തിരയുക

കർദിനാൾ പിയെത്രോ പരോളിൻ കർദിനാൾ പിയെത്രോ പരോളിൻ   (AFP or licensors)

മരണത്തിന്മേൽ സ്നേഹം നേടിയ വിജയമാണ് വിശുദ്ധ അഗാത്തയുടെ ജീവിതം: കർദിനാൾ പരോളിൻ

1126 ഓഗസ്റ്റ് 17 ന് കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് ഇറ്റലിയിലുള്ള സിസിലിയിലെ കത്താനിയയിൽ വിശുദ്ധ അഗാത്തയുടെ തിരുശേഷിപ്പുകൾ കൊണ്ടുവന്നതിന്റെ, ഒൻപതാം ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി, പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ എത്തി.

വത്തിക്കാൻ ന്യൂസ്

മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ഇറ്റാലിയൻ വംശജയായിരുന്ന, വിശുദ്ധ അഗാത്തയുടെ തിരുശേഷിപ്പുകൾ, കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് സിസിലിയിലെ കത്താനിയയിൽ, 1126 ഓഗസ്റ്റ് 17 ന് എത്തിച്ചതിന്റെ ഒൻപതാം ശതാബ്ദി വാർഷികാഘോഷങ്ങൾ, നടക്കുന്നു. തദവസരത്തിൽ, പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും. ഇതിന്റെ ഭാഗമായി, ഓഗസ്റ്റ് മാസം പതിനാറാം തീയതി  സിസിലിയിലെ അച്ചി കാസ്തേല്ലോയിൽ (Aci Castello) നടന്ന ജാഗരണ പ്രാർത്ഥനയ്ക്ക് കർദിനാൾ നേതൃത്വം നൽകി.

ക്രിസ്തുവുമായുള്ള ആഴമായ ഐക്യമാണ് വിശുദ്ധ അഗത്തയ്ക്ക് കരുത്ത് നൽകിയതെന്ന് കർദിനാൾ തന്റെ സന്ദേശത്തിൽ  ഓർമ്മിപ്പിച്ചു. അധികാരത്തിന്റെ ഭീഷണികൾക്കോ വാഗ്ദാനങ്ങൾക്കോ മുൻപിൽ വഴങ്ങാൻ ആ കരുത്ത് അവളെ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വിശ്വാസം പരീക്ഷണങ്ങളെ ഇല്ലാതാക്കുന്നില്ല, മറിച്ച് അവയെ അതിജീവിക്കാനുള്ള പുതിയൊരു കരുത്തും സാന്നിധ്യവുമാണ് നൽകുന്നത്," എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയായ ഡെഷ്യസിന്റെ പീഡനകാലത്താണ് കൗമാരക്കാരിയായിരുന്ന അഗത്ത വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത്. പതിനൊന്നാം നൂറ്റാണ്ടിൽ ബൈസന്റൈൻ ഭരണാധികാരികൾ വിശുദ്ധയുടെ ഭൗതികാവശിഷ്ടങ്ങൾ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോയി. എന്നാൽ 86 വർഷങ്ങൾക്ക് ശേഷം, 1126 ഓഗസ്റ്റ് 17-നാണ് ഈ തിരുശേഷിപ്പുകൾ വീണ്ടും കത്താനിയയിൽ എത്തിച്ചത്.

ആഘോഷങ്ങളോടനുബന്ധിച്ച് ലിയോ പതിനാലാമൻ  പാപ്പ അയച്ച സന്ദേശത്തിൽ, വിശുദ്ധ അഗത്തയുടെ രക്തസാക്ഷിത്വം ക്രിസ്തുവിനോടുള്ള വിശ്വസ്തതയുടെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് എടുത്തുപറഞ്ഞു. അക്രമത്തിന്മേൽ കൃപയും, ഭയത്തിന്മേൽ വിശ്വാസവും, മരണത്തിന്മേൽ സ്നേഹവും നേടിയ വിജയമാണ് വിശുദ്ധയുടെ ജീവിതമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

ദൈവം ഇല്ലെന്ന മട്ടിൽ ജീവിക്കുന്ന ആധുനിക മനുഷ്യന്റെ അവസ്ഥയെ കർദിനാൾ പരോളിൻ ചൂണ്ടിക്കാണിച്ചു. ദൈവവചനം സ്വാതന്ത്ര്യത്തിന് തടസ്സമല്ല, മറിച്ച് യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണെന്ന് അദ്ദേഹം പറഞ്ഞു. കർത്താവിന്റെ വചനത്തിൽ നമ്മുടെ ജീവിതത്തിന്റെ ഉറവിടം കണ്ടെത്താൻ ഏവരെയും അദ്ദേഹം ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

17 ഓഗസ്റ്റ് 2026, 13:04