പരിധികളില്ലാതെ ഉപയോഗിക്കേണ്ട ഒന്നായിട്ടല്ല, മറിച്ച് ബഹുമാനിക്കപ്പെടേണ്ട ഒരു പൊതു ഭവനമായിട്ടാണ് സൃഷ്ടിയെ മനുഷ്യൻ പരിപാലിക്കേണ്ടത്: ആർച്ചുബിഷപ്പ് ലൂയിസ് മറിൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
റോമിലെ കാസൽ ഗന്ധോൾഫോയിൽ സ്ഥിതി ചെയ്യുന്ന ലൗദാത്തോ സി ഗ്രാമത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായ്ക്കൊപ്പം, റോം രൂപതയുടെ അതിർത്തിക്കുള്ളിൽ, വിവിധ കത്തോലിക്കാ സഭാകൂട്ടായ്‍മയുടെ സേവനം സ്വീകരിക്കുന്ന, നിർധനരായ സഹോദരങ്ങൾ ഒത്തുചേരുകയും, ഭക്ഷണം കഴിക്കുകയും ചെയ്തു. തദവസരത്തിൽ, രാവിലെ, സൃഷ്ടിയുടെ സംരക്ഷണത്തിനായി അർപ്പിച്ച വിശുദ്ധ ബലി മദ്ധ്യേ, പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആർച്ചുബിഷപ്പ് ലൂയിസ് മാരിൻ ദി സാൻ മാർട്ടിൻ വചന സന്ദേശം നൽകി.
സൃഷ്ടിയോടുള്ള പരിചരണത്തിനും, ദാനധർമ്മത്തിനും, സ്‌നേഹമെന്ന ഒരേ അടിസ്ഥാനം ആണെന്ന് മോൺസിഞ്ഞോർ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ദൈവത്തെ സ്നേഹിക്കുന്നവർ ദൈവം സൃഷ്ടിച്ചതിനെയും, തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന വ്യക്തികളെയും സ്നേഹിക്കുന്നുവെന്ന്, പറഞ്ഞ അദ്ദേഹം, സൃഷ്ടിയെ പരിപാലിക്കുന്നത് അടിസ്ഥാനപരമായി സ്നേഹത്തിന്റെയും ധ്യാനത്തിന്റെയും ഒരു പ്രവൃത്തിയാണ്. പ്രപഞ്ചം അതിന്റെ രചയിതാവിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും ഉദ്ധരിച്ചു. അതിനാൽ പ്രകൃതിയോട് ഇണങ്ങിയ ഒരു ജീവിതം, സ്രഷ്ടാവിനെ സ്തുതിക്കാനും സ്നേഹിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധഗ്രന്ഥം മനോഹരം എന്ന് വിശേഷിപ്പിച്ചവയാണ്, പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കളെന്നും, അതിനാൽ അവ കേവലം ഉപയോഗിച്ച് തള്ളേണ്ട ഒന്നല്ല, മറിച്ച് നമ്മുടെ ഉത്തരവാദിത്വത്തിനായി ഏല്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ദാനമാണെന്നും മോൺസിഞ്ഞോർ ചൂണ്ടിക്കാണിച്ചു. പരിധികളില്ലാതെ ഉപയോഗിക്കേണ്ട ഒന്നായിട്ടല്ല, മറിച്ച് ബഹുമാനിക്കപ്പെടേണ്ട ഒരു പൊതു ഭവനമായിട്ടാണ് സൃഷ്ടിയെ കാണേണ്ടതെന്ന പാപ്പായുടെ വാക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു അമ്മ തന്റെ കുട്ടിയെ കാക്കുന്നതുപോലെയും , ഒരു പിതാവ് തന്റെ കുടുംബത്തെ കാക്കുന്നതുപോലെയും, ഒരു സുഹൃത്ത് ലഭിച്ച വിശ്വാസത്തിന് കാവൽ നിൽക്കുന്നതുപോലെയും, ക്രിസ്ത്യാനികൾ സൃഷ്ടിയെ, ദൈവത്തിന്റേതാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട്, അവയെ പരിപാലിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
എന്നാൽ സൃഷ്ടിയുടെ പരിപാലനം, ഒരു വൃക്ഷം നട്ടുപിടിപ്പിക്കുക, മാലിന്യങ്ങൾ ഒഴിവാക്കുക, പരിസ്ഥിതിയെ ബഹുമാനിക്കുക എന്ന ചില ബാഹ്യമായ ആംഗ്യങ്ങൾ അല്ല എന്നും, അത് ഹൃദയത്തിൽ സ്വാർത്ഥത ഒഴിവാക്കിക്കൊണ്ട്, മറ്റുള്ളവരെ പറ്റി ചിന്തിക്കുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വാർത്ഥപരമായ ഹൃദയത്തോടെ ജീവിക്കുമ്പോൾ, ഓരോ തവണയും നാം ഭക്ഷണം, വെള്ളം, വിഭവങ്ങൾ എന്നിവ പാഴാക്കുമ്പോൾ, നമ്മുടെ സഹോദരീസഹോദരന്മാർക്ക് അവ ഇല്ലെന്ന കാര്യം നാം മറന്നുപോകുന്നുവെന്നു അദ്ദേഹം പറഞ്ഞു. അതിനാൽ സുവിശേഷത്തിന്റെ മാനദണ്ഡങ്ങൾ അംഗീകരിക്കുകയും മറ്റുള്ളവരെ ദൈവത്തിന്റെ ദൃഷ്ടിയോടെ നോക്കാൻ പഠിക്കുകയും ചെയ്യേണ്ടത് ഏറെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ മറ്റുളവരെ കുറിച്ച് ചിന്തിക്കുവാനും, പങ്കുവയ്ക്കുവാൻ പഠിക്കുവാനും, എല്ലാ സകലർക്കുമായുള്ള ദൈവ ദാനമാണെന്നത് തിരിച്ചറിയുവാനും ഏവർക്കും സാധിക്കണമെന്നും മോൺസിഞ്ഞോർ സന്ദേശത്തിൽ പറഞ്ഞു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസും ക്രിസ്തുയേശുവിൽ പ്രപഞ്ചവും, സകല ചരാചരങ്ങളുമായുമുള്ള ഐക്യമാണ് എടുത്തു പറഞ്ഞതെന്നും, മനുഷ്യന്റെ പരിചരണമില്ലാതെ പ്രകൃതിയോടുള്ള യഥാർത്ഥ പരിചരണം സാധ്യമല്ലെന്നതാണ് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിൽനിന്നുള്ള ഒരു ദാനമായി സൃഷ്ടിയെ സംരക്ഷിക്കാനും ഉദാരഹൃദയത്തോടെ സാധനങ്ങൾ പങ്കുവെക്കാനും അറിയുന്ന ക്രിസ്ത്യാനികളെയാണ് ഇന്നത്തെ ലോകത്തിനു ആവശ്യമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.