തിരയുക

ആർച്ചുബിഷപ്പ് എത്തൊറേ ബലസ്ത്രേറോ ആർച്ചുബിഷപ്പ് എത്തൊറേ ബലസ്ത്രേറോ  

ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങൾക്ക് മാനുഷികമായ പരിചരണമാണ് ആവശ്യം: മോൺസിഞ്ഞോർ ബാലസ്ത്രേറോ

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാവരുടെയും അന്തസ്സും അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും കൂടുതൽ പ്രതിബദ്ധത പുലർത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്, 2026 ലെ ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച്, ജെറോം ലെജ്യൂൺ ഫൗണ്ടേഷൻ പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട്, ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ, ആർച്ചുബിഷപ്പ് എത്തൊറേ ബലസ്ത്രേറോ സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ, സ്രഷ്ടാവ് മുദ്രണം ചെയ്ത അതേ പവിത്രമായ മൂല്യം കാത്തുസൂക്ഷിക്കണമെന്നു എടുത്തു പറഞ്ഞു കൊണ്ട്, 2026 ലെ ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച്, ജെറോം ലെജ്യൂൺ ഫൗണ്ടേഷൻ പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട്, ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ, ആർച്ചുബിഷപ്പ് എത്തൊറേ ബലസ്ത്രേറോ സംസാരിച്ചു.  ബുദ്ധിമാന്ദ്യമുള്ള ആളുകൾ, ഒരു രോഗനിർണ്ണയത്തിന്റെയോ, അവസ്ഥയുടെയോ, പരിമിതികളുടെയോ ഇരകളാകാൻ പാടില്ല, മറിച്ച് സാധാരണക്കാരെപോലെ, പവിത്രതയും, അന്തസും ഉൾക്കൊള്ളുന്ന മനുഷ്യരാണെന്നും, അതിനാൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.

അവരുടെ ജനിതക സ്വത്വം, അവരെ കൂടുതലോ കുറവോ ഉള്ള മനുഷ്യരാക്കി മാറ്റുന്നില്ലെന്നും, മറിച്ച്, വിദ്യാഭ്യാസം, ജോലി, മതം, സംസ്കാരം, ആരോഗ്യം, പരിചരണം, സാമൂഹിക ജീവിതം, പൗര ഇടപെടൽ എന്നിവയിൽ അഭിവൃദ്ധി പ്രാപിക്കാനുമുള്ള എല്ലാ അവസരങ്ങളും അവർക്ക് നല്കപ്പെടണമെന്നും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. അതിനാൽ, അവരെഉൾച്ചേർക്കുക എന്നാൽ, സേവനങ്ങളോ താമസ സൗകര്യങ്ങളോ നൽകുക എന്നതല്ല, മറിച്ച്, അവരെ  നമ്മുടെ സമൂഹത്തിലെ പൂർണ്ണ അംഗങ്ങളായി അംഗീകരിക്കുക എന്നതാണെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

പ്രസവത്തിനു മുമ്പുള്ള സ്ക്രീനിംഗുമായി ബന്ധപ്പെട്ട വിവേചനപരവും യൂജെനിക് രീതികളും, ബുദ്ധിമാന്ദ്യമുള്ള  കുഞ്ഞുങ്ങളെ ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിലേക്ക് മനുഷ്യരെ നയിക്കുന്ന പ്രവണത ഒഴിവാക്കപ്പെടണമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. ഇത്തരം ആളുകളുടെ പരിചരണം, ഏറെ ഹൃദ്യമാകണമെന്നും അല്ലാത്തപക്ഷം, അത് സാങ്കേതികമായി മാത്രം മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

"മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടങ്ങളെ ആശ്രയിച്ചല്ല. നമ്മുടെ ജീവിത നിലവാരം സ്നേഹത്തെ ആശ്രയിച്ചിരിക്കുന്നു" എന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് ഉദ്ധരിച്ചു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മൂല്യം അളക്കേണ്ടത് ഉപയോഗക്ഷമതയെയോ പ്രകടനത്തെയോ അടിസ്ഥാനമാക്കിയല്ല, മറിച്ച് മനുഷ്യനായിരിക്കുക എന്ന ലളിതവും ആഴമേറിയതുമായ വസ്തുതയെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 മാർച്ച് 2026, 09:23