വിശുദ്ധ നാട്ടിൽ തിരുക്കർമ്മങ്ങൾക്ക് തടസം നേരിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർദിനാൾ പരോളിൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മാർച്ച് 30 ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഘല്ലഗർ എന്നിവർ, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേൽ സംസ്ഥാനത്തിന്റെ അംബാസഡർ യാരോൺ സൈഡ്മാനുമായി കൂടിക്കാഴ്ച്ച നടത്തി.
തദവസരത്തിൽ, മാർച്ചുമാസം ഇരുപത്തിയൊമ്പതാം തീയതി, ഓശാന ഞായർ ദിവസം, ജെറുസലേമിലെ, തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ബസിലിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിറ്റ്‌സബല്ലയെയും, വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരൻ, ഫാ. ഫ്രാഞ്ചെസ്‌കോ ഇൽപോയെയും, സുരക്ഷാ കാരണങ്ങളാൽ, ഇസ്രായേൽ പോലീസ് തടഞ്ഞ സംഭവത്തിൽ, ഖേദം പ്രകടിപ്പിച്ചു. സംഭവം തികച്ചും അസ്വസ്ഥത ഉളവാക്കിയെന്നു പരിശൂദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ടെലിഗ്രാം സന്ദേശത്തിൽ എടുത്തു പറഞ്ഞു.
കൂടിക്കാഴ്ചയുടെ അവസരത്തിൽ, നടന്ന സംഭവത്തിൽ വിശദീകരണങ്ങൾ നൽകുകയും, വിശുദ്ധവാര കർമ്മങ്ങളിൽ, തിരുക്കല്ലറയുടെ ബസിലിക്കയിൽ പങ്കെടുക്കുന്നതും സംബന്ധിച്ച്, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റും, പ്രാദേശിക അധികാരികളും തമ്മിൽ എത്തിച്ചേർന്ന കരാർ അംഗീകരിക്കുകയും ചെയ്തുവെന്നും ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: