്തു കാണിക്കുന്നതാണ്, സമരിയക്കാരന്റെ മാതൃക"യെന്ന് ലിയോ പതിനാലാമൻ പാപ്പാ, ആഗോളരോഗീദിനത്തിന് മുന്നോടിയായി നൽകിയ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞിരുന്നു. "സമരിയക്കാരന്റെ ഉപമയിലൂടെ, അയൽക്കാരൻ ആരാണെന്നല്ല യേശു പഠിപ്പിക്കുന്നത്, മറിച്ച് എങ്ങനെ അയൽക്കാരനാകാം, അതായത് എങ്ങനെ അടുപ്പം പുലർത്താം എന്നാണെന്നും" പാപ്പാ അടിവരയിട്ടു പറഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഫെബ്രുവരി 2026, 13:41