തിരയുക

മ്യാന്മറിൽ നിന്ന് പലായനം ചെയ്‌ത കുട്ടികൾ ഇന്ത്യാ-മ്യാന്മാർ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ - ഫയൽ ചിത്രം മ്യാന്മറിൽ നിന്ന് പലായനം ചെയ്‌ത കുട്ടികൾ ഇന്ത്യാ-മ്യാന്മാർ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ - ഫയൽ ചിത്രം 

മ്യാൻമർ: കഴിഞ്ഞയാഴ്ചയിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടു

മ്യാന്മറിൽ കഴിഞ്ഞയാഴ്ച മാത്രം നടന്ന അക്രമങ്ങളിൽ കുറഞ്ഞത് നാലു കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യൂണിസെഫ് റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നിരവധി ജീവനുകളെടുത്ത ഈ രൂക്ഷമായ അതിക്രമങ്ങളെ യൂണിസെഫ് അപലപിക്കുന്നുവെന്ന് കിഴക്കൻ ഏഷ്യ, പസഫിക് പ്രദേശങ്ങളിലേക്കുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ ദേബൊറ കൊമീനി യൂണിസെഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ജനുവരി ഏഴിന് തനിന്തരി മേഖലയിലെ ദവെ ടൗൺഷിപ്പിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിയും, 17 വയസ്സുള്ള രണ്ട് ആൺകുട്ടികളും വെടിയേറ്റ് മരിച്ചു. ജനുവരി എട്ടിന് ചിൻ സംസ്ഥാനത്തെ മാറ്റുപിയിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

മരണമടഞ്ഞ ഈ നാലു പേർക്ക് പുറമെ, ജനുവരി എട്ടിന് മ്യാൻമറിലെ കയാ സംസ്ഥാനത്ത് ലോയ്‌കാവിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിക്കും 16 വയസ്സുള്ള ഒരു ആൺകുട്ടിക്കും കനത്ത വ്യോമ, മോർട്ടാർ ആക്രമണങ്ങളിൽ പരിക്കേറ്റു. അതെ ദിവസം തന്നെ കായിൻ സംസ്ഥാനത്തെ ഹ്പാ ആൻ എന്നയിടത്ത്  7 വയസ്സുള്ള ഒരു പെൺകുട്ടിക്ക് കനത്ത വെടിവയ്പ്പിൽ പരിക്കേറ്റു. ജനുവരി അഞ്ചിന്, ഷാൻ സംസ്ഥാനത്തെ നാംഖാമിൽ പീരങ്കി ഷെല്ലുകളാൽ 1 ഉം 4 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റിരുന്നു. അങ്ങനെ കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം അഞ്ചു കുട്ടികൾക്കാണ് കനത്ത ആക്രമണത്തിൽ പരിക്കേറ്റത്.

മ്യാൻമറിലെ സംഘർഷങ്ങൾ രൂക്ഷമായതിൽ യുണിസെഫ് അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും സിവിലിയൻ പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും കഠിനമായ അക്രമങ്ങളും തുടരുന്നതിനെ അപലപിക്കുകയും ചെയ്തു. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പോരാട്ടങ്ങൾ രൂക്ഷമാകുന്നതിനിടെ കുട്ടികളും ആക്രമണങ്ങൾക്കിടയാകുന്നതിൽ അവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും, സാധാരണ ആളുകളെയും കുട്ടികളെയും തങ്ങളുടെ ആക്രമണലക്ഷ്യമായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട യൂണിസെഫ്, അന്താരാഷ്‌ട്ര മാനുഷിക നിയമവും, മ്യാൻമർ ഒപ്പുവച്ചിരിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനും ഇത് ആവശ്യപ്പെടുന്നുണ്ട് എന്നും തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

മറ്റ് സമീപകാല സംഭവങ്ങളിലെന്നപോലെ, ഈ സംഭവങ്ങളിലും സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു, അതുവഴി അക്രമങ്ങൾക്ക് ഉത്തരവാദികളായവർ തങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ അപകടങ്ങളിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് യൂണിസെഫ് തങ്ങളുടെ പ്രസ്താവനയിലൂടെ അനുശോചനവും രേഖപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2022, 16:23