വികസ്വര രാജ്യങ്ങളിൽ എയ്ഡ്സ് ബാധിക്കുന്നവർക്ക് അന്തസായ ചികിത്സ ഉറപ്പാക്കണം: വത്തിക്കാൻ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
എയ്ഡ്‌സ് രോഗവ്യാപനം തടയുന്നതിനും ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ ശക്തമായ സഹകരണം വേണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടന്ന, ഐക്യരാഷ്ട്രസഭയുടെ 'എയ്ഡ്‌സ് ഉന്മൂലനം ചെയ്യുവാൻ ഒന്നിക്കാം' (United to End AIDS) എന്ന പ്രമേയത്തിലുള്ള 2026-ലെ ഉന്നതതല യോഗത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷക ദൗത്യസംഘം നിലപാട് വ്യക്തമാക്കിയത്. ദൗത്യത്തിന്റെ ഇടക്കാല ചാർജ് വഹിക്കുന്ന. മോൺസിഞ്ഞോർ മാർക്കോ ഫോർമിക്ക പ്രസ്താവന അവതരിപ്പിച്ചു.
2001-ലെ ആദ്യ ഉന്നതതല യോഗത്തിന് ശേഷം എച്ച്ഐവി പ്രതിരോധ രംഗത്ത് വലിയ പുരോഗതി ഉണ്ടായതായി വത്തിക്കാൻ നിരീക്ഷിച്ചു. 2010-ന് ശേഷം ലോകമെമ്പാടും, പ്രത്യേകിച്ച് സബ് സഹാറൻ ആഫ്രിക്കയിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ആന്റി റിട്രോവൈറൽ ചികിത്സാ രീതികൾ രോഗികൾക്ക് മെച്ചപ്പെട്ട ജീവിതം നൽകുന്നുണ്ടെങ്കിലും, വികസ്വര രാജ്യങ്ങളിൽ ഇപ്പോഴും അനേകർക്ക് ഈ ചികിത്സ ലഭ്യമാകുന്നില്ല എന്നത് ആശങ്കാജനകമാണെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും വിസ്മരിച്ചുകൊണ്ടുള്ള ഒരു സമൂഹത്തെ സങ്കൽപ്പിക്കാനാവില്ലെന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും പ്രസ്താവനയിൽ ഉദ്ധരിച്ചു. വികസ്വര രാജ്യങ്ങളിൽ വൈദ്യശാസ്ത്ര ഗവേഷണങ്ങളും, മരുന്നുകളുടെ ഉൽപ്പാദന ശേഷിയും വർദ്ധിപ്പിക്കേണ്ടത് ഓരോ മനുഷ്യന്റെയും അന്തസ്സ് സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്ന് വത്തിക്കാൻ വ്യക്തമാക്കി.
എയ്ഡ്‌സ് ബാധിതരായ കുട്ടികൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് വത്തിക്കാൻ പ്രത്യേക ആശങ്ക രേഖപ്പെടുത്തി. ലോകത്തെ എച്ച്ഐവി ബാധിതരിൽ 3 ശതമാനം മാത്രമാണ് കുട്ടികളെങ്കിലും, എയ്ഡ്‌സ് മൂലമുള്ള മരണങ്ങളിൽ 12 ശതമാനവും സംഭവിക്കുന്നത് കുട്ടികൾക്കിടയിലാണ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കൃത്യമായ രോഗനിർണ്ണയത്തിന്റെയും ചികിത്സയുടെയും അഭാവമാണ് ഇതിന് കാരണമെന്നും, അതിനാൽ, ഗർഭസ്ഥ ശിശുക്കൾക്കും അമ്മമാർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിലൂടെയും, കുട്ടികൾക്ക് അനുയോജ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെയും ഈ സാഹചര്യം മാറ്റിയെടുക്കണമെന്ന് വത്തിക്കാൻ ആഹ്വാനം ചെയ്തു.
ലോകമെമ്പാടുമുള്ള എച്ച്ഐവി പ്രതിരോധ-ചികിത്സാ പ്രവർത്തനങ്ങളിൽ നാലിലൊന്ന് ഭാഗവും കത്തോലിക്കാ സഭയുടെ ആരോഗ്യ സ്ഥാപനങ്ങളാണ് നൽകുന്നതെന്നും, രോഗബാധിതർക്ക് മാനുഷിക അന്തസ്സോടെയുള്ള പരിചരണവും ചികിത്സയും ഉറപ്പാക്കാൻ സഭ തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രസ്താവനയിൽ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.