തിരയുക

യമനിൽ നിന്നുള്ള കാഴ്ച യമനിൽ നിന്നുള്ള കാഴ്ച   (ANSA)

കുടിവെള്ളവും ശുചിത്വവും, മനുഷ്യന്റെ അവകാശമാണ്: ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യം

ന്യൂയോർക്കിലെ, ഐക്യരാഷ്ട്ര സഭയിൽ, ജല-ശുചിത്വ മേഖലകളുമായുള്ള സുസ്ഥിര വികസന ലക്ഷ്യത്തിന്റെയും, അതിന്റെ പരസ്പര ബന്ധവും സംബന്ധിച്ച 2026 ലെ ഉന്നതതല രാഷ്ട്രീയ ഫോറം ചർച്ചയിൽ, 2026 ജൂലൈ 7-ന് നടന്ന പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യസംഘം പ്രസ്താവന നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സുസ്ഥിര വികസന ലക്ഷ്യം 6 (SDG6) നെക്കുറിച്ചും മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങളുമായുള്ള അതിന്റെ പരസ്പര ബന്ധങ്ങളെക്കുറിച്ചുമുള്ള 2026 ലെ ഉന്നതതല രാഷ്ട്രീയ ഫോറം ചർച്ചയ്ക്കിടെ, ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യം പ്രസ്താവന നടത്തി. ജീവിക്കാനുള്ള അവകാശം പൂർണ്ണമായി ആസ്വദിക്കുന്നതിന് സുരക്ഷിതമായ കുടിവെള്ളവും ശുചിത്വവും ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്ന് പ്രസ്താവനയിൽ എടുത്തു പറഞ്ഞു.

എന്നാൽ ഈ മേഖലയിൽ ഏറെ അസമത്വം നിലനിൽക്കുന്നുവെന്നും, കോടിക്കണക്കിന് ആളുകൾക്ക് ഇപ്പോഴും സുരക്ഷിതവും വിശ്വസനീയവുമായ വെള്ളവും ശുചിത്വവും ലഭ്യമല്ല എന്നും പ്രസ്താവനയിൽ ചൂണ്ടികാണിച്ചു. ഈ പ്രശ്നങ്ങൾ കേവലം, വികസന വെല്ലുവിളി മാത്രമല്ല, മറിച്ച്, മനുഷ്യന്റെ അന്തസ്സിനെ ലംഘിക്കുന്ന സാഹചര്യവും, ജീവന്റെ പവിത്രത സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ അഭാവവുമാണെന്നും പ്രസ്‌താവനയിൽ എടുത്തു പറഞ്ഞു.

ജലം, ഒരു വിൽപ്പനചരക്കോ ചൂഷണം ചെയ്യേണ്ട സാമ്പത്തിക വിഭവമോ അല്ല. മറിച്ച് അത് മുഴുവൻ മനുഷ്യകുടുംബത്തിനും ഏൽപ്പിക്കപ്പെട്ട ഒരു പൊതുനന്മയും പങ്കുവയ്‌ക്കേണ്ടുന്ന ദാനവുമാണെന്നും, അതിനാൽ  ഇതിന്റെ ലഭ്യതയിൽ, തുല്യത, ഐക്യദാർഢ്യം, വർത്തമാന, ഭാവി തലമുറകൾക്കുള്ള പരിഗണന എന്നിവയുടെ അടിസ്ഥാനത്തിൽ  നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. വികസ്വര രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.

വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ജലത്തിന്റെ മൂല്യം തിരിച്ചറിയാനും, പാഴാക്കൽ ഒഴിവാക്കാനും, സുസ്ഥിരമായ ഉപഭോഗ രീതികൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കണമെന്നും, ഇപ്രകാരം, ഉത്തരവാദിത്വബോധം എല്ലാവരിലും ഊട്ടിയുറപ്പിക്കണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ജലസംരക്ഷണം എന്നാൽ ജീവൻ തന്നെ സംരക്ഷിക്കുക എന്നാണ്, അതിനാൽ ജലത്തെ ഒരു പൊതുനന്മയായി അംഗീകരിച്ചുകൊണ്ട്, ഭാവി തലമുറകളുടെ പ്രയോജനത്തിനായി ഐക്യദാർഢ്യത്തിന്റെയും നീതിയുടെയും മനോഭാവം വളർത്തിയെടുക്കുവാനും ആവശ്യപ്പെടുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ജൂലൈ 2026, 10:20