തിരയുക

ഗാഗുൽ ജോസഫ്... ഗാഗുൽ ജോസഫ്... 

ഗാനവീഥിയിൽ ഗാഗുൽ ജോസഫ്

കണക്കുകൾ തച്ചു കൂട്ടി സൗധം പണിയുന്ന തച്ചന്റെ കണക്കുകൾക്കപ്പുറം സംഗീതത്തിന്റെ അപാരത വെളിപ്പെടുത്തുന്ന ഒരു ഗാനവീഥിയിലേക്ക് കടന്നു പോയ ഗായകനാണ് ഗാഗുൽജോസഫ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വരാപ്പുഴ അതിരൂപതയിലെ മരട്‌, മൂത്തേടം ഇടവകാംഗമായ കുര്യന്റെയും എമിലിയുടെയും നാല് മക്കളിൽ ഏറ്റവും ഇളയ മകനായി ജനിച്ച ഗാഗുൽജോസഫിന്റെ  ജീവിതത്തിലെ വഴിത്തിരിവും വഴിയുമാണ് സംഗീതം. ജോസഫ് പി.എസ് എന്ന വ്യക്തിയെ ഗാഗുൽ ജോസഫാക്കിയതും സംഗീതമാണെന്ന് പറയുന്നു. “ഗാഗുൽത്താ ഇന്നെന്റെയുള്ളിൽ” എന്ന ഗാനമാണ് ഇദ്ദേഹം ആദ്യമായി ആലപിച്ച ഗാനം. ആ ഗാനത്തിന്റെ ‘ഗാഗുൽത്താ’ എന്ന ആദ്യവാക്കിൽ നിന്നും ഗാഗുൽ എന്ന പേര് രൂപപ്പെടുത്തിയത് മറ്റൊരു സംഗീതജ്ഞനായ ഫാ. തദേവൂസാണ്.

ശബ്ദരേഖ

കുഞ്ഞ് നാൾ മുതൽ സംഗീതലോകത്തിൽ പ്രവേശിച്ചെങ്കിലും ഗാനമേളകളിൽ മാത്രം ഒതുങ്ങി നിന്നു. 1998 മുതലാണ് ഗാഗുൽ ജോസഫ് ഔദ്യോഗികമായി കാസെറ്റുകളിലും, സി.ഡികളിലും ഗാനങ്ങൾ ആലപിക്കാൻ തുടങ്ങുന്നത്. അന്നു തുടങ്ങിയ ഈ സംഗീത യാത്ര ഇന്നും തുടരുന്നു. ഇത് വരെ അദ്ദേഹം 1200ൽ അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇന്ന് ദേവാലയങ്ങളിലും ആരാധനക്രമങ്ങളിലും, പ്രാർത്ഥനാവേളകളിലും ഗാഗുൽജോസഫ് ആലപിച്ച ഭക്തി സാന്ദ്രമായ ഗാനങ്ങൾ ദൈവജനത്തെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നവയാണ്. കത്തോലിക്കാ യുവജന പ്രസ്ഥാനമായ (KCYM) ൽ സജീവ പ്രവർത്തകനായിരുന്ന ഗാഗുലിന്റെ സംഗീത യാത്രയിലെ ഓരോ ചുവട് വയ്പ്പിനും കൂട്ട് നൽകിയതും, പ്രോത്സാഹിപ്പിച്ചതും  യുവജന പ്രസ്ഥാനവും, ഉറ്റ സുഹൃത്തുക്കളുമാണ്. തനിയെ വളർന്ന വൃക്ഷം വനത്തിന്റെ  ഭാഗമാകുന്നത് പോലെ സംഗീതമെന്ന മഹാ ലോകത്തിൽ ഗാഗുലിന്റെ സ്വരമാധുരിയും ഇന്ന് അനേകം ഹൃദയങ്ങളെ സാന്ദ്രമാക്കുന്നു. അദ്ദേഹം ആലപിച്ച ഗാനങ്ങളാണ് ഇന്നത്തെ ഗാനമാലികയിൽ നാം കേൾക്കുന്നത്.

ജീവൻ നൽകി സ്നേഹത്തെ വിശുദ്ധികരിച്ച ദൈവത്തിന്റെ സ്നേഹത്തെ ഓർമ്മപ്പെടുത്തുന്ന മനോഹരമായ ഗാനമാണ് സ്നേഹം മാത്രം നെഞ്ചിൽ കരുതിയനാഥൻ എന്ന ഗാനം . ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞ യേശു നാഥന്റെ  തിരുശരീര, രക്തങ്ങളെ സ്വീകരിക്കാൻ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ധ്യാനമാണ് ഈ ഗാനം.

സ്നേഹം മാത്രം നെഞ്ചിൽ കരുതിയനാഥൻ

രചന : ലിജോഷ് വേഴാപ്പിള്ളി

സംഗീതം : ജോസഫ് സഖറിയാ 

ആലാപനം : ഗാഗുൽ ജോസഫ്

ആത്മാവിൽ കുടികൊള്ളാൻ ദൈവത്തെ ക്ഷണിക്കുന്ന മനുഷ്യന്റെ ആഗ്രഹത്തെ വെളിപ്പെടുത്തുന്ന ഗാനമാണ് ആത്മാവിൽ ഒരു പള്ളിയുണ്ട് എന്ന് തുടങ്ങുന്ന ഗാനം. തിരുവോസ്തി രൂപനായ ദൈവത്തെ ഉൾക്കൊള്ളുവാനും അവിടുത്തെ തിരുനിണത്തെ പാനം ചെയ്യാനും ഹൃദയത്തിൽ ആഗ്രഹമുണ്ടെന്ന ഹൃദയദാഹത്തെ വെളിപ്പെടുത്തുന്ന ഗാനം.

ആത്മാവിൽ ഒരു പള്ളിയുണ്ട് ...

രചന : പ്രൊഫ. പ്രിമൂസ് പെരിഞ്ചേരി

സംഗീതം : ഫാ. ജോളി ചക്കാലക്കൽ

ആലാപനം : ഗാഗുൽ ജോസഫ്

ആൽബം: സ്നേഹസൂനം

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്റെ ഗാനമാലിക എന്ന പരിപാടിയിൽ ഗാഗുൽ ജോസഫ് ആലപിച്ച രണ്ട് ഭക്തിഗാനങ്ങൾ.

 

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2021, 13:21