ദുർബലതയെ സമൂഹങ്ങളുടെ ശക്തിയായി എടുത്തുകാണിച്ചുകൊണ്ട്, പാവപ്പെട്ടവർക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാൻ ന്യൂസ്
പാപ്പായുടെ വേനൽക്കാല വസതിയായ, കാസൽ ഗന്ധോൾഫോയിലെ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ലൗദാത്തോ സി ഗ്രാമത്തിൽ ജൂലൈ മാസം പതിനൊന്നാം തീയതി, പാവപ്പെട്ടവർക്കായി പ്രത്യേക ഉച്ചഭക്ഷണം ഒരുക്കി. റോം രൂപതയുടെ കീഴിലുള്ള 35 കുട്ടികൾ ഉൾപ്പെടെയുള്ള നിരാലംബരായ ആളുകളാണ് ഈ ചടങ്ങിൽ അതിഥികളായി എത്തിയത്. സഭ എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു തുറന്ന കുടുംബമാണെന്നും, ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് അതൊരു സുരക്ഷിത താവളമാണെന്നും ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
തദവസരത്തിൽ, വിശുദ്ധ കുർബാനയും, ചരിത്രപ്രസിദ്ധമായ പൂന്തോട്ടങ്ങളിലൂടെയുള്ള സന്ദർശനവും അവർക്കായി നടത്തി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ മാറ്റിനിർത്താതെ, സഭ എല്ലാവരുടെയും ഇടമാണെന്ന ഫ്രാൻസിസ് പാപ്പായുടെ സാധാരണക്കാർക്കായുള്ള ദർശനമാണ് ഇതിലൂടെ ഉയർത്തിപ്പിടിക്കുന്നത്.
അഭയാർത്ഥികൾ, ഒറ്റപ്പെട്ട അമ്മമാർ, ഭിന്നശേഷിക്കാർ തുടങ്ങിയവരാണ് ഈ വർഷം അതിഥികളായി എത്തുന്നത്. പാവപ്പെട്ടവർ വെറും സഹായം സ്വീകരിക്കുന്നവർ മാത്രമല്ല, മറിച്ച് അവരുടെ സാന്നിധ്യത്തിലൂടെ സമൂഹത്തിന് പുതിയൊരു കാഴ്ചപ്പാട് നൽകുന്നവരാണെന്ന് സംഘാടകൻ ദൊണാത്തെല്ല പാരിസി പറഞ്ഞു. അവരുടെ ബലഹീനതകൾ സമൂഹത്തിന് ഒരു പുതിയ കരുത്തായി മാറുന്നുവെന്നും, ലോകത്തെ മറ്റൊരു രീതിയിൽ കാണാൻ അവർ നമ്മെ പഠിപ്പിക്കുന്നുവെന്നും ദൊണാത്തെല്ല കൂട്ടിച്ചേർത്തു.
റോമിലെ 'ഈസോള ദെല്ല പിറ്റ്സ'എന്ന റെസ്റ്റോറന്റാണ് ഈ ഉച്ചഭക്ഷണം സ്പോൺസർ ചെയ്തത്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർക്ക് അനുയോജ്യമായ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്. പ്രകൃതിഭംഗിയും ആത്മീയതയും ഒത്തുചേരുന്ന ലൗദാത്തോ സി ഗ്രാമം, ഈ ഒരു ഉച്ചഭക്ഷണത്തിലൂടെ മനുഷ്യത്വത്തിന്റെയും കരുണയുടെയും വലിയൊരു സാക്ഷ്യമായി മാറിയതായും സംഘടകർ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.