തിരയുക

വിശുദ്ധ കുർബാനയുടെ ആരാധന വിശുദ്ധ കുർബാനയുടെ ആരാധന   (© Mirek Krajewski)

"കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ", ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന

നോമ്പുകാലത്തിൽ, കർത്താവിന്റെ പെസഹാരഹസ്യങ്ങളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുന്നതിനും, അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനും, മാർച്ചു മാസം 13, 14 തീയതികളിൽ, ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ "കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ" ആചരിക്കുവാൻ, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡികസ്റ്ററി ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലോകമെമ്പാടുമുള്ള രൂപതകളിൽ, പ്രാർത്ഥനയുടെയും അനുരഞ്ജനത്തിന്റെയും ആത്മീയത വിശ്വാസികളിൽ ഊട്ടിയുറപ്പിക്കുന്നതിനു, ദേവാലയങ്ങളിൽ "കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ" ആചരിക്കുവാൻ, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തു. മാർച്ചു മാസം 13, 14 തീയതികളിലായിട്ടാണ് ഈ വർഷത്തെ പ്രാർത്ഥനാ ആചരണം നടക്കുന്നത്. തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ്, ഡിക്കസ്റ്ററി, ഈ നിർദേശം രൂപതകൾക്ക് നൽകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഡിക്കാസ്റ്ററിയുടെ https://www.evangelizatio.va/content/pcpne/it/attivita/24ore/24-ore-per-il-signore-2026.html  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

"ഞാൻ ലോകത്തെ രക്ഷിക്കാൻ വന്നു" (യോഹന്നാൻ 12:47) എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനമാണ്, ഈ വർഷത്തെ പ്രാർത്ഥനാദിനത്തിനായുള്ള മുദ്രാവാക്യം. മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരവും മാർച്ച് 14 ശനിയാഴ്ച ദിവസം മുഴുവനും, ദേവാലയങ്ങൾ വിശ്വാസികൾക്ക് തുറന്നു നൽകുവാനും, അവർക്ക് ആരാധന നടത്തുവാനും, കുമ്പസാരത്തിനുമുള്ള അവസരം നൽകുവാനും ഡിക്കസ്റ്ററി ഏവരെയും ആഹ്വാനം ചെയ്യുന്നു. പള്ളികളുടെ തുറന്ന വാതിലുകൾ ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിന്റെ പ്രതീകമാണെന്നും ഡിക്കാസ്റ്ററിയുടെ വാർത്താകുറിപ്പിൽ എടുത്തു പറയുന്നു.

ഈ സംരംഭത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി, വ്യക്തിഗത പ്രാർത്ഥന കാർഡുകളും സമൂഹ ആഘോഷത്തിനായുള്ള നിർദ്ദേശങ്ങളും അടങ്ങിയ ഒരു അജപാലന രേഖയും വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 മാർച്ച് 2026, 13:51