തിരയുക

ആർച്ചുബിഷപ്പ് പൗളോ റുദെല്ലി, ആർച്ചുബിഷപ്പ് പെറ്റാർ രാജിച്, ആർച്ചുബിഷപ്പ് എഡ്ഗാർ പേഞ്ഞ പാറ ആർച്ചുബിഷപ്പ് പൗളോ റുദെല്ലി, ആർച്ചുബിഷപ്പ് പെറ്റാർ രാജിച്, ആർച്ചുബിഷപ്പ് എഡ്ഗാർ പേഞ്ഞ പാറ 

വത്തിക്കാനിൽ സുപ്രധാന നിയമനങ്ങൾ

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തരകാര്യവിഭാഗം തലവനായി ആർച്ചുബിഷപ്പ് പൗളോ റുദെല്ലിയെയും, പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്റ്റായി ആർച്ചുബിഷപ്പ് പെറ്റാർ രാജിച്ചിനെയും, ഇറ്റലിയുടെയും, സാൻ മറീനോയുടെയും നൂൺഷ്യോയായി ആർച്ചുബിഷപ്പ് എഡ്ഗാർ പേഞ്ഞ പാറയെയും, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി, ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള  ആർച്ചുബിഷപ്പ് പൗളോ റുദെല്ലിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം  ചെയ്തു വരികയായിരുന്നു ആർച്ചുബിഷപ്പ് പൗളോ. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

 അടുത്ത ജൂലൈ മാസം അൻപത്തിയാറു വയസു പൂർത്തിയാക്കുന്ന ആർച്ചുബിഷപ്പ്, 1995 ലാണ് വൈദികനായി അഭിഷിക്തനായത്.  2019 ൽ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, 2023 മുതൽ കൊളംബിയയിൽ നൂൺഷ്യോയായി സേവനം ചെയ്യുകയായിരുന്നു.

അതേസമയം, പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്റ്റായി, ഇറ്റലിയുടെയും, സാൻ മറീനോയുടെയും നൂൺഷ്യോയായിരുന്ന ആർച്ചുബിഷപ്പ് പെറ്റാർ രാജിച്ചിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. പാപ്പായുടെ കൂടിക്കാഴ്ചകൾ, ദൈനംദിന പരിപാടികൾ എന്നിവ സജ്ജീകരിക്കേണ്ടത്  പൊന്തിഫിക്കൽ ഭവനത്തിന്റെ ഉത്തരവാദിത്വമാണ്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി ഇതുവരെ സേവനം അനുഷ്ഠിച്ചിരുന്ന, ആർച്ചുബിഷപ്പ് എഡ്ഗാർ പേഞ്ഞ പാറയെ, ഇറ്റലിയുടെയും, സാൻ മറീനോയുടെയും നൂൺഷ്യോയായി ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. വെനെസ്വേലക്കാരനായ ആർച്ചുബിഷപ്പിനെ, 2018 ൽ ഫ്രാൻസിസ് പാപ്പയാണ്, ആഭ്യന്തരകാര്യവിഭാഗം തലവനായി നിയമിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 മാർച്ച് 2026, 14:07