തിരയുക

അഫ്ഗാനിസ്ഥാനിൽ നടന്ന ഒരു ബോംബ് സ്‌ഫോടനത്തിൽ തകർന്ന ജനാലയ്ക്കലൂടെ നോക്കുന്നവർ - ഫയൽ ചിത്രം അഫ്ഗാനിസ്ഥാനിൽ നടന്ന ഒരു ബോംബ് സ്‌ഫോടനത്തിൽ തകർന്ന ജനാലയ്ക്കലൂടെ നോക്കുന്നവർ - ഫയൽ ചിത്രം  (ANSA)

അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനം: 8 കുട്ടികൾ കൊല്ലപ്പെട്ടു

ജനുവരി 10-ന് ഉണ്ടായ ബോംബപകടത്തിൽ അഫ്ഗാനിസ്ഥാനിലെ ലാൽപൂരിൽ 8 കുട്ടികൾ കൊല്ലപ്പെടുകയും നാലു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ലാൽപൂർ ജില്ലയിൽ ഒരു സ്‌കൂളിന് സമീപം മുൻ സംഘർഷങ്ങളിൽ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ബോംബ് പൊട്ടിയുണ്ടായ അപകടത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടതായും, ക്‌ളാസ്സുകളിൽ സംബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റതായും, അഫ്ഗാനിസ്ഥാനിലേക്കുള്ള യുനിസെഫ് ഇടക്കാല പ്രതിനിധി ആലീസ് അകുംഗ അറിയിച്ചു. ഈ ദാരുണ അപകടത്തിൽ ഇരകളായവരുടെ കുടുംബങ്ങളോട് യൂണിസെഫ് അഗാധമായ ദുഃഖം അറിയിക്കുന്നു എന്ന് യൂണിസെഫ് പുറത്തിറക്കിയ പ്രസ്താവനയിൽ അവർ രേഖപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിൽനിന്ന്, പ്രത്യേകിച്ച് പൊതു ഇടങ്ങളിൽനിന്ന്, മുൻ സംഘർഷങ്ങളും യുദ്ധങ്ങളും അവശേഷിപ്പിച്ച സ്‌ഫോടക വസ്തുക്കളും യുദ്ധത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിൽ അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാനെ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഈ സ്ഫോടനം ഓർമ്മിപ്പിക്കുന്നത്. അതുപോലെ തന്നെ, ഇതുപോലെയുള്ള അപകടസാധ്യതകളെക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും ഇത് സൂചിപ്പിക്കുന്നു എന്ന് യൂണിസെഫ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.

2020-ൽ മാത്രം ലോകത്തെമ്പാടുമായി ഏതാണ്ട് നാലായിരത്തോളം അടുത്ത് കുട്ടികളാണ് ഇതുപോലെയുള്ള സംഭവങ്ങളിൽ ഇരകളായത്. സ്ഫോടകവസ്തുക്കളുടെ ഉപയോഗം, പ്രത്യേകിച്ച് ജനവാസമുള്ള പ്രദേശങ്ങളിൽ, കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നിരന്തരമായ ഭീഷണിയാണ് ഉയർത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ എല്ലാ തൽപ്പരകക്ഷികളോടും ഇതുപോലെയുള്ള ആയുധങ്ങൾ എല്ലായിടങ്ങളിൽനിന്നും ഒഴിവാക്കാനും കുട്ടികളെ സംരക്ഷിക്കാനും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് യുണിസെഫ് അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 January 2022, 16:32