അമോറിസ് ലെത്തീത്സ്യ : 2026 ഒക്ടോബറിലെ സമ്മേളനത്തിനായുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2026 ഒക്ടോബർ 7 മുതൽ 14 വരെ ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിൽ വിളിച്ചുകൂട്ടുന്ന, 'അമോറിസ് ലെത്തീത്സ്യ' അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള, സമ്മേളനത്തിന്റെ മാർഗ രേഖ പ്രസിദ്ധീകരിച്ചു. അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയും, സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റും ചേർന്നാണ് രേഖ തയ്യാറാക്കിയത്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ, വ്യക്തിസഭാ തലവന്മാർക്കും, വിവിധ മെത്രാൻ സമിതികളുടെ അധ്യക്ഷന്മാർക്കും മാർഗരേഖ അയച്ചു.
2016 മാർച്ച് 19 ന് ഫ്രാൻസിസ് പാപ്പാ പ്രസിദ്ധീകരിച്ച സിനഡാനന്തര അപ്പസ്തോലിക പ്രബോധനമായ 'അമോറിസ് ലെത്തീത്സ്യ'യുടെ പത്താം വാർഷികത്തോടനുബന്ധിച്ച്, 2026 മാർച്ച് 19 ലെ തന്റെ സന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പായാണ്, ഈ സമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുടുംബങ്ങളെ ബാധിക്കുന്ന മാറ്റങ്ങളെ അംഗീകരിച്ചുകൊണ്ട്, "പരസ്പര ശ്രവണത്തിലൂടെ, ഇന്ന് കുടുംബങ്ങളിൽ സുവിശേഷവത്കരണത്തിനു ആവശ്യമായ പ്രായോഗിക നടപടികൾ കൈക്കൊള്ളുന്നതിനു ആവശ്യമായ സിനഡൽ വിവേചനരീതികൾ കൈക്കൊള്ളുക, 'അമോറിസ് ലെത്തീത്സ്യ' രേഖയുടെ വെളിച്ചത്തിൽ, പ്രാദേശിക സഭകളിൽ ആവശ്യമായ കാര്യങ്ങൾ സ്വീകരിക്കുക എന്നുള്ള ലിയോ പതിനാലാമൻ പാപ്പായുടെ പരിഗണനകളാണ് ഈ സമ്മേളനത്തിന്റെ അടിസ്ഥാനം.
ജൂൺ 27-ന് നടന്ന അസാധാരണ കൺസിസ്റ്ററിയുടെ സമാപനത്തിൽ, ലിയോ പതിനാലാമൻ പാപ്പാ കുടുംബത്തിന്റെ പ്രാധാന്യം അടിവരയിട്ടു സൂചിപ്പിക്കുകയുണ്ടായി. "കുടുംബങ്ങളെ പിന്തുണയ്ക്കുകയും, അവയെ അനുഗമിക്കുകയും ചെയ്യുന്നിടത്ത്, ബന്ധങ്ങളുടെയും ഐക്യദാർഢ്യത്തിന്റെയും പ്രത്യാശയുടെയും ഒരു വിദ്യാലയം വളരുന്നുവെന്നും, എന്നാൽ അത് മുറിവേൽക്കുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നിടത്ത്, സമൂഹം മുഴുവൻ അതിന്റെ അനന്തരഫലങ്ങൾ വഹിക്കുന്നു" എന്നാണ് പാപ്പാ തദവസരത്തിൽ എടുത്തു പറഞ്ഞത്.
കുടുംബങ്ങളെ സഭയുടെ പ്രവർത്തനത്തിന്റെ സ്വീകർത്താക്കളായി മാത്രമല്ല, സുവിശേഷം ദൈനംദിന ബന്ധങ്ങളിലും, തിരഞ്ഞെടുപ്പുകളിലും, ദുർബലതയിലും, പ്രത്യാശയിലും രൂപപ്പെടുന്ന പ്രേഷിത ദൗത്യത്തിന്റെ വിഷയങ്ങളായും മാർഗ്ഗരേഖയിൽ ചൂണ്ടികാണിക്കുന്നു. മാർഗ്ഗരേഖയിൽ വിവരിച്ചിരിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും, പരസ്പരം ശ്രവിക്കാനും, ലോകമെമ്പാടുമുള്ള മെത്രാന്മാരെ വത്തിക്കാനിലേക്ക് ക്ഷണിക്കും.
തുടർന്ന്, അവർ അവരുടെ പ്രാദേശിക സഭകൾക്കുള്ളിൽ കുടുംബങ്ങളുമായി ഒന്നിച്ചു ചേർന്ന്, കുടുംബം, മനുഷ്യജീവിതം, വിവാഹത്തിലേക്കുള്ള വിളി എന്നീ കാര്യങ്ങളിൽ, പങ്കുവയ്ക്കുന്ന ഒരു അജപാലന പ്രവർത്തനശൈലി രൂപപ്പെടുത്തിയെടുക്കും. കുടുംബങ്ങളുടെ ജീവിതാനുഭവങ്ങളെ അടുത്തറിയുന്നതിനും, സഭാ സമൂഹം നടപ്പിലാക്കുന്ന പിന്തുണാ സംരംഭങ്ങളെക്കുറിച്ചു ചിന്തിക്കുവാനും, വിദഗ്ധരുമായി ചർച്ചകൾ നടത്തുന്നതിനും, സമ്മേളനത്തിന് മുൻപ്, വിവിധ മെത്രാൻ സമിതികളും, പൗരസ്ത്യസഭകളും വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ മാർഗരേഖ ആവശ്യപ്പെടുന്നു.
മാർഗ്ഗരേഖയിൽ അഞ്ച് വിഷയാധിഷ്ഠിത മേഖലകൾ നിർദ്ദേശിക്കപ്പെട്ടു:
1. ആധുനിക യുഗത്തെ കുടുംബങ്ങൾ: യാഥാർത്ഥ്യം, സൗന്ദര്യം, വെല്ലുവിളികൾ - കുടുംബങ്ങളുടെ അനുഭവത്തിൽ നിന്നും, ഇന്നത്തെ സഭയുടെ പ്രതിബദ്ധതയിൽ നിന്നും ആരംഭിച്ച് കാലത്തിന്റെ അടയാളങ്ങളെ വിവേചിച്ചറിയൽ.
2. യുവാക്കളും വിവാഹത്തിലേക്കുള്ള അവരുടെ വിളിയുടെ കണ്ടെത്തലും - യുവാക്കളെ ശ്രവിക്കുകയും, വിവാഹത്തിന്റെ മൂല്യം കണ്ടെത്തുന്നതിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുക.
3. ദാമ്പത്യ ജീവിതം. വിവാഹത്തിന്റെ ആദ്യ വർഷങ്ങൾ: ഒരു നിർണായക സമയം - വിവാഹത്തിന്റെ ആദ്യ വർഷങ്ങളിലും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ദമ്പതികളെ ശ്രവിക്കുകയും, അവരെ പിന്തുണയ്ക്കുകയും ചെയ്യുക.
4. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ: കുടുംബാംഗങ്ങളെ അനുഗമിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക - സങ്കീർണ്ണമായ സാഹചര്യങ്ങളിൽ കുടുംബങ്ങളോടൊപ്പം നടക്കുക.
5. സഭയുടെ പ്രേഷിത ദൗത്യത്തിൽ ക്രിസ്തീയ കുടുംബങ്ങൾ - പ്രേഷിതദൗത്യത്തിലേക്കുള്ള ഒരു പ്രേരണയായി ദാമ്പത്യ-കുടുംബ സ്നേഹബന്ധത്തെ സ്വാഗതം ചെയ്യുക
മാർഗരേഖയുടെ പൂർണ്ണ രൂപം https://www.laityfamilylife.va/ എന്ന വെബ്‌സൈറ്റിലും https://www.synod.va എന്ന വെബ്‌സൈറ്റിലും വിവിധ ഭാഷകളിൽ ലഭ്യമാണ് .
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.